'മലയാളികളുടെ സ്വന്തം ഫുട്‌ബോൾ ക്ലബ്ബ്'; ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള എഫ്.സിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

18 കളികളിൽ 13 ജയത്തോടെ 43 പോയിൻറുമായാണ് ഗോകുലം കിരീട നേട്ടത്തിലെത്തിയത്

Update: 2022-05-15 13:05 GMT
Advertising

തുടർച്ചയായ രണ്ടാം തവണയും ഐ ലീഗ് കിരീടം കേരളത്തിലേക്കെത്തിച്ച ഗോകുലം കേരള എഫ്.സിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലബ് രൂപീകരിച്ച് വെറും അഞ്ചുവർഷത്തിനകമാണ് അഭിമാനാർഹമായ ഈ നേട്ടം ഗോകുലം എഫ്‌സി നേടിയെടുത്തിട്ടുള്ളതെന്നും മലയാളികളുടെ സ്വന്തം ഫുട്‌ബോൾ ക്ലബ്ബാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറഞ്ഞു. ടീമിലെ മുഴുവൻ കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും കേരള ഫുട്‌ബോളിനെ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ ഗോകുലം കേരള എഫ്.സി.ക്ക് കഴിയട്ടെയെന്ന് എന്നാശംസിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.


Full View

ഇന്നലെ നടന്ന മത്സരത്തിൽ മുഹമ്മദൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയതോടെയാണ് ഗോകുലം ഐ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. ഐ ലീഗ് ഫുട്‌ബോൾ ചരിത്രത്തിൽ തുടർച്ചയായി രണ്ടു തവണ കിരീടം നിലനിർത്തുന്ന ആദ്യ ക്ലബ്ബെന്ന റെക്കോർഡാണ് ഇതോടെ ഗോകുലം എഫ്.സി സ്വന്തം പേരിൽ കുറിച്ചത്. മുഹമ്മദൻസിനെതിരായി നടന്ന മത്സരത്തിൽ സമനില മാത്രം മതിയായിരുന്നു ഗോകുലത്തിന് കിരീടം നേടാൻ. അതുകൊണ്ട് തന്നെ തോൽവി വഴങ്ങാതിരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കേരളം കളത്തിലിറങ്ങിയത്. കളിയുടെ 49 ആം മിനുട്ടിൽ മിഡ്ഫീൽഡർ റിഷാദാണ് ഗോകുലത്തിനായി ആദ്യം സ്‌കോർ ചെയ്തത്. പന്തുമായി കുതിച്ച റിഷാദ് ഒരു ഉഗ്രൻ ഗ്രൗണ്ടറിലൂടെ മുഹമ്മദൻസിന്റെ വലയിൽ പന്തെത്തിക്കുകയായിരുന്നു. ലീഡ്(1 - 0). എന്നാൽ ആ ലീഡിന് അധികം ആയുസുണ്ടായില്ല. 57ആം മിനുട്ടിൽ അസറുദ്ദീൻ മാലിക്കിലൂടെ മുഹമ്മദൻസ് സമനില പിടിച്ചു. ഫ്രീകിക്കിലൂടെയാണ് മുഹമ്മദൻസിൻറെ ഗോൾ.


സമനില ഗോൾ വീണതോടെ കേരളം വീണ്ടും ഉണർന്നു കളിച്ചു. അതിന്റെ ഫലമെന്നോണം 61 ആം മിനുട്ടിൽ കേരളം വീണ്ടും സ്‌കോർ ചെയ്തു. എമിൽ ബെന്നിയാണ് ഗോകുലത്തിനായി വിജയ ഗോൾ കണ്ടെത്തിയത്. ലൂകയുടെ പാസിൽ നിന്ന് എമിൽ ബെന്നിയിലേക്കെത്തിയ പന്തിൽ എമിലിൻറെ മികച്ച സ്‌ട്രൈക്ക്, പന്ത് വലയ്ക്കുള്ളിലെത്തി. രണ്ടാം ഗോൾ വീണതോടെ മുഹമ്മദൻസിന്റെ പോരാട്ട വീര്യം ചോർന്നു. സ്വന്തമാക്കിയ ലീഡ് മികച്ച രീതിയിൽ ഡിഫൻഡ് ചെയ്തതോടെ ഗോകുലം കിരീടം ഉറപ്പിച്ചു.18 കളികളിൽ 13 ജയത്തോടെ 43 പോയിൻറുമായാണ് ഗോകുലം കിരീട നേട്ടത്തിലെത്തിയത്. 37 പോയിൻറുണ്ടായിരുന്ന മുഹമ്മദൻസിന് ഇന്ന് കേരളത്തെ കീഴടക്കിയാൽ മാത്രമേ കിരീടം സ്വന്തമാക്കാൻ കഴിയുമായിരുന്നുള്ളൂ. സീസണിൽ ഒരു തോൽവിയറിയാതെ കുതിച്ച ഗോകുലത്തിന് കഴിഞ്ഞ മത്സരത്തിൽ മാത്രമാണ് കാലിടറിയത്. ശ്രീനിഥി ഡെക്കാനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബുധനാഴ്ച ടീം തോറ്റത്. 21 മത്സരങ്ങളിൽ ഗോകുലം തുടർച്ചയായി തോൽവിയറിഞ്ഞിട്ടില്ല. ഇതും ഐ ലീഗ് ഫുട്‌ബോൾ ചരിത്രത്തിൽ റെക്കോഡാണ്‌സീസണിൻറെ തുടക്കത്തിൽ മുഹമ്മദൻസാണ് മുന്നിൽനിന്നിരുന്നതെങ്കിലും പതിയെ ഫോമിലേക്കുയർന്ന ഗോകുലം 11ാം റൗണ്ടിൽ ലീഡ് പിടിക്കുകയായിരുന്നു. അവസാന എട്ടു കളികളിൽ ഏഴും ജയിച്ച ഗോകുലം ചർച്ചിൽ ബ്രദേഴ്‌സിനോടു മാത്രമാണ് സമനില വഴങ്ങിയത്. തൊട്ടടുത്ത കളിയിൽ നെരോക എഫ്.സിയെ 4-0ത്തിന് തകർത്ത് ടീം ഫോമിലേക്ക് തിരിച്ചെത്തി. അവിടുന്നങ്ങോട്ട് എതിരാളികളെ കാഴ്ചക്കാരാക്കിക്കൊണ്ടായിരുന്നു ഗോകുലം കേരളയുടെ പ്രകടനം.

CM Pinarayi Vijayan congratulates Gokulam Kerala FC on winning I-League

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News