18 വയസ്സ്; പി.എസ്.ജിയടക്കം വമ്പന്മാരുടെ നോട്ടപ്പുള്ളി, ആരാണീ കാമവിംഗ?

റെന്നസിൽ അത്ഭുതം തീർത്ത കാമവിംഗ ഇത്തവണ മെസ്സിക്കൊപ്പം പന്തുതട്ടുമെന്ന് ഏറെക്കുറെ ഉറപ്പായി

Update: 2021-08-23 13:34 GMT
Editor : André | By : André
Advertising

18 വയസ്സേയുള്ളൂ ഫ്രഞ്ചുകാരൻ പയ്യന്; നമ്മുടെ നാട്ടിലെ പ്ലസ് ടുവിന് തുല്യമായ 'ബകാലൊറി' പാസായതേയുള്ളൂ. അപ്പോഴേക്കും ട്രാൻസ്ഫർ വിപണിയിൽ ഭൂകമ്പം തീർക്കാൻ കഴിയുന്ന നാല് ക്ലബ്ബുകളാണ് പിന്നാലെയുള്ളത്. പറഞ്ഞുവരുന്നത് എഡ്വാഡോ കാമവിംഗ എന്ന ഹോട്ട് സെൻസേഷൻ മിഡ്ഫീൽഡറെ പറ്റിയാണ്.

11-ാം വയസ്സിൽ തങ്ങളുടെ യൂത്ത് അക്കാദമിയിൽ ചേർന്നതിനു ശേഷം അസൂയാവഹമായ മികവു പുറത്തെടുത്ത താരത്തെ ഇനിയും പിടിച്ചുവെക്കാൻ കഴിയില്ല എന്നതാണ് ഫ്രഞ്ച് ക്ലബ്ബ് റെന്നസിന്റെ ഇപ്പോഴത്തെ അവസ്ഥ. പി.എസ്.ജി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ലിവർപൂൾ, ആർസനൽ എന്നീ വൻതോക്കുകൾ നോക്കമിട്ട താരം വരുംദിവസങ്ങളിൽ പുതിയ ലാവണത്തിലെത്തുമെന്നാണ് ഫുട്‌ബോൾ ലോകത്തെ വാർത്ത; മിക്കവാറും അത് ലയണൽ മെസ്സി പന്തുതട്ടുന്ന പി.എസ്.ജിയാവാനാണ് സാധ്യതയേറെയും.

വേഗത, പന്തടക്കം, വിഷൻ, ടാക്ലിങ്, പാസിങ് മികവ് എന്നുവേണ്ട, ആധുനിക ഫുട്‌ബോളിൽ ഒരു മിഡ്ഫീൽഡർക്കു വേണ്ട എല്ലാ ഗുണങ്ങളുമുണ്ട് ആഫ്രിക്കൻ രാജ്യമായ അങ്കോളയിൽ 2002-ൽ ജനിച്ച് രണ്ടാം വയസ്സിൽ ഫ്രാൻസിലേക്ക് കുടിയേറിയ കാമവിംഗക്ക്. വായുവിലും ടർഫിലും ഒരേപോലെ അപകടകാരി. ആറടി ഉയരവും അതിനൊത്ത കായികക്ഷമതയും... പോൾ പോഗ്ബയോടാണ് ഫുട്‌ബോൾ ലോകം ഈ 18-കാരനെ താരതമ്യം ചെയ്യുന്നത്.

16 വയസ്സും ഒരു മാസവും പ്രായമുള്ളപ്പോൾ റെന്നസ് തങ്ങളുടെ അക്കാദമി പയ്യന് പ്രൊഫഷണൽ കരാർ നൽകി. ക്ലബ്ബിന്റെ കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. 2019-ൽ ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, റെന്നസിന്റെ ഫസ്റ്റ് ടീമിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരവുമായി കാമലിംഗ. ആ വർഷം ആഗസ്റ്റിൽ കരുത്തരായ പി.എസ്.ജിക്കെതിരെ ഒരു ഗോളിന് വഴിയൊരുക്കിയ താരം ഡിസംബറിൽ ആദ്യ ഗോൾ നേടുകയും ചെയ്തു.

