എവർട്ടൻ ആരാധകന്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
ആരാധകന്റെ ഫോൺ ക്രിസ്റ്റ്യാനോ എറിഞ്ഞ് പൊട്ടിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു
ലണ്ടൻ: എവർട്ടൻ ആരാധകന്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സംഭവത്തിൽ ക്ഷമ ചോദിച്ച അദ്ദേഹം ആരാധകനെ ഓൾഡ് ട്രഫോർഡിലേക്ക് കളി കാണാനും ക്ഷണിച്ചു. വിഷമകരമായ നിമിഷങ്ങളിൽ വികാരങ്ങൾ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ലെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
''നമ്മൾ എല്ലായ്‌പ്പോഴും ബഹുമാനവും ക്ഷമയും ഉള്ളവരായിരിക്കണം, മനോഹരമായ ഗെയിമിനെ ഇഷ്ടപ്പെടുന്ന എല്ലാ ചെറുപ്പക്കാർക്കും മാതൃകയാക്കണം. എന്റെ പൊട്ടിത്തെറിക്ക് ക്ഷമാപണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു,'' ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു. എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന് എതിരെ എവർട്ടൻ ജയം പിടിച്ചത്. മത്സരത്തിന് ശേഷം ഫോട്ടോ എടുക്കാനുള്ള ശ്രമത്തിന് ഇടയിലാണ് ആരാധകന്റെ ഫോൺ ക്രിസ്റ്റ്യാനോ എറിഞ്ഞ് പൊട്ടിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
എവർട്ടണിനോട് തോറ്റതോടെ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ പ്രീമിയർ ലീഗിൽ ടോപ് 4ലെത്തുക എന്ന സ്വപ്നത്തിനും തിരിച്ചടിയേറ്റു. കഴിഞ്ഞ 7 മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് യുനൈറ്റഡിന് ജയിക്കാൻ കഴിഞ്ഞത്. ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനും മാഞ്ചസ്റ്റർ യുനൈറ്റഡിന് മുൻപിൽ പ്രതിസന്ധി ഉടലെടുത്ത് കഴിഞ്ഞു.