87 മിനുറ്റ് വരെ രണ്ട് ഗോളിന് പിന്നിൽ; ഒടുവിൽ മൂന്നുഗോൾ തിരിച്ചടിച്ച് ബേൺമൗത്ത്
ലണ്ടൻ: എന്തുകൊണ്ടാണ് ഫുട്ബോളിനെ ജനം ഇത്രയും ഇഷ്ടപ്പെടുന്നത് എന്നതിന് ഒരു ഉദാഹരണം കൂടി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ഹീറോകളായത് ബേൺമൗത്ത്. സ്വന്തം ഗ്രൗണ്ടായ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിന്റെ 87ാം മിനുറ്റ് വരെ എവർട്ടൺ എതിരില്ലാത്ത രണ്ടുഗോളിന് മുന്നിലായിരുന്നു. മത്സരത്തിന്റെ 50ാം മിനുറ്റിൽ മൈക്കൽ കീനും 57ാം മിനുറ്റിൽ ഡൊമിനിറ്റ് കൽവർട്ട് ലെവിനും നേടിയ ഗോളുകളിൽ അവർ ജയമുറപ്പിച്ചിരിക്കുകയായിരുന്നു.
എന്നാൽ മത്സരത്തിന്റെ അവസാന മിനുറ്റുകളിൽ ബേൺമൗത്ത് നടത്തിയത് ഉജ്ജ്വലമായ തിരിച്ചുവരവ്. 87ാം മിനുറ്റിൽ അന്റോയ്ൻ സെമെയ്നോ, 92ാം മിനുറ്റിൽ ല്യൂവിസ് കുക്ക്, 96ാം മിനുറ്റിൽ ലൂയിസ് സിനിസ്റ്റെറ എന്നിവർ നേടിയ ഗോളുകളിൽ സീസണിലെ ആദ്യ ജയം മോഹിച്ച എവർട്ടണിന്റെ ചങ്ക് തകർന്നു.
3 മത്സരങ്ങളിൽ നിന്നും വിജയമൊന്നുമില്ലാത്ത എവർട്ടൺ പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഒരു ജയവും രണ്ട് സമനിലയുള്ള ബേൺസ്മൗത്ത് ഏഴാംസ്ഥാനത്ത് നിൽക്കുന്നു.