പുതിയ ജോലി; മുംബൈ സിറ്റി എഫ്‌സിയുമായി വഴി പിരിഞ്ഞ് കോച്ച് ഡെസ് ബക്കിങ്ഹാം

2021ലാണ് ബക്കിങ്ഹാം മുംബൈ സിറ്റിയിലെത്തുന്നത്

Update: 2023-11-17 08:01 GMT
Editor : abs | By : Web Desk
Advertising

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ ചാമ്പ്യൻ ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിയുമായി വഴി പിരിഞ്ഞ് കോച്ച് ഡെസ് ബക്കിങ്ഹാം. ടൂർണമെന്റിനിടെയാണ് കോച്ചിന്റെ മടക്കം. തേഡ് ടയർ ഇംഗ്ലീഷ് ക്ലബ്ബായ ഓക്‌സ്ഫഡ് യുണൈറ്റഡിന്റെ കോച്ചായാണ് ബക്കിങ്ഹാം മടങ്ങുന്നത്. ഇന്ത്യൻ ക്ലബിന് റെക്കോഡ് തുക കൈമാറിയാണ് ഓക്‌സ്ഫഡ് യുണൈറ്റഡ് ബക്കിങ്ഹാമിനെ ടീമിന്റെ ഭാഗമാക്കുന്നത്. 

18-ാം വയസ്സിൽ ബക്കിങ്ഹാം കോച്ചിങ് കരിയർ ആരംഭിച്ച ടീമാണ് ഓക്‌സഫഡ് യുണൈറ്റഡ്. 2023 ഫെബ്രുവരിയിൽ ലീഡ്‌സ് യുണൈറ്റഡ് അസിസ്റ്റന്റ് കോച്ചായി പരിശീലകൻ കാൾ റോബിൻസൺ നിയോഗിക്കപ്പെട്ടതു മുതൽ ടീമിന് സ്ഥിരം കോച്ചില്ല. ക്രൈഗ് ഷോർട്ടിനായിരുന്നു ടീമിന്റെ താൽക്കാലിക പരിശീലന ചുമതല. 



2021ലാണ് ബക്കിങ്ഹാം മുംബൈ സിറ്റിയിലെത്തുന്നത്. കഴിഞ്ഞ തവണ ടീമിനെ ലീഗ് ജേതാക്കളാക്കാനും അദ്ദേഹത്തിനായി. 18 കളികളിൽ തുടർച്ചയായി തോൽവി വഴങ്ങാത്ത റെക്കോഡും ഐഎസ്എല്ലിൽ അദ്ദേഹത്തിന്റെ പേരിലുണ്ട്. ബക്കിങ്ഹാമിന് കീഴിലാണ് മുംബൈ സിറ്റി ആദ്യമായി എഎഫ്‌സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്. ഐഎസ്എല്ലിൽ ഈ സീസണിൽ അഞ്ചു മത്സരങ്ങളിൽ സിറ്റി തോൽവി അറിഞ്ഞിട്ടില്ല.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News