ആശങ്ക അകന്നു; അപകടനില തരണം ചെയ്ത് എറിക്സണ്‍
പരാജയത്തില്‍ ഡാനിഷുകാര്‍ വിഷമിച്ചുകാണില്ല. കാരണം എറിക്സണ് തിരിച്ചുകിട്ടിയ മിടിപ്പിനോളം വലുതല്ലായിരുന്നു അവര്‍ക്കാ മത്സരഫലം.
യൂറോകപ്പിൽ ഫിൻലന്‍റിനെതിരായ മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്ത്യൻ എറിക്സണിന്റെ ആരോഗ്യനില തൃപ്തികരം. എറിക്സൺ അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മത്സരത്തിന്റെ നാൽപ്പത്തിമൂന്നാം മിനിറ്റിൽ ലഭിച്ച ത്രോ ബോൾ കളിക്കുന്നതിനിടെയായിരുന്നു സംഭവം.
സ്വന്തം മൈതാനത്ത് നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്‍മുന്നിലാണ് ക്രിസ്റ്റ്യണ്‍ എറിക്സണ്‍ പച്ചപ്പുല്ലിനെ മാറോട് ചേര്‍ത്ത് അനക്കമറ്റുകിടന്നത്. പാഞ്ഞടുക്കുന്ന സഹതാരങ്ങളും മെഡിക്കല്‍ ടീമംഗങ്ങളും. എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്നാര്‍ക്കും മനസ്സിലായില്ല. അസ്വാഭാവികതകളുടെ നിമിഷങ്ങളില്‍ പലരും കാമറൂണുകാരന്‍ മാര്‍ക്ക് വിവിയന്‍ ഫോയെ ഓര്‍ത്തുപോയിരിക്കണം. ഒന്നും സംഭവിക്കരുതേയെന്ന പ്രാര്‍ത്ഥനകള്‍. ചുറ്റും വട്ടമിട്ടുനിന്ന കൂട്ടുകാരില്‍ പലരും വിങ്ങിപ്പൊട്ടിയതോടെ ഗാലറിയിലും കൂട്ടക്കരച്ചില്‍. തേങ്ങിക്കരഞ്ഞ ഭാര്യയെ ചേര്‍ത്തുപിടിച്ചാശ്വാസിപ്പിച്ച സഹകളിക്കാര്‍. യൂറോയുടെ ചരിത്രത്തിലാദ്യമായി താരത്തിനേറ്റ പരിക്ക് കാരണം മത്സരം നിര്‍ത്തിവെച്ചതായുള്ള അനൌണ്‍സ്മെന്‍റ്.
ഒടുവില്‍ ആശങ്കകള്‍ വകഞ്ഞുമാറ്റി ആശുപത്രിയില്‍ നിന്നും ആശ്വാസ വാര്‍ത്ത. എറിക്സണന്‍റെ ആരോഗ്യ നില തൃപ്തികരം. ഗാലറിയില്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പുകള്‍. രണ്ട് ടീമുകളോടും ആലോചിച്ച് മത്സരം പുനരാരംഭിക്കാന്‍ തീരുമാനം. കണ്ണീര് തുടച്ച് ഡാനിഷ് പട വീണ്ടും ഗ്രൌണ്ടിലേക്ക്. ഞെട്ടലും ഭീതിയും അപ്പോഴും മാറിയിട്ടില്ലാത്ത ഡാനിഷുകാരെ തോല്‍പ്പിക്കാന്‍ എളുപ്പമായിരുന്നിരിക്കണം. 59ആം മിനുട്ടില്‍ നേടിയ ഗോളിലൂടെ ജയമുറപ്പിക്കുന്ന ഫിന്‍ലന്‍റുകാര്‍. ആ പരാജയത്തില്‍ പക്ഷെ ഡാനിഷുകാര്‍ വിഷമിച്ചുകാണില്ല. കാരണം എറിക്സണ് തിരിച്ചുകിട്ടിയ മിടിപ്പിനോളം വലുതല്ലായിരുന്നു അവര്‍ക്കാ മത്സരഫലം.