റയലിന് പണികൊടുക്കാൻ ക്രിസ്റ്റ്യാനോ സ്‌പെയിനിലേക്ക്? സാധ്യത ശക്തമാകുന്നു

യാഥാർത്ഥ്യമാവുകയാണെങ്കിൽ സ്പാനിഷ് ഫുട്ബോളിലെ നിർണായക സംഭവമായിരിക്കും ഈ ട്രാൻസ്ഫർ...

Update: 2022-07-19 08:01 GMT
Editor : André | By : Web Desk
Advertising

മാഞ്ചസ്റ്റർ യുനൈറ്റഡിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പഴയ തട്ടകമായ സ്‌പെയിനിലേക്ക് കൂടുമാറിയേക്കുമെന്ന് വാർത്തകൾ. റയൽ മാഡ്രിഡിനു വേണ്ടി 292 മത്സരങ്ങളിൽ ബൂട്ടുകെട്ടുകയും 311 ഗോളുകൾ നേടുകയും ചെയ്ത സൂപ്പർ താരം നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം മാഡ്രിഡ് നഗരത്തിലേക്കു തന്നെ മടങ്ങാനാണ് ശ്രമിക്കുന്നതെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ റയൽ മാഡ്രിഡുമായല്ല, അവരുടെ ബദ്ധവൈരികളാണ് അത്‌ലറ്റികോ മാഡ്രിഡുമായാണ് താരത്തിന്റെ പ്രതിനിധികൾ ചർച്ച നടത്തുന്നതെന്നും അത്‌ലറ്റികോ മാനേജർ ഡീഗോ സിമിയോണി ഇക്കാര്യത്തിൽ പ്രത്യേക താൽപര്യമെടുക്കുന്നുണ്ടെന്നുണാണ് റിപ്പോർട്ടുകൾ പറയുന്നത്.

പ്രീമിയർ ലീഗ് കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മാഞ്ചസ്റ്റർ യുനൈറ്റഡിന് അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയില്ലെന്നുറപ്പായതോടെയാണ് 37-കാരനായ ക്രിസ്റ്റിയാനോ ക്ലബ്ബ് വിടാനുള്ള സന്നദ്ധത അറിയിച്ചത്. മാഞ്ചസ്റ്ററുമായുള്ള കരാറിൽ ഒരുവർഷം കൂടി ശേഷിക്കുന്നുണ്ടെങ്കിലും, മികച്ച ഓഫറുകൾ വന്നാൽ ക്ലബ്ബ് വിടുമെന്ന് താരം മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. ചെൽസി, ബയേൺ മ്യൂണിക്ക്, പി.എസ്.ജി, ബാഴ്‌സലോണ തുടങ്ങിയ മുൻനിര ക്ലബ്ബുകളുമായി താരത്തിന്റെ ഏജന്റ് ജോർജ് മെൻഡസ് ചർച്ചകൾ നടത്തിയെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചില്ല. അതിനിടെ, ഒരു സൗദി ക്ലബ്ബ് മുന്നോട്ടുവച്ച വൻതുകയുടെ ഓഫർ ക്രിസ്റ്റ്യാനോ നിരസിക്കുകയും ചെയ്തു.

ട്രാൻസ്ഫർ കാലാവധി അവസാന ഘട്ടത്തോടടുക്കവെയാണ് ക്രിസ്റ്റ്യാനോ അത്‌ലറ്റികോയുമായി ചർച്ച നടത്തുന്നുണ്ടെന്ന വാർത്ത സ്പാനിഷ് മാധ്യമം ഡയറിയോ എ.എസ് പുറത്തുവിട്ടത്. പോർച്ചുഗീസ് താരത്തിന്റെ പ്രതിനിധികളും ഡീഗോ സിമിയോണിയും തമ്മിലുള്ള പ്രാഥമികഘട്ട ചർച്ചകൾ വിജയകരമാണെന്നും ചില സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിച്ചാൽ ട്രാൻസ്ഫർ സാധ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

തന്റെ ആക്രമണശൈലിക്ക് യോജിച്ച കളിക്കാരനാണ് ക്രിസ്റ്റ്യാനോ എന്നതിലുപരി ക്ലബ്ബിന്റെ ഫാൻബേസ് വർധിപ്പിക്കുക എന്നതുകൂടിയാണ് സൂപ്പർ താരത്തെ സ്വന്തമാക്കാൻ സിമിയോണിയുടെ പ്രേരിപ്പിക്കുന്നത് എന്നാണ് കരുതുന്നത്. പ്രൊഫഷണൽ കരിയറിന്റെ അവസാന ഘട്ടത്തിലാണെങ്കിലും യുവാക്കളിലും ചെറുപ്പക്കാരിലും ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോളർ ക്രിസ്റ്റ്യാനോ ആണെന്നാണ് കണക്കുകൾ. പ്രമുഖ സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ താരത്തിന് 467 മില്യൺ ഫോളോവേഴ്സാണുള്ളത്.  ഫുട്ബോളർമാരിൽ രണ്ടാം സ്ഥാനത്തുള്ള ലയണൽ മെസിക്ക് 348 മില്യൺ ഫോളോവേഴ്സേയുള്ളൂ.

അതേസമയം, രണ്ട് സ്‌ട്രൈക്കർമാരെ വിറ്റാൽ മാത്രമേ ക്രിസ്റ്റ്യാനോയെ ഉൾക്കൊള്ളാൻ അത്‌ലറ്റികോ മാഡ്രിഡിന് കഴിയുകയുള്ളൂ എന്നും, നിലവിൽ ഈ സാധ്യതയെ 'പ്രശ്‌നഭരിതവും അയാഥാർത്ഥവും' ആയാണ് ക്ലബ്ബ് വൃത്തങ്ങൾ കരുതുന്നതെന്നും സ്‌പോർട്‌സ് ജേണലിസ്റ്റ് ബെൻ ജേക്കബ്‌സ് ട്വീറ്റ് ചെയ്തു.

അത്ലറ്റികോ മാഡ്രിഡിലേക്കുള്ള ക്രിസ്റ്റ്യാനോയുടെ ട്രാൻസ്ഫർ യാഥാർത്ഥ്യമാവുകയാണെങ്കിൽ സ്പാനിഷ് ഫുട്ബോളിലെ നിർണായക സംഭവമായിരിക്കും അത്. റയൽ മാഡ്രിഡിഡിൽ ഇതിഹാസപദവിയുള്ള താരം, മാഡ്രിഡ് നഗരത്തിൽ തന്നെയുള്ള മറ്റൊരു മുൻനിര ക്ലബ്ബിനു വേണ്ടി ബൂട്ടുകെട്ടുന്നത് റയൽ ആരാധകർക്ക് ദഹിക്കാൻ സാധ്യതയില്ല. 

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News