യൂറോ കപ്പ്; ക്രിസ്റ്റ്യാനോയെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം

കൂടുതൽ യൂറോ കളിച്ച താരങ്ങളിൽ സ്‌പെയിൻ മുൻ ഗോൾകീപ്പർ ഇകർ കസിയസിനൊപ്പം ഒന്നാംസ്ഥാനത്താണ് റോണോ

Update: 2024-06-12 12:48 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലിസ്‌ബെൻ: യൂറോ കപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആകാംക്ഷയിലാണ് ഫുട്‌ബോൾ ലോകം. യൂറോക്ക് മുൻപായുള്ള അവസാന സൗഹൃദ മത്സരത്തിൽ അയർലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത ആത്മവിശ്വാസവുമായാണ് പോർച്ചുഗൽ ജർമനിയിലേക്ക് വരുന്നത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ ഇരട്ടഗോളുമായി തിളങ്ങിയതും വൻകരാ പോരിന് മുൻപ് പറങ്കിപടക്ക് ആശ്വാസം നൽകുന്നതാണ്. തുടർച്ചയായി 21 വർഷവും രാജ്യത്തിനായി ഗോൾ നേടുന്ന താരമായും റോണോ മാറി. 2004 മുതൽ ഇതുവരെ എല്ലാ വർഷവും താരം പോർച്ചുഗലിനായി സ്‌കോർ ചെയ്തിരുന്നു

39ാം വയസിൽ അവസാന യൂറോ കളിക്കുന്ന റോണോയെ തേടി അത്യപൂർവ റെക്കോഡാണ് 2024 യൂറോയിൽ കാത്തിരിക്കുന്നത്. നിലവിൽ അഞ്ച് യൂറോ കപ്പ് വീതം കളിച്ച് സ്‌പെയിൻ മുൻ ഗോൾകീപ്പറും നായകനുമായ ഇകർ കാസിയസിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് റോണോ. 2004, 2008, 2012, 2016, 2020 യൂറോ കപ്പുകളിലാണ് ക്രിസ്റ്റ്യാനോ ഇതിനോടകം കളിച്ചത്. 2000, 2004, 2008, 2012, 2016 യൂറോ കപ്പുകളിലാണ് കസിയസ് സ്പാനിഷ് നിരക്കൊപ്പം ഗോൾവലകാത്തത്. 2024ൽ ഇറങ്ങുന്നതോടെ ആറു യൂറോ കളിക്കുന്ന ആദ്യ താരമായി റോണോ മാറും. ഇതോടൊപ്പം യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളും ക്രിസ്റ്റ്യാനോയുടെ പേരിലാണ്. 14 ഗോളുകളാണ് ഇതിനകം സ്വന്തമാക്കിയത്. 2016 നു ശേഷം രണ്ടാം യൂറോ കപ്പ് കിരീടം എന്ന സ്വപ്നവുമായാണ് പോർച്ചുഗൽ ഇറങ്ങുന്നത്. ഇത്തവണത്തെ യൂറോ ഫേവറേറ്റുകളായ പറങ്കിപട, തുർക്കി, ജോർജിയ, ചെക് ടീമുകൾക്കൊപ്പം ഗ്രൂപ്പ് എഫിലാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി എഫ് സിയുടെ റൂബെൻ ഡിയസ്, ബെർണാഡൊ സിൽവ, എഫ് എ കപ്പ് കിരീടം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നായകൻ ബ്രൂണോ ഫെർണാണ്ടസ്, ഡിയേഗൊ ഡാലൊട്ട് എന്നിവരെല്ലാം പോർച്ചുഗലിന് കരുത്താകുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിരയുള്ള ടീമാണ് പോർച്ചുഗൽ. റാഫേൽ ലിയാവൊ, ഗോൺസാലൊ റാമോസ്, ജാവൊ ഫെലിസ്‌ക്, ജാവൊ നവെസ്, ഫാൽഹിൻഹ, റൂബെൻ നവെസ്, വിറ്റിഞ്ഞ തുടങ്ങി നിരവധി ഓപ്ഷനുകളാണ് പരിശീലകൻ റോബെർട്ടോ മാർട്ടിനസിന് മുന്നിലുള്ളത്. ചെക് ടീമിനെതിരെ ജൂൺ 19 നാണ് പോർച്ചുഗലിന്റെ യൂറോ കപ്പിലെ ആദ്യ മത്സരം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News