മെസിയും നെയ്മറും ടീമിലുണ്ടായിട്ടും പി.എസ്.ജി തോറ്റു; ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്ത്
മാഴ്‌സയാണ് പി.എസ്.ജിയുടെ വഴി മുടക്കിയത്(2-1). പരിക്കേറ്റതിനാൽ മറ്റൊരു സൂപ്പർതാരം കിലിയൻ എംബപ്പെ ടീമിലുണ്ടായിരുന്നില്ല
പാരിസ്: മെസിയും നെയ്മറും അടങ്ങിയ വമ്പന്മാർ അണിനിരന്നിട്ടും ഫ്രഞ്ച് കപ്പിൽ( കോപ്പ ഡെ ഫ്രാന്‍സ്) നിന്ന് പി.എസ്.ജി തോറ്റ് പുറത്ത്. മാഴ്‌സയാണ് പി.എസ്.ജിയുടെ വഴി മുടക്കിയത്(2-1). പരിക്കേറ്റതിനാൽ മറ്റൊരു സൂപ്പർതാരം കിലിയൻ എംബപ്പെ ടീമിലുണ്ടായിരുന്നില്ല. പി.എസ്.ജിക്കായി സെർജിയോ റാമോസ് ഗോൾ നേടിയപ്പോൾ അലക്‌സിസ് സാഞ്ചെസ്, റസലൻ മാലിനോവ്‌സ്‌കി എന്നിവരാണ് മാഴ്‌സക്കായി ഗോൾ നേടിയത്.
പത്ത് തവണ മാഴ്‌സ ഫ്രഞ്ച് കപ്പ് നേടിയിട്ടുണ്ടെങ്കിലും അവസാനം കിരീടം ഉയർത്തിയത് 1989ൽ ആയിരുന്നു. അതേസമയം തുടര്‍ച്ചയായ രണ്ടാംതവണയാണ് പിഎസ്ജി ഫ്രഞ്ച് കപ്പില്‍ നിന്ന് നേരത്തെ പുറത്താകുന്നത്. പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് മാഴ്‌സയാണ് പിഎസ്ജിക്ക് ആദ്യം പരിക്കേൽപ്പിച്ചത്. ബോക്‌സിൽ സെൻകിസ് അണ്ടറിനെ റാമോസ് വീഴ്ത്തിയതിന് അനുവദിച്ച പെനൽറ്റി പിഴക്കാതെ, അലക്‌സിസ് സാഞ്ചെസ് വലയിൽ എത്തിച്ചു. എന്നാൽ റാമോസിലൂടെ തന്നെ പി.എസ്.ജി ഒപ്പമെത്തി. 45ാം മിനുറ്റിലായിരുന്നു റാമോസിന്റെ ഗോൾ. നെയ്മറെടുത്ത കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. പിന്നീടും മത്സരം കൊടുമ്പിരികൊണ്ടെങ്കിലും മെസിക്കും നെയ്മറിനും ഒന്നും ചെയ്യാനായില്ല.
അതിനിടെ 57ാ മിനിറ്റിൽ റഷ്യൻ താരം റസലൻ മാലിനോവ്‌സ്‌കി മാഴ്‌സക്കായി ലീഡ് എടുത്തു. ഗോൾ മടക്കാൻ പിഎസ്ജി ആഞ്ഞു ശ്രമിച്ചെങ്കിലും ഒന്നും ഒത്തില്ല. ഫൈനൽ വിസിൽ മുഴുങ്ങിയപ്പോൾ 2-1ന്റെ വിജയത്തോടെ ആർത്തുല്ലസിക്കുകയായിരുന്നു മാഴ്‌സ. ജയത്തോടെ മാഴ്സ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. പന്തവകാശത്തിൽ മേൽക്കെ പിഎസ്ജിക്കായിരുന്നുവെങ്കിലും മാഴ്‌സയും വിട്ടുകൊടുത്തില്ല. ലക്ഷ്യത്തിലേക്ക് എട്ട് തവണയാണ് മാഴ്‌സ പന്ത് പായിച്ചത്. പിഎസ്ജിയുടെത് മൂന്നിലൊതുങ്ങി. മെസിയും നെയ്മറും അടങ്ങിയ മുന്നേറ്റ നിരയെ പൂട്ടി എന്നതാണ് മാഴ്‌സയുടെ വിജയത്തിന്റെ കാതൽ.
അതേസമയം ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് താഴെ രണ്ടാം സ്ഥാനത്താണ് മാഴ്‌സയെങ്കിലും എട്ട് പോയിന്റിന്റെ വ്യത്യാസമുണ്ട്. പിഎസ്ജിക്ക് 54ഉം മാഴ്‌സക്ക് 46 പോയിന്റും. ലീഗിൽ ഈ മാസം 27ന് മാഴ്‌സയുമായിട്ട് പിഎസ്ജിക്ക് മത്സരമുണ്ട്.