ദിമിയുടെ കളി ഇനി ഈസ്റ്റ് ബംഗാളിൽ; മുൻ ബ്ലാസ്‌റ്റേഴ്‌സ് താരവുമായി രണ്ട് വർഷ കരാർ
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി 13 ഗോളുകൾ സ്‌കോർ ചെയ്ത ഗ്രീക്ക് താരം ഗോൾഡൻ ബൂട്ട് നേട്ടവും സ്വന്തമാക്കിയിരുന്നു.
കൊൽക്കത്ത: മുൻ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമന്റകോസ് ഈസ്റ്റ് ബംഗാളിൽ. താരവുമായി രണ്ടു വർഷത്തെ കരാറിലെത്തിയതായി കൊൽക്കത്തൻ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി 13 ഗോളുകൾ സ്‌കോർ ചെയ്ത ഗ്രീക്ക് താരം ഗോൾഡൻ ബൂട്ട് നേട്ടവും സ്വന്തമാക്കിയിരുന്നു. ഈസ്റ്റ് ബംഗാളിന് പുറമെ മോഹൻബഗാൻ, ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി എന്നീ ക്ലബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നു.
മഞ്ഞപ്പടയ്‌ക്കൊപ്പം മികച്ച മുന്നേറ്റങ്ങളാലും കാണികളെ കയ്യിലെടുക്കുന്നതിലും ദിമിത്രിയോസ് വേറിട്ടൊരു ശൈലി സൃഷ്ടിച്ചിരുന്നു. തുടക്കത്തിൽ അഡ്രിയാൻ ലൂണയുമൊത്തുള്ള കെമിസ്ട്രി ക്ലിക്കാവുകയും ചെയ്തു. ലൂണ-ഡയമന്റകോസ് സഖ്യം ബ്ലാസ്റ്റേഴ്‌സിനെ ഉന്നതിയിലെത്തിക്കുകയും ചെയ്തിരുന്നു. 2023 അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ഈ കൂട്ടുകെട്ടിന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ലൂണക്കേറ്റ പരിക്ക് ഈ സഖ്യത്തിന് വിള്ളലേറ്റെങ്കിലും, ദിമി ഗോളടി തുടർന്നു. 2024 മെയ് 31ന് ദിമിയുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കരാർ അവസാനിച്ചതോടെ താരം ബ്ലാസ്റ്റേഴ്‌സുമായി വേർപിരിയുകയായിരുന്നു.
2022 - 2023 ഐ എസ് എൽ സീസണിനു മുന്നോടിയായാണ് ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ എത്തിയത്. ഒരു വർഷ കരാറിലായിരുന്നു താരത്തിന്റെ വരവ്. ആദ്യ സീസണിൽ മികവ് പുലർത്തിയ താരത്തിന്റെ കരാർ, കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സീസണിലേക്ക് കൂടി നീട്ടുകയായിരുന്നു. 2022 - 2023 സീസണിൽ ദിമി ബ്ലാസ്റ്റേഴ്‌സിനായി 10 ഗോളും മൂന്ന് അസിസ്റ്റും നടത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയിൽ ഇതുവരെ 42 മത്സരങ്ങൾ കളിച്ച ഈ സെൻറർ സ്‌ട്രൈക്കർ 27 ഗോൾ നേടുകയും ഏഴ് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.