ഷാവി വിളിച്ചു; ഡി മരിയ ബാഴ്‌സയിലേക്ക്?
വരുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്ന് വിവരം നൽകണമെന്നാണ് യുവന്റസ് ആവശ്യപ്പെട്ടിരിക്കുന്നത്
അർജന്റീനക്കാരനായ വെറ്ററൻ വിങ്ങർ എയ്ഞ്ചൽ ഡി മരിയ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിൽ ചേക്കേറാനുള്ള സാധ്യത ശക്തമാകുന്നു. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ ഫ്രീ ഏജന്റായ താരത്തിനു വേണ്ടി യുവന്റസ് അടക്കമുള്ള ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. എന്നാൽ, ബാഴ്‌സലോണ കോച്ച് ഷാവി ഹെർണാണ്ടസ് ഡി മരിയയുമായി സംസാരിച്ചുവെന്നും തന്റെ അടുത്ത തട്ടകം ഏതെന്ന കാര്യത്തിൽ അധികം വൈകാതെ 34-കാരൻ തീരുമാനമെടുക്കുമെന്നും ഫുട്‌ബോൾ ജേണലിസ്റ്റ് റോയ് നെമർ ട്വീറ്റ് ചെയ്തു.
സൂപ്പർ താരം ഉസ്മാൻ ഡെംബലെ ക്ലബ്ബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് ബാഴ്‌സ അടിയന്തരമായി ഒരു വിങ്ങറെ ടീമിലെത്തിക്കാനുള്ള ശ്രമം നടത്തുന്നത്. ലീഡ്‌സ് യുനൈറ്റഡ് താരം റഫിഞ്ഞയായിരുന്നു കാറ്റലൻസിന്റെ പരിഗണനയിലുള്ള പ്രധാന താരമെങ്കിലും ഇംഗ്ലീഷ് ക്ലബ്ബ് ചോദിക്കുന്ന വില നൽകാനുള്ള സാമ്പത്തിക സ്ഥിതിയിലല്ല ബാഴ്‌സ. 60 മില്യൺ യൂറോ ആണ് ബ്രസീലുകാരനായ റഫിഞ്ഞക്ക് ലീഡ്‌സ് വിലയിട്ടിരിക്കുന്നത്. എന്നാൽ, 35 മില്യണിലേറെ നൽകാനാവില്ലെന്ന് ബാഴ്‌സ നിലപാടെടുത്തതോടെ റഫിഞ്ഞയുടെ ട്രാൻസ്ഫർ നടക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് മികച്ച ഫോമിലുള്ള ഡി മരിയയെ സ്വന്തമാക്കാൻ ബാഴ്‌സ മുന്നിട്ടിറങ്ങിയിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ലീഡ്‌സുമായുള്ള കരാർ കാലാവധി പൂർത്തിയാക്കി റഫിഞ്ഞ അടുത്ത വർഷം ഫ്രീ ഏജന്റായി വരുമെന്ന പ്രതീക്ഷയിൽ അതുവരെ ഡി മരിയയെ കളിപ്പിക്കാനാണ് ഷാവിയുടെ തീരുമാനം എന്ന് റിപ്പോർട്ടുകൾ പറയുന്നു. ട്രാൻസ്ഫറിന് വലിയ തുക മുടക്കേണ്ടതില്ലാത്തിനാലും മുൻ റയൽ മാഡ്രിഡ് താരമായ ഡി മരിയക്ക് സ്‌പെയിനിൽ കളിക്കാനാണ് താൽപര്യം എന്നതിനാലും അർജന്റീനക്കാരനെ അടുത്ത സീസണിൽ ബാഴ്‌സ കുപ്പായത്തിൽ കാണാൻ കഴിഞ്ഞേക്കുമെന്നാണ് സൂചന.
ഇറ്റാലിയൻ ക്ലബ്ബ് യുവന്റസ് ഡി മരിയക്ക് ഓഫർ നൽകിയിരുന്നെങ്കിലും സ്‌പെയിനിൽ കളിക്കാൻ അവസരം ലഭിച്ചാൽ ഇറ്റലി വേണ്ടെന്നു വെക്കാനാണ് താരത്തിന്റെ തീരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ വിഷയത്തിൽ ഇന്ന് അവസാന വാക്ക് പറയണമെന്ന് യുവന്റസ് അർജന്റീനക്കാരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.