യുനൈറ്റഡ് വിവാദം ബാധിക്കുമോ? 2018 ആവര്‍ത്തിക്കുമോ? ക്രിസ്റ്റ്യാനോ മാജിക് കാത്ത് ആരാധകര്‍

2018 റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കരുത്തരായ സ്‌പെയിനിന്‍റെ ഗോള്‍വല നിറച്ച ക്രിസ്റ്റ്യാനോയുടെ ഗോള്‍ഡന്‍ ഹാട്രിക് ആണ് ആരാധകരുടെ മനസ്സില്‍

Update: 2022-11-24 14:23 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: പോർച്ചുഗലിന്റെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിക്കാന്‍ ഇഷ്ടപ്പെടാത്ത കരിയര്‍ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ദീർഘകാലം മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ സ്റ്റാര്‍ ബ്രാന്‍ഡായിരുന്ന താരം ക്ലബിനോട് തന്നെ കലഹിച്ച് ഒടുവിൽ കരാർ റദ്ദാക്കുന്നടിത്തേക്കു വരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ ക്ലബിനും കോച്ച് ടെൻ ഹാഗിനും മുൻ താരം വെയിൻ റൂണിക്കുമെതിരെ നടത്തിയ പരാമർശങ്ങളാണ് കാര്യങ്ങൾ ഇതുവരെ എത്തിച്ചത്.

എന്നാൽ, പോർച്ചുഗലിനും സ്വന്തം പേരിലും ഒരു ലോകകിരീടം കുറിക്കുക എന്ന വലിയ സ്വപ്‌നവുമായി ഇന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ആഫ്രിക്കൻ കരുത്തന്മാരായ ഘാനയ്‌ക്കെതിരെ രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ വിവാദങ്ങൾക്കും വിമർശകർക്കുമെല്ലാം താരം കാല് കൊണ്ട് മറുപടി നൽകുമോ എന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്.

കാലുകൊണ്ട് മായാജാലം കാണിക്കാനുള്ള ക്രിസ്റ്റ്യാനോയുടെ മിടുക്കിൽ ആർക്കും സംശയം കാണില്ല. നിർണായകഘട്ടത്തിൽ, അതീവ സമ്മർദങ്ങളിലൊക്കെ ഉതിച്ചുയരുന്ന പ്രതിഭയുടെ പേര് കൂടിയാണ് 'സിആർ7'. അതുകൊണ്ടുതന്നെ ആരാധകർ ഇന്ന് പലതും പ്രതീക്ഷിക്കുന്നുണ്ട്.

2018ലെ റഷ്യൻ ലോകകപ്പിലെ ആദ്യ മത്സരംപോലൊരു സമ്മോഹനമായ തുടക്കത്തിനാണ് ആരാധകർ കാത്തിരിക്കുന്നത്. കരുത്തരായ സ്‌പെയിനിനെതിരെ അന്ന് പോർച്ചുഗൽ മൂന്ന് ഗോളാണ് അടിച്ചത്. മൂന്നും ക്രിസ്റ്റിയാനോയുടെ ഹാട്രിക് ഗോളിൽ. നാലാം മിനിറ്റിൽ പെനാൽറ്റി കൊണ്ട് തുടങ്ങിയ താരം 44-ാം മിനിറ്റിൽ മറ്റൊരു മനോഹരഗോളിലൂടെ ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 88-ാം മിനിറ്റിൽ നിർണായക നിമിഷത്തിൽ വീണ്ടും രക്ഷകനായി അവതരിച്ചു. മത്സരം 3-3ന് സമനിലയിൽ പിരിയുകയും ചെയ്തു.

ഖത്തറിൽ ക്രിസ്റ്റിയാനോ എന്തെല്ലാം കാത്തുവച്ചിട്ടുണ്ടാകുമെന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എതിരാളികളുടെ ഇടനെഞ്ചിൽ പോലും അങ്ങനെയൊരു ഭയമുണ്ട്. സൗഹൃദ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ 2-0ന് തോൽപ്പിച്ചാണ് ഘാനയുടെ വരവ്. അവസാനം കളിച്ച എട്ട് മത്സരങ്ങളിൽ ഏഴിലും ജയിച്ചു. പോർച്ചുഗീസ് പടയോട്ടത്തെ തടുക്കാനും അടിക്കാനുമൊക്കെ പറ്റുന്ന സംഘം ഘാനൻ നിരയിലുമുണ്ട്. ഏതായാലും ഫുട്‌ബോൾ പ്രേമികൾക്കിത് ഉജ്വല കായിക വിരുന്നാകും. ഇന്ത്യൻ സമയം രാത്രി 9.30നാണ് പോരാട്ടം ആരംഭിക്കുക.

കഴിഞ്ഞ ദിവസമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള കരാർ റദ്ദാക്കിയ കാര്യം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തുവിട്ടത്. ക്രിസ്റ്റ്യാനോയുമായുള്ള ബന്ധം അവസാനിച്ചതായി ക്ലബ് വ്യക്തമാക്കിയതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം വിൽക്കാൻ ആഗ്രഹിക്കുന്നതായി അറിയിച്ചിരിക്കുകയാണ് ഗ്ലേസർ കുടുംബം. ബിഎൻഎൻ ബ്ലുംബെർഗാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

17 വർഷം മുൻപാണ് മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഗ്ലേസർ കുടുംബം സ്വന്തമാക്കുന്നത്. 2005ൽ 934 മില്യൺ യൂറോയ്ക്കാണ് ഗ്ലേസർ കുടുംബം മാഞ്ചസ്റ്റർ യുണൈറ്റഡിനെ സ്വന്തമാക്കുന്നത്. 2013ൽ ഫെർഗൂസൻ പടിയിറങ്ങിയതിന് ശേഷം 9 വർഷത്തോളമായി തുടരുന്ന ക്ലബിന്റെ മോശം പ്രകടനങ്ങളെ തുടർന്ന് ഗ്ലേസർ കുടുംബത്തിനെതിരെ ആരാധകർ തിരിഞ്ഞിരുന്നു. 2013ൽ ഫെർഗൂസൻ പടിയിറങ്ങിയതിന് ശേഷം യുണൈറ്റഡ് പ്രീമിയർ ലീഗ് ജയിച്ചിട്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി 346 മത്സരങ്ങളാണ് ക്രിസ്റ്റ്യാനോ കളിച്ചത്. 145 ഗോളുകളും നേടി. പിയേഴ്‌സ് മോർഗനുമായുള്ള ക്രിസ്റ്റ്യനോയുടെ അഭിമുഖമാണ് വിവാദമായത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ വഞ്ചിച്ചതായും പരിശീലകൻ എറിക് ടെൻ ഹാഗിനോട് ബഹുമാനം ഇല്ലെന്നും ക്രിസ്റ്റ്യനോ തുറന്നടിച്ചിരുന്നു.

Summary: Cristiano Ronaldo in focus as Portugal vs Ghana match yet to start today in FIFA World Cup 2022

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News