യൂട്യൂബിൽ തരംഗമായി ക്രിസ്റ്റ്യാനോ; 13 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സും പിന്നിട്ട് കുതിപ്പ്

ഗോൾഡൻ പ്ലേബട്ടൻ പ്രദർശിപ്പിച്ച് മണിക്കൂറുകൾക്കകം ഒരുകോടി സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ടതോടെ ഡയമണ്ട് പ്ലേബട്ടനും താരത്തെ തേടിയെത്തി

Update: 2024-08-22 05:37 GMT
Editor : Sharafudheen TK | By : Sports Desk
Advertising

റിയാദ്: യുട്യൂബിൽ സ്വന്തം ചാനൽ തുടങ്ങി തരംഗമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. യു.ആർ ക്രിസ്റ്റ്യാനോ എന്ന പേരിൽ ചാനൽ തുടങ്ങി 15 മണിക്കൂറിനകം 13 മില്യൺ പേരാണ് താരത്തെ സബ്‌സ്‌ക്രൈബ് ചെയ്തത്. ഓരോ മണിക്കൂറിലും ലക്ഷക്കണക്കിന് പേരാണ് ചാനൽ സബ്സ്‌ക്രൈബ് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ലോകത്ത് ഏറ്റവും ഫോളോവേഴ്സുള്ള താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ.

'ദ വെയ്റ്റ് ഈസ് ഓവർ, ഒടുവിലിതാ എന്റെ യുട്യൂബ് ചാനൽ.  പുതിയ യാത്രയിൽ എന്നോടൊപ്പം ചേരൂ, സബ്‌സ്‌ക്രൈബ് ചെയ്യൂ' ചാനലിന് തുടക്കം കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചു. തുടർന്ന് ആദ്യ അരമണിക്കൂറിനുള്ളിൽതന്നെ ലക്ഷക്കണക്കിന് പേരാണ് സബ്‌സ്‌ക്രൈബ് ചെയ്തത്.  ഒന്നരമണിക്കൂർ കൊണ്ട് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ട റോണോയെ തേടി യുയുട്യൂബ് ഗോൾഡൻ പ്ലേ ബട്ടൻ എത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾ പിന്നിടുമ്പോഴേക്ക് ഒരു കോടി പിന്നിട്ട താരത്തെ തേടി ഡയമണ്ട് പ്ലേ ബട്ടനുമെത്തി. 10 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് എത്താൻ 132 ദിവസമെടുത്ത മിസ്റ്റർ ബീസ്റ്റിന്റെ റെക്കോർഡ് തകർത്താണ് സി.ആർ 7 കുതിച്ചത്.

 നിലവിൽ യുട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന മിസ്റ്റർ ബീസ്റ്റിനെ മറികടക്കാൻ ക്രിസ്റ്റ്യാനോ എത്രസമയമെടുക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 311 മില്യൺ സബ്‌സ്‌ക്രൈബേഴ്‌സാണ് മിസ്റ്റർ ബീസ്റ്റിനുള്ളത്. 272 മില്യണുള്ള ടി സീരിസാണ് രണ്ടാമത്. ഒറ്റദിവസംകൊണ്ട് 19 വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. സൗദി പ്രോ ലീഗിൽ അൽ നസർ താരമായ റോണോ ദേശീയ ടീം നായകനുമാണ്. സാമൂഹിക മാധ്യമത്തിൽനിന്ന് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന സ്പോർട്സ് താരവും നിലവിൽ ക്രിസ്റ്റ്യാനോ തന്നെയാണ്. ഫുട്‌ബോളിന് പുറമെ കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ബിസിനസ് സംബന്ധമായ ഉള്ളടക്കങ്ങളും ഉണ്ടായിരിക്കുമെന്ന് ക്രിസ്റ്റ്യാനോ അറിയിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News