ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കരിയറിൽ 62ാം ഹാട്രിക്; ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...

ലയണൽ മെസിയുടെ പേരിൽ 56 ഹാട്രിക്കാണുള്ളത്

Update: 2023-02-25 17:24 GMT
Advertising

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കരിയറിൽ 62ാം ഹാട്രിക്. സൗദി ലീഗിൽ ദമാകുമായുള്ള മത്സരത്തിൽ അന്നസ്‌റിനായി ഹാട്രിക് നേടിയതോടെയാണ് ഈ നേട്ടം താരം നേടിയത്. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഹാട്രിക് താരത്തിന്റെ പേരിലാണ്. അർജൻറീനൻ സൂപ്പർ താരം ലയണൽ മെസിയുടെ പേരിൽ 56 ഹാട്രിക്കാണുള്ളത്. 141 ഹാട്രിക്കുള്ള എർവിൻ ഹെൽംചെനാണ് പട്ടികയിൽ മുമ്പിലുള്ളത്. 1921-1924 വരെയായിരുന്നു ഈ ജർമൻ താരം കളിച്ചിരുന്നത്.

സൗദി ലീഗിൽ മൂന്നു കളികളിൽ താരം രണ്ട് ഹാട്രികാണ് നേടിയിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന ദമാകുമായുള്ള മത്സരം ആദ്യ പകുതി പിന്നിട്ടപ്പോൾ അന്നസ്ർ മൂന്നു ഗോളിന് മുന്നിട്ട് നിൽക്കുകയാണ്.

ക്രിസ്റ്റ്യാനോ 30 വയസ്സിന് മുമ്പ് 30 ഹാട്രിക് നേടിയപ്പോൾ അതിന് ശേഷം 32 ഹാട്രിക് നേടിയതായി ക്രിസ്റ്റ്യാനോ എക്‌സ്ട്രായെന്ന ട്വിറ്റർ പേജിൽ കുറിച്ചു. വൈൻ പോലെ വീര്യം കൂടുകയാണെന്നും പറഞ്ഞു. ഹാട്രിക് നേട്ടത്തോടെ താരം ട്വിറ്റർ ട്രെൻഡിംഗിൽ ഒന്നാമതാണ്.

കോൺഗ്രസ് വോയിസ് ഓഫ് ഇന്ത്യ

കോൺഗ്രസിന്റെ 85ാം പ്ലീനറി സെഷൻ റായ്പൂരിൽ നടക്കുകയാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് വോയിസ് ഓഫ് ഇന്ത്യ ട്വിറ്ററിൽ ട്രെൻഡിംഗാണ്. 42,000ത്തിലധികം ട്വീറ്റുകളാണ് കോൺഗ്രസ് വോയിസ് ഓഫ് ഇന്ത്യയെന്ന ഹാഷ്ടാഗിലുള്ളത്.

അതിനിടെ, കോൺഗ്രസ് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നും സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നീതിക്കും വേണ്ടി ജനങ്ങൾ പോരാടുന്ന സംവിധാനമാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.

ശ്രദ്ധ കപൂറിന്റെ 13 വർഷം

ബോളിവുഡിലെ ഏറ്റവും ശ്രദ്ധേയരായ നടിമാരിലൊരാളാണ് ശ്രദ്ധ കപൂർ. 2010 ടീൻ പാട്ടിയിലൂടെയാണ് ശക്തി കപൂറിന്റെ മകളായ ഇവർ അഭിനയ ജീവിതം തുടങ്ങിയത്. ലവ് കാ ദി എൻഡായിരുന്നു (2011) ആദ്യം നായികയായ സിനിമ. ആശിഖി 2വിലൂടെ ബ്രേക് ത്രൂ(2013) ലഭിച്ച താരത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് നോമിനേഷൻ ലഭിച്ചിട്ടുണ്ട്. ബാഗി, സഹോ, എക് വില്ലൻ, ഹാഫ് ഗേൾഫ്രണ്ട് തുടങ്ങിയവയാണ്.

ലെസ്റ്ററിനെതിരെ ആഴ്‌സണലിന് ഒരു ഗോൾ വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്ററിനെതിരെ ആഴ്‌സണലിന് എതിരില്ലാത്ത ഒരു ഗോൾ വിജയം. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ടീമിന് അഞ്ച് പോയിന്റ് നേടാൻ വഴിയൊരുക്കിയത്. 46ാം മിനുട്ടിലായിരുന്നു ഗോൾ. ഇതോടെ 24 മത്സരങ്ങളിൽ നിന്ന് 57 പോയിൻറുമായി ഗണ്ണേഴ്‌സ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 52 പോയിൻറുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് തൊട്ടുപിറകിൽ. 49 പോയിൻറുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തുണ്ട്.

Cristiano Ronaldo scored his 62nd career hat-trick

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News