റഫറിയുടെ ദേഹത്ത് തട്ടി ബ്രസീലിന്‍റെ വിവാദ ഗോള്‍: റഫറിയെ സസ്പൻഡ് ചെയ്യണമെന്ന് കൊളംബിയ
അര്‍ജന്‍റീനക്കാരനായ റഫറി നെസ്റ്റര്‍ പിറ്റാനയുടെ മേല്‍ തട്ടിയ ബോള്‍ ബ്രസീല്‍ പിന്നീട് ഗോളാക്കുകയായിരുന്നു
ബ്രസീല്‍-കൊളംബിയ മത്സരത്തിനിടെ ബ്രസീല്‍ നേടിയ വിവാദ ഗോളില്‍ റഫറിയെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി കൊളംബിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍. ഇത് സംബന്ധിച്ച് ഫെഡറേഷന്‍ കോൺമെബോളിന് കത്തയച്ചു. ഈ ഗോൾ മത്സരഫലത്തെ സ്വാധീനിച്ചു എന്നാണ് കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കുന്നത്.
അര്‍ജന്‍റീനക്കാരനായ റഫറി നെസ്റ്റര്‍ പിറ്റാനയുടെ മേല്‍ തട്ടിയ ബോള്‍ ബ്രസീല്‍ പിന്നീട് ഗോളാക്കുകയായിരുന്നു. ഗോളായതോടെ കൊളംബിയന്‍ കളിക്കാര്‍ ഗ്രൗണ്ടില്‍ പത്ത് മിനുറ്റോളം പ്രതിഷേധിച്ചിരുന്നു. കളത്തിനു പുറത്ത് പ്രതിഷേധം തുടർന്ന കൊളംബിയൻ സ്റ്റാഫ് അംഗത്തെ റഫറി ചുവപ്പുകാർഡ് കാണിച്ച് പുറത്താക്കുകയും ചെയ്തു. 78ആം മിനുറ്റിലാണ് റഫറിയുടെ കാലില്‍ തട്ടി വിവാദമായ ഗോള്‍ ബ്രസീല്‍ നേടിയത്. പകരക്കാരനായി ഇറങ്ങിയ റെനാൻ ലോദിയുടെ ക്രോസ് ഹെഡറിലൂടെ റോബർട്ടോ ഫിർമിനോയാണ് ബ്രസീലിന്‍റെ ആദ്യ ഗോൾ നേടിയത്. മത്സരത്തില്‍ മുന്നേറിയിരിക്കെ ബ്രസീല്‍ നേടിയ ഗോള്‍ മത്സരഫലത്തെ വലിയ രീതിയില്‍ സ്വാധീനിച്ചതായി കൊളംബിയ ആരോപിക്കുന്നു. ഗോള്‍ അനുവദിച്ച റഫറിയെയും മറ്റു ഒഫിഷ്യലുകളെയും സസ്പെന്‍ഡ് ചെയ്യണമെന്നും പരാതിയില്‍ പറഞ്ഞു.
അതെ സമയം ബ്രസീലുമായി പരാജയപ്പെട്ടെങ്കിലും കൊളംബിയ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.