'ഞാനും മെസ്സിയും ഫുട്‌ബോൾ ചരിത്രം മാറ്റിയെഴുതിയവർ. എന്നെ ഇഷ്ടപ്പെടാൻ അവനെ വെറുക്കേണ്ട'- മനസ്സു തുറന്ന് ക്രിസ്റ്റ്യാനോ
"ഞങ്ങൾ സുഹൃത്തുക്കളാണ് എന്നൊന്നും പറയുന്നില്ല. എന്നാല്‍ പരസ്പര ബഹുമാനം സൂക്ഷിക്കുന്നു"
ലിസ്ബണ്‍: കാല്‍പന്തു കളിയുടെ ചരിത്രം മാറ്റിമറിച്ചവരാണ് താനും ലയണൽ മെസ്സിയുമെന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്നെ സ്‌നേഹിക്കണമെങ്കിൽ മെസ്സിയെ വെറുക്കേണ്ടതില്ലെന്നും തിരിച്ചും വേണ്ടെന്നും താരം പറഞ്ഞു. പോർച്ചുഗൽ ദേശീയ ടീമിനൊപ്പം പരിശീലനം നടത്തവെ വാർത്താ സമ്മേളനത്തിലാണ് 'ആധുനിക ഫുട്‌ബോളിലെ ഏറ്റവും വലിയ വൈര'ത്തെ കുറിച്ച് ക്രിസ്റ്റ്യാനോ മനസ്സു തുറന്നത്.
'യൂറോപ്പിന് പുറത്ത് ഞാനെന്റെ വഴി കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹം അദ്ദേഹത്തിന്റെ വഴിയും കണ്ടെത്തി. ഞാൻ മികച്ച കാര്യങ്ങൾ ചെയ്യുന്നതു പോലെ അദ്ദേഹവും ചെയ്യുന്നു. ഞങ്ങൾ മികച്ച രീതിയിൽ കളിച്ച് ഫുട്‌ബോളിന്റെ ചരിത്രം മാറ്റിയെഴുതി. ലോകത്തുടനീളം ഞങ്ങൾ ആദരിക്കപ്പെടുന്നു. അതാണ് പ്രധാനപ്പെട്ട കാര്യം' - ക്രിസ്റ്റ്യാനോ പറഞ്ഞു.
ബാലൻദ്യോർ പുരസ്‌കാര പട്ടിക പുറത്തുവന്ന ദിവസത്തിലാണ് പോർച്ചുഗീസ് താരത്തിന്റെ പ്രതികരണം. പട്ടികയിൽ ക്രിസ്റ്റ്യാനോ ഇടം പിടിച്ചിരുന്നില്ല. 20 വർഷത്തിനു ശേഷമാണ് പോർച്ചുഗീസ് സ്‌ട്രൈക്കറുടെ പേരില്ലാതെ ബാലൻദ്യോർ അന്തിമ പട്ടിക പുറത്തിറങ്ങിയത്. പട്ടികയിൽ മെസ്സിക്ക് പുറമേ, ഹാളണ്ട്, ബെൻസേമ, എംബാപ്പെ തുടങ്ങിയവര്‍ ഇടംപിടിച്ചു.
പരസ്പരം ആദരിക്കുന്ന പ്രൊഫഷണൽ സഹപ്രവർത്തകരാണ് തങ്ങളെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. 'ഞങ്ങളുടെ പൈതൃകം തുടരുകയാണ്. അതിനിടയിൽ വൈരമുണ്ടെന്ന് തോന്നുന്നില്ല. ഞങ്ങൾ ഒരുപാട് തവണ വേദി പങ്കിട്ടിട്ടുണ്ട്. 15 വർഷമായി. ഞങ്ങൾ സുഹൃത്തുക്കളാണ് എന്നൊന്നും ഞാൻ പറയുന്നില്ല. അദ്ദേഹവുമൊന്നിച്ച് ഒരത്താഴം പോലും കഴിച്ചിട്ടില്ല. എന്നാൽ പരസ്പരം ബഹുമാനിക്കുന്ന പ്രൊഫഷണൽ സഹപ്രവർത്തകരാണ് ഞങ്ങൾ.' - ക്രിസ്റ്റ്യാനോ കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ചും അദ്ദേഹം മനസ്സു തുറന്നു. 'ഒരു ഭ്രാന്തമായ തീരുമാനമാണ് അതെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ അറബ് ലീഗിൽ കളിക്കുകയെന്നത് ഇപ്പോൾ സാധാരണയായി മാറി. ഫുട്‌ബോളിൽ ഒരു രാജ്യത്തിന്റെ സംസ്‌കാരത്തെ മാറ്റി മറിക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരമാണ്. വലിയ താരങ്ങൾ പിന്നീട് സൗദിയിലെത്തി. ഞാനായിരുന്നു തുടക്കക്കാരൻ.' - അദ്ദേഹം പറഞ്ഞു.