സിറ്റി പിന്മാറി; ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക്

Update: 2021-08-27 14:14 GMT
Editor : André | By : André
Advertising

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്ഫർ നടക്കില്ലെന്നുറപ്പായി. പോർച്ചുഗീസ് താരവുമായുള്ള ചർച്ചകളിൽ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയതായി പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി. അതേസമയം, സിറ്റിയുടെ ചിരവൈരികളും തന്റെ മുൻ ക്ലബ്ബുമായ മാഞ്ചസ്റ്റർ യുനൈറ്റഡിലേക്കായിരിക്കും ക്രിസ്റ്റ്യാനോ എത്തുകയെന്നും, വരും മണിക്കൂറുകളിൽ യുനൈറ്റഡ് കരാർ 37-കാരന്റെ ഏജന്റിന് അയച്ചുകൊടുക്കുമെന്നും റൊമാനോ വ്യക്തമാക്കി.

ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ നിന്ന് ട്രാൻസ്ഫർ ചോദിച്ചുവാങ്ങിയ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയത്. താരത്തിനു വേണ്ടിയുള്ള ശ്രമം അവസാനിപ്പിക്കുന്നതായി ക്ലബ്ബ് വ്യക്തമാക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ മുന്നോട്ടുവെച്ച വ്യക്തിപരമായ ആവശ്യങ്ങളും യുവന്റസിൽ നിന്നുള്ള ട്രാൻസ്ഫർ തുകയും സംബന്ധിച്ച് ധാരണയിലെത്താൻ കഴിയാത്തതിനെ തുടർന്നായിരുന്നു അറബ് ഉടമസ്ഥതയിലുള്ള ക്ലബ്ബിന്റെ പിന്മാറ്റം.

ഇന്ന് ഉച്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരെ കണ്ട മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള പോർച്ചുഗീസ് താരം അടുത്ത സീസണിൽ ഇത്തിഹാദ് സ്റ്റേഡിയത്തിലാവില്ല കളിക്കുക എന്നു സൂചിപ്പിച്ചിരുന്നു. എവിടെ കളിക്കണമെന്ന് ക്രിസ്റ്റ്യാനോയ്ക്ക് തീരുമാനിക്കാമെന്നും തന്റെ ക്ലബ്ബിലേക്കുള്ള ഒരു ട്രാൻസ്ഫറിന്റെ സാധ്യത അതിവിദൂരമാണെന്നും കോച്ച് പറഞ്ഞു. വാർത്താസമ്മേളനം അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രാൻസ്ഫർ നടക്കില്ലെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടത്. 

താരത്തിന്റെ ഏജന്റ് ജോർജ് മെൻഡസ് കഴിഞ്ഞ ദിവസം മുതൽ യുനൈറ്റഡുമായുള്ള ചർച്ചയിലായിരുന്നുവെന്ന് റൊമാനോ പറയുന്നു. ക്രിസ്റ്റ്യാനോ ആറു വർഷത്തോളം കളിച്ച ചെലവഴിച്ച ക്ലബ്ബ് അനുകൂലമായി പ്രതികരിച്ചതോടെയാണ് കാര്യങ്ങളിൽ വഴിത്തിരിവുണ്ടായത്. 2023 വരെയുള്ള കരാർ ആയിരിക്കും ഓൾഡ് ട്രാഫോഡ് ക്ലബ്ബ് താരത്തിന് നൽകുകയെന്നാണ് സൂചന.

നേരത്തെ,  മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറുമെന്ന വാർത്തകളോട് പ്രതികരിക്കവെ, യുനൈറ്റഡ് കോച്ച് ‍ഒലെ ഗുണാർ സോൾഷേർ ക്രിസ്റ്റ്യാനോയെ പരോക്ഷമായി വിമർശിച്ചിരുന്നു. യുവന്റസ് വിടുകയാണെങ്കിൽ റൊണാൾഡോയ്ക്കു മുന്നിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് വാതിൽ തുറന്നുവെച്ചിട്ടുണ്ടെന്ന കാര്യം താരത്തിന് അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. യുനൈറ്റഡിൽ ക്രിസ്റ്റ്യാനോയുടെ സഹതാരം കൂടിയായിരുന്നു സോൾഷേർ.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News