'മൈ ലൗവ്... ജീവിതത്തിലെ ഒരു വർഷത്തിന് അഭിനന്ദങ്ങൾ, ഡാഡി നിന്നെ ഏറെ സ്‌നേഹിക്കുന്നു'; മകൾക്ക് ആശംസകളുമായി റൊണാൾഡോ

ആകെ അഞ്ച് മക്കളാണ് റൊണാൾഡോക്കുള്ളത്

Update: 2023-04-18 13:55 GMT
Advertising

മകൾ ബെല്ല എസ്‌മെറാൾഡ ഡോസ് സാന്റോസ് അവീറോയുടെ ആദ്യ ജന്മദിനത്തിൽ ആശംസകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹ മാധ്യമങ്ങളിലെ ഔദ്യോഗിക അക്കൗണ്ടുകളിലാണ് താരം ഏറ്റവും ഒടുവിൽ പിറന്ന മകളോടൊത്തുള്ള ഫോട്ടോ സഹിതം ആശംസകൾ പങ്കുവെച്ചത്. 38കാരനായ റൊണാൾഡോയുടെ പങ്കാളി 29കാരിയായ ജോർജിന റോഡ്രിഗസാണ്. 2022 ഏപ്രിൽ 18നാണ് ഇവർ ബെല്ലയ്ക്ക് ജന്മം നൽകിയത്. എയ്ഞ്ചൽ എന്ന് പേരിട്ട ഇരട്ടസഹോദരനോടൊപ്പമായിരുന്നു മഞ്ചസ്റ്ററിലെ ആശുപത്രിയിൽ ബെല്ലയുടെ ജനനം. എന്നാൽ എയ്ഞ്ചൽ പ്രസവത്തിനിടെ മരിച്ചുപോയി.

ആകെ അഞ്ച് മക്കളാണ് റൊണാൾഡോക്കുള്ളത്. അലാൻ മാർട്ടിന ദോസ് സാന്റോസാണ് കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം. മാറ്റിയോയും ഇവാ മരിയ ഡോസ് സാന്റോസുമാണ് മക്കളിലെ ഇരട്ടകൾ. ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയറാണ് മൂത്ത മകൻ. ക്രിസ്റ്റ്യാനിഞ്ഞോയെന്നും ജൂനിയറിന് പേരുണ്ട്. ജനുവരിൽ സൗദി അറേബ്യയിലെ അൽനസ്‌റിൽ താരം ചേർന്നതോടെ കുടുംബം റിയാദിലാണ് താമസിക്കുന്നത്. 2016ലാണ് റൊണാൾഡോയും ജോർജിനയും കണ്ടുമുട്ടിയത്. ജോർജിന ജോലിചെയ്യുന്ന മാഡ്രിഡിലെ ഗുച്ചി സ്‌റ്റോറിൽ വെച്ചായിരുന്നു കണ്ടുമുട്ടൽ.

നേരത്തെ പലരെയും റൊണാൾഡോ വിവാഹം ചെയ്തിരുന്നുവെങ്കിലും റഷ്യൻ സൂപ്പർ മോഡലായ ഇറീന ഷയ്കുമായുള്ള ബന്ധമാണ് കൂടുതൽ കാലം നീണ്ടുനിന്നത്. 2010-2015 കാലയളവിലാണ് ഇവർ ഒന്നിച്ച് കഴിഞ്ഞിരുന്നത്.

അൽനസ്‌റിനായി 12 മത്സരങ്ങളിൽനിന്ന് 11 ഗോളുകളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരിക്കുകയാണ് റൊണാൾഡോ. മാർച്ച് 23ന് ലിച്ചെൻസ്റ്റീനെതിരെയുള്ള മത്സരത്തോടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പുരുഷ താരമായി റൊണാൾഡോ മാറിയിരുന്നു.

Cristiano Ronaldo wishes his daughter Bella Esmeralda do Santos Aveiro on her first birthday

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News