ക്രിസ്റ്റ്യാനോക്ക് വീണ്ടും തിരിച്ചടി; രണ്ടാമത്തെ ജർമൻ ക്ലബ്ബും താരത്തെ നിരസിച്ചു
പ്രായവും ഉയർന്ന വേതനവുമാണ് ട്രാൻസ്ഫറിന് തടസ്സമായതെന്നാണ് സൂചന.
ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വപ്‌നം അവസാനിക്കുന്നു. മാഞ്ചസ്റ്റർ വിടാനാഗ്രഹിക്കുന്ന താരത്തെ നിരസിച്ചവരുടെ കൂട്ടത്തിലേക്ക് ജർമൻ ക്ലബ്ബ് ബൊറുഷ്യ ഡോട്മുണ്ട് കൂടി ചേർന്നതോടെയാണിത്. ക്രിസ്റ്റ്യാനോയുടെ ഏജന്റ് ജോർജ് മെൻഡസ് ഡോട്മുണ്ടുമായി ചർച്ചകൾ ആരംഭിച്ചെങ്കിലും 37-കാരനായ താരത്തിന്റെ പ്രായവും ഉയർന്ന ശമ്പളവും ജർമൻ ക്ലബ്ബിനെ പിന്തിരിപ്പിച്ചു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ, ഈ സീസണിൽ താരം മാഞ്ചസ്റ്ററിൽ തന്നെ കാണുമെന്നും ചാമ്പ്യൻസ് ലീഗിന് ഉണ്ടാവില്ലെന്നും ഏറെക്കുറെ ഉറപ്പായി.
ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് വിട്ട് മാഞ്ചസ്റ്ററിലെത്തിയ ക്രിസ്റ്റ്യാനോ കഴിഞ്ഞ സീസണിനു ശേഷം ക്ലബ്ബ് മാറാൻ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തു മാത്രം ഫിനിഷ് ചെയ്ത യുനൈറ്റഡിന് ഇത്തവണ ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയില്ലെന്നതായിരുന്നു ഇതിന് കാരണം. ബയേൺ മ്യൂണിക്ക്, പി.എസ്.ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, അത്‌ലറ്റികോ മാഡ്രിഡ്, എ.സി മിലാൻ, ഇന്റർ മിലാൻ തുടങ്ങിയ ക്ലബ്ബുകളുമായി താരത്തിന്റെ ഏജന്റ് ചർച്ച നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല.
ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള അവസാന ശ്രമമെന്ന നിലയ്ക്ക് ക്രിസ്റ്റ്യാനോയുടെ ഏജന്റ് ഡോട്മുണ്ടിനെ സമീപിച്ച കാര്യം ജർമൻ മാധ്യമം 'ബിൽഡ്' ആണ് റിപ്പോർട്ട് ചെയ്തത്. പോർച്ചുഗീസ് താരം ആവശ്യപ്പെടുന്ന ശമ്പളം നൽകാനാവില്ലെന്ന് ഡോട്മുണ്ട് മാനേജ്‌മെന്റ് നിലപാടെടുത്തെങ്കിലും കോച്ച് എഡിൻ ടെർസിച്ച് അനുകൂലമായി പ്രതികരിച്ചത് ട്രാൻസ്ഫർ സാധ്യത ശക്തമാക്കിയിരുന്നു. അസുഖ ബാധിതനായ സ്‌ട്രൈക്കർ സെബാസ്റ്റ്യൻ ഹാളർക്കു പകരക്കാരനായാണ് ടെർസിച്ച് ക്രിസ്റ്റ്യാനോയെ കണ്ടിരുന്നത്.
എന്നാൽ, താരത്തെ സ്വന്തമാക്കേണ്ടതില്ലെന്ന് ഡോട്മുണ്ട് തീരുമാനിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ. പ്രായവും ഉയർന്ന വേതനവുമാണ് ട്രാൻസ്ഫറിന് തടസ്സമായതെന്നാണ് സൂചന. മാഞ്ചസ്റ്ററിൽ ക്രിസ്റ്റ്യാനോയുടെ പ്രതിവർഷ ശമ്പളം 29 മില്യൺ യൂറോ (233 കോടി രൂപ) ആണ്. 12 മില്യൺ യൂറോ 12 മില്യൺ യൂറോ (96.5 കോടി രൂപ) പ്രതിഫലമുള്ള മാർക്കോ റ്യൂസ് ആണ് നിലവിൽ ഡോട്മുണ്ടിൽ ഏറ്റവുമധികം പണംപറ്റുന്ന താരം. 37-കാരനായ ക്രിസ്റ്റ്യാനോയ്ക്ക് ഭീമമായ തുക നൽകുന്നത് ക്ലബ്ബിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും കളിക്കാരിൽ അതൃപ്തിക്കു കാരണമാകുമെന്നുമുള്ള വിലയിരുത്തലിലാണ് ഡോട്മുണ്ട് മാനേജ്‌മെന്റ് ഓഫർ നിരസിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.