ആയിരം ക്ലബ് മത്സരങ്ങൾ, ഗോളടിച്ച് ആഘോഷിച്ച് ക്രിസ്റ്റ്യാനോ; എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ നസ്‌റിന് ജയം
അഞ്ച് തവണ ബാലൻ ദി ഓർ നേടിയ 39 കാരൻ ഇതുവരെ 746 ഗോളുകളും സ്‌കോർ ചെയ്തു.
റിയാദ്: കരിയറിലെ ആയിരാമത്തെ ക്ലബ് മത്സരത്തിൽ ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ അൽ ഫെയ്ഹക്കെതിരെയാണ് ഗോൾ നേടിയത്. കളിയിൽ റോണോയുടെ ഏക ഗോളിൽ അൽ നസ്ർ വിജയം നേടി. 81ാം മിനിറ്റിലാണ് പോർച്ചുഗീസ് താരം ലക്ഷ്യം കണ്ടത്. മികച്ച പാസിങ് ഗെയിമിനൊടുവിലാണ് ഗോൾ വന്നത്. ബോക്‌സിന് തൊട്ടു പുറത്തുനിന്ന് ബ്രോസോവിച് നൽകിയ പന്തുമായി മുന്നേറിയ റോണോ ഗോൾ കീപ്പറുടെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. കരിയറിലെ നാഴികകല്ലായ മത്സരത്തിൽ ഗോൾ നേടിയതോടെ സിയു സ്‌റ്റൈലിൽ താരം ആഘോഷിച്ചു. ഈ വർഷം ക്രിസ്റ്റ്യാനോ നേടുന്ന ആദ്യ ഗോളാണിത്.
Cristiano Ronaldo's first goal of 2024. 🐐 pic.twitter.com/GMXcozOtRN
— Football Tweet ⚽ (@Football__Tweet) February 14, 2024
അഞ്ച് തവണ ബാലൻ ദി ഓർ നേടിയ 39 കാരൻ ഇതുവരെ 746 ഗോളുകളും സ്‌കോർ ചെയ്തു. കഴിഞ്ഞ വർഷത്തെ ടോപ് ഗോൾ സ്‌കോററും ക്രിസ്റ്റ്യാനോയായിരുന്നു. എർലിങ് ഹാളണ്ട്, ഹാരി കെയിൻ, കിലിയൻ എംബാപെ എന്നീ താരങ്ങളെ മറികടന്നാണ് കൂടുതൽ ഗോൾ നേടിയ കളിക്കാരനായത്. 2023 ജനുവരിയിലാണ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റെക്കോർഡ് തുകക്ക് സൗദി ക്ലബ് അൽ നസ്‌റിലെത്തുന്നത്.
51 മത്സരങ്ങളിൽ നിന്നായി സൗദി ക്ലബിനായി 45 ഗോളുകളും നേടി കഴിഞ്ഞു. 2018 ഫിഫ ലോക കപ്പിൽ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നേടിയിരുന്നു. ഏഴ് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിരുന്നു. പോർച്ചുഗൽ ക്ലബ് സ്‌പോർട്ടിങിലൂടെ കരിയർ തുടങ്ങിയ റോണോ യുണൈറ്റഡിന് പുറമെ റിയൽ മാഡ്രിഡ്,യുവന്റസ് എന്നീ ക്ലബുകൾക്ക് വേണ്ടിയും ബൂട്ടുകെട്ടി.