2020-21 സീസണിൽ റെന്നസിനു വേണ്ടി 35 മത്സരങ്ങൾക്കിറങ്ങിയ കാമവിംഗ ടീമിലെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരുന്നു. എതിരാളികളിൽ നിന്ന് പന്ത് റിക്കവർ ചെയ്യുന്നതിലുള്ള മിടുക്കും കണിശമായ പാസിംഗുകളും താരത്തെ മറ്റ് ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയാക്കി. നിലവിലെ കരാറിന്റെ അവസാന വർഷത്തിലായിട്ടും പുതുക്കാൻ തയ്യാറാവാത്ത പോൾ പോഗ്ബയുടെ പിൻഗാമിയായാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് കാമവിംഗയെ കണ്ടത്. അടുത്ത സമ്മറിൽ റെന്നസുമായുള്ള കരാർ അവസാനിക്കുമ്പോൾ താരത്തെ സ്വന്തമാക്കാം എന്നതായിരുന്നു ഇംഗ്ലീഷ് ക്ലബ്ബിന്റെ കണക്കുകൂട്ടൽ. അതേ ചിന്തയുമായി ലിവർപൂളും ആർസനലും ഉണ്ടായിരുന്നു.

എന്നാൽ, അതിനൊന്നും കാത്തുനിൽക്കാതെ പി.എസ്.ജി 18-കാരനെ സ്വന്തം റാഞ്ചിക്കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ സീസണിൽ തന്നെ താരം പാർക് ദെൻ പ്രിൻസിലെത്തുമെന്നും ലയണൽ മെസ്സിക്കൊപ്പം പന്തുതട്ടുമെന്നും എൽ എക്വിപ് അടക്കമുള്ള ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസണിൽ ഫ്രീ ഏജന്റായി വിട്ടുനൽകുന്നതിനേക്കാൾ റെന്നസിന് താൽപര്യം തങ്ങൾ വളർത്തി വലുതാക്കിയ താരത്തിന്റെ ട്രാൻസ്ഫറിൽ നിന്ന് പണമുണ്ടാക്കാനാണെന്നതിനാൽ ട്രാൻസ്ഫർ ഉടനുണ്ടാകുമെന്നാണ് ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ പറയുന്നത്. 30 മുതൽ 35 ദശലക്ഷം യൂറോ വരെ (ഏകദേശം 300 കോടി രൂപ) പി.എസ്.ജി ഓഫർ ചെയ്തു കഴിഞ്ഞെന്നും റെന്നസിനു വേണ്ടി കാമവിംഗ ഇനി പന്തുതട്ടില്ലെന്നുമാണ് അറിയുന്നത്.

അങ്കോളയിലെ മിക്കോന്യെയുള്ള ഒരു അഭയാർത്ഥി ക്യാമ്പിൽ 2002-ൽ ജനിച്ച കാമവിംഗ രണ്ടു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കൾക്കൊപ്പം ഫ്രാൻസിലേക്ക് കുടിയേറിയത്. ചെറുപ്പത്തിൽ ജുഡോ പരിശീലിച്ചിരുന്ന താരം, 2013-ൽ കുടുംബത്തിന്റെ സമ്പാദ്യമെല്ലാം നശിപ്പിച്ച അഗ്നിബാധക്കു ശേഷമാണ് ഫുട്‌ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. ഫ്രാൻസ് ദേശീയ ടീമിലെത്തിയ പ്രായം കുറഞ്ഞ താരം, ഒരു നൂറ്റാണ്ടിനിടെ ഫ്രഞ്ച് ദേശീയ ടീമിൽ കളിച്ച പ്രായം കുറഞ്ഞ താരം തുടങ്ങിയ റെക്കോർഡുകളും ഇതിനകം താരം സ്വന്തമാക്കിക്കഴിഞ്ഞു.

Tags:    

Writer - André

contributor

Editor - André

contributor

By - André

contributor

Similar News