എറിക്‌സണ് പുതയ്ക്കാൻ ഫിൻലാൻഡ് പതാക, കരുതലിന്റെ മനുഷ്യമതിലൊരുക്കി സഹതാരങ്ങൾ; കൈയടിച്ച് ലോകം
പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരത്തെ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന വേളയിലും കളിക്കാർ ചുറ്റും വലയം തീർത്തു
ഫിൻലാൻഡിനെതിരെയുള്ള ആദ്യ പകുതി അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെയാണ് ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ മൈതാനത്തിന്റെ വലത്തേയറ്റത് സൈഡ് ലൈനിന് അടുത്ത് കുഴഞ്ഞുവീഴുന്നത്. സഹതാരം നൽകിയ ത്രോ വേണ്ട രീതിയിൽ കണക്ട് ചെയ്യാനാകാതെയാണ് താരം മൈതാനത്ത് കമിഴ്ന്നടിച്ച് വീണത്. ഉടൻ തന്നെ സഹതാരങ്ങൾ അടുത്തെത്തി. സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട റഫറി ആന്റണി ടെയ്‌ലർ കളി നിർത്തിവച്ച് വൈദ്യസഹായം ആവശ്യപ്പെട്ടു.
ആദ്യം ഓടിയെത്തിയത് ഫിൻലാൻഡ് മെഡിക്കൽ സംഘമാണ്. അബോധാവസ്ഥയിൽ വീണ് നാവു വിഴുങ്ങിപ്പോകുമായിരുന്ന എറിക്‌സണെ അതിന് അനുവദിക്കാതെ ഡെന്മാർക്ക് നായകൻ സൈമൺ കെയർ പിടിച്ചുനിർത്തി. സൈമണിന്റെയും ടെയ്‌ലറുടെയും സമയോചിതമായ ഇടപെടൽ എറിക്‌സണെ രക്ഷിക്കുന്നതിൽ അതിനിർണായകമായി. പത്തു മിനിറ്റിലേറെ നീണ്ട പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം താരത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരാധകരുടെ ഉള്ളുരുകിയുള്ള പ്രാർത്ഥനയ്ക്ക് ഒടുവിൽ താരത്തിന് ഏറെ വൈകാതെ ബോധം തിരിച്ചുകിട്ടുകയും ചെയ്തു. ആഹ്ലാദത്തോടെയാണ് ഫുട്‌ബോൾ ലോകം ആ വാർത്തയെ വരവേറ്റത്.
മൈതാനത്ത് വീണ വേളയിൽ എറിക്‌സണെ ക്യാമറകൾ പോലും അതു ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ പിന്നീട് ക്യാമറകൾ ആ ഭാഗത്തേക്ക് സൂം ചെയ്തു. ഇതോടെ ഡെന്മാർക്ക് താരങ്ങൾ താരത്തിന്റെ ചുറ്റും നിന്ന് മനുഷ്യമതിൽ തീർത്തു. ദൃശ്യങ്ങൾ സംപ്രേഷണം ചെയ്ത മാധ്യമങ്ങളുടെ തീരുമാനത്തിനെതിരെ വലിയ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. എറിക്‌സന്റെ ഭാര്യ കരയുന്നത് സൂം ചെയ്ത ചാനലുകളുടെ നടപടിയും വിവാദത്തിന് വഴി വച്ചിട്ടുണ്ട്. ഇതോടൊപ്പം എറിക്‌സന്റെ സ്വകാര്യത സംരക്ഷിക്കാൻ സഹതാരങ്ങൾ നടത്തിയ ശ്രമങ്ങൾക്ക് ലോകം കൈയടിക്കുകയും ചെയ്യുന്നു.
പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരത്തെ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന വേളയിലും കളിക്കാർ ചുറ്റും വലയം തീർത്തു. ക്യാമറകൾക്ക് ചിത്രങ്ങൾ ലഭിക്കാതിരിക്കാനായി വെളുത്ത തുണി കൊണ്ട് ചുറ്റും മറച്ചിരുന്നു. പരിക്കുപറ്റിയ ഉടൻ ഫിൻലാൻഡ് ആരാധകർ തങ്ങളുടെ കൈയിലുണ്ടായിരുന്ന പതാകയാണ് എറിക്‌സണെ മറയ്ക്കാനായി നൽകിയത്. സ്‌റ്റേഡിയത്തിൽ ഫിൻലാൻഡ് ആരാധകർ ക്രിസ്ത്യൻ എന്നു വിളിച്ചപ്പോൾ ഡെന്മാർക്കുകാർ എറിക്‌സൺ എന്നു വിളിച്ചതും മനോഹരമായ കാഴ്ചയായി.