ജീപ്പിന്റെ പരസ്യത്തിൽ ഇല്ല; ക്രിസ്റ്റ്യാനോ യുവന്റസിൽ നിന്ന് എവിടേക്ക്?

2022വരെ ക്ലബുമായി കരാറുണ്ടെങ്കിലും സമ്മർ ട്രാൻസ്ഫറിൽ താരം കൂടുമാറുമെന്നാണ് സൂചന

Update: 2021-06-06 11:01 GMT
Editor : abs | By : Sports Desk
Advertising

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. യുവന്റസിന്റെ സ്‌പോൺസർമാരായ ജീപ്പിന്റെ പുതിയ പരസ്യത്തിൽ താരമില്ലാത്തതാണ് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നത്. 2022വരെ കരാറുണ്ടെങ്കിലും സമ്മർ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ പിഎസ്ജിയിലേക്കോ താരം കൂടുമാറും എന്നാണ് റിപ്പോർട്ട്.

യുവന്റസിന്റെ പ്രധാനതാരങ്ങളായ പൗളോ ഡിബാല, ഡി ലൈറ്റ്, ഫെഡെറികോ ചിയേസ, ചെല്ലിനി എന്നിവർ എല്ലാം ജീപ്പിന്റെ പുതിയ പരസ്യത്തിലുണ്ട്. ഇതിന്റെ ചിത്രങ്ങൾ യുവന്റസ് എഫ്‌സി സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവച്ചു. 

നേരത്തെ സീസൺ പൂർത്തിയാക്കിയ ഉടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാക്കുകളും താരം യുവന്റസ് വിടുമെന്ന സൂചനയാണ്  നൽകുന്നത്. 'സീരി എ വിജയം നേടാനായില്ല. അതർഹിച്ചിരുന്ന ഇന്റർമിലാന് അഭിനന്ദനങ്ങൾ. ഇറ്റാലിയൻ സൂപ്പർ കപ്പ്, ഇറ്റാലിയൻ കപ്പ്, സീരി എ ടോപ് സ്‌കോറർ എന്നിവ നേട്ടങ്ങൾ കൈക്കലാക്കാൻ ബുദ്ധിമുട്ടുള്ള ഈ രാജ്യത്തു നിന്ന് നേടിയെടുത്തു. അതിൽ അതീവ സന്തോഷവാനാണ്. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി' - എന്നിങ്ങനെയായിരുന്നു ക്രിസ്റ്റ്യാനോയുടെ വാക്കുകൾ.

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് കെയ്‌ലിയൻ എംബാപ്പെയെ നോട്ടമിട്ട സാഹചര്യത്തിൽ പിഎസ്ജിയിലേക്കാകും പോർച്ചുഗൽ സ്‌ട്രൈക്കർ പോകുക എന്നാണ് കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൗറോ ഇക്കാർഡി പിഎസ്ജിയിൽ നിന്ന് യുവന്റസിലേക്കും കൂടുമാറും. 

റയൽ മാഡ്രിഡിൽ നിന്ന് 2018ലാണ് റൊണാൾഡോ യുവന്റസിലെത്തിയത്. ക്ലബിൽ വീണ്ടുമെത്തിയ പരിശീലകൻ അല്ലെഗ്രിയുടെ അടുത്ത സീസണിലെ പ്ലാനിൽ ക്രിസ്റ്റ്യാനോക്ക് ഇടമില്ലെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നത്. 2022ൽ ഫ്രീ ഏജന്റ് ആകുമെന്നതിനാൽ ഈ സമ്മറിൽ തന്നെ താരത്തെ വിറ്റ് പരമാവധി തുക നേടാനാണ് യുവന്റസിന്റെ തീരുമാനം. അർജന്റീനൻ താരം ഡിബാലയ്ക്കും ഒരു വർഷം മാത്രമാണ് കരാറുള്ളത്. എന്നാൽ താരത്തെ നിലനിർത്താനാണ് കോച്ചിന്റെ തീരുമാനം. 

Tags:    

Editor - abs

contributor

By - Sports Desk

contributor

Similar News