54 ഗോളുമായി സൂപ്പർ ക്രിസ്റ്റ്യാനോ; ഈവർഷം കൂടുതൽ ഗോൾ നേടിയ താരം
52 ഗോൾവീതം നേടിയ പി.എസ്.ജിയുടെ കിലിയൻ എംബാപെ, ബയേൺ മ്യൂണികിന്റെ ഹാരി കെയിൻ എന്നിവരാണ് 38 കാരന് പിന്നിലുള്ളത്.
റിയാദ്: കാൽപന്ത്കളിയിൽ വീണ്ടുമൊരു ക്രിസ്റ്റിയാനോ റൊണാൾഡോ വർഷം. 54 ഗോളുമായി 2023ൽ കൂടുതൽ ഗോൾനേടിയ താരമായാണ് പോർച്ചുഗീസ് സൂപ്പർതാരം മാറിയത്. 52 ഗോൾവീതം നേടിയ പി.എസ്.ജിയുടെ കിലിയൻ എംബാപെ, ബയേൺ മ്യൂണികിന്റെ ഹാരി കെയിൻ എന്നിവരാണ് 38 കാരന് പിന്നിലുള്ളത്. ഈ വർഷത്തെ അവസാന മത്സരത്തിലും അൽ നസറിനായി ഗോൾനേടിയാണ് താരം എതിരാളികളില്ലെന്ന് വീണ്ടും തെളിയിച്ചത്.
കിങ് അബ്ദുല്ല സ്‌പോർട്‌സ് സ്റ്റിയിൽ നടന്ന സൗദി പ്രോലീഗിൽ അൽ താവൂൺ എഫ്.സിക്കെതിരെ ഒന്നിനെതിരെ നാലുഗോളുകൾക്കാണ് അൽ നസർ വിജയിച്ചത്. സി.ആർ 7ന് പുറമെ ഐമറിക് ലപ്പോർട്ട, മാർസലോ ബ്രൊസോവിച്ച്, ഒട്ടാവിയോ എന്നിവരും സ്‌കോർചെയ്തു. അഷ്‌റഫ് മഹ്ദൂയിയാണ് താവൂണിനായി ആശ്വാസഗോൾ കണ്ടെത്തിയത്. ഈവർഷം കൂടുതൽ ഗോൾനേടിയ താരമായതിൽ സന്തോഷം പ്രകടിപ്പിച്ച ക്രിസ്റ്റ്യാനോ വരുംവർഷവും നേട്ടം ആവർത്തിക്കാനുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. 2024ൽ യൂറോ കപ്പ് വരാനിരിക്കെ സൂപ്പർതാരത്തിന്റെ മികച്ച ഫോം പോർച്ചുഗലിനും പ്രതീക്ഷ നൽകുന്നതാണ്.
നിലവിൽ പ്രോലീഗിൽ 19 മത്സരങ്ങളിൽ നിന്നായി അൽ നസർ 46 പോയന്റുമായി രണ്ടാമതാണ്. 53 പോയന്റുള്ള അൽഹിലാലാണ് തലപ്പത്ത്. കരിയറിലിതുവരെ 873 ഗോളാണ് അൽ നസർ ക്യാപ്റ്റൻ സ്വന്തമാക്കിയത്. ഈവർഷമാദ്യമാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സഊദി ക്ലബിലേക്ക് ചേക്കേറിയത്. താര കൈമാറ്റത്തിലെ റെക്കോർഡ് തുകക്കായിരുന്നു കൈമാറ്റം.