അവസാനിക്കാതെ പെനാൽറ്റി ഷൂട്ടൗട്ട്; ഈജിപ്ഷ്യൻ സൂപ്പർകപ്പിൽ വിജയിയെ കണ്ടെത്താനെടുത്തത് 34 കിക്കുകൾ
മോഡേൺ ഫ്യൂച്ചർ-പിരമിഡ്‌സ് മത്സരമാണ് കാൽപന്തുകളിയിലെ അപൂർവ്വതക്ക് സാക്ഷ്യംവഹിച്ചത്. മുഴുവൻ സമയവും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് ഫൈനലിസ്റ്റിനെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.
അബൂദാബി: വിജയിയെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ടൗട്ട് എടുക്കുന്നത് സർവ്വസാധാരണമാണ്. പത്തുതാരങ്ങളും കിക്കെടുത്ത ശേഷം ഗോൾകീപ്പർ ഷോട്ടെടുക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാൽ വിജയനിർണയത്തിന് 34 കിക്കെടുക്കേണ്ടി വന്നാലോ. അബൂദാബി മുഹമ്മദ് ബിൻ സയിദ് സ്റ്റേഡിയത്തിൽ നടന്ന ഈജിപ്ഷ്യൻ സൂപ്പർകപ്പ് സെമിയിലാണ് പെനാൽറ്റി കിക്കിന്റെ ആറാട്ട് നടന്നത്. മോഡേൺ ഫ്യൂച്ചർ-പിരമിഡ്‌സ് മത്സരമാണ് കാൽപന്തുകളിയിലെ അപൂർവ്വതക്ക് സാക്ഷ്യംവഹിച്ചത്. മുഴുവൻ സമയവും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് ഫൈനലിസ്റ്റിനെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.
തുടർന്ന് നടന്ന കിക്കിൽ ഇരുടീമുകളിലേയും താരങ്ങൾ വരിവരിയായി ലക്ഷ്യത്തിലേക്ക് പന്തടിച്ച്കയറ്റി. ഇതോടെ മത്സരം ആവശമായി. എല്ലാവരും കിക്കെടുത്തിട്ടും റിസൽട്ടുണ്ടായില്ല. വിജയനിർണയം നീണ്ടതോടെ കാണികളും ആരവം മുഴക്കി താരങ്ങൾക്ക് പ്രോത്സാഹനമേകി. ഒടുവിൽ 14-13 മാർജിനിൽ മോഡേൺ ഫ്യൂച്ചർ ജയം ആഘോഷിച്ചു. പിരമിഡ്‌സ് പ്രതിരോധതാരം ഒസാമ ഗലാലിന്റെ കിക്കാണ് ഗോൾകീപ്പർ തട്ടിയകറ്റിയത്. സൂപ്പർകപ്പ് ഫൈനലിൽ അൽ അഹ്‌ലി- സെറോമിക ക്ലിയോപാർട്ട വിജയികളെ മോഡേൺ ഫ്യൂച്ചർ നേരിടും.
നേരത്തെയും ഫുട്‌ബോളിൽ അവസാനിക്കാതെ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടന്നിരുന്നു. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന വാഷിങ്ടൺ എഫ്.സി-ബെഡ്‌ലിങ്ടൺ ടെറൈർസ് പ്രാദേശികമത്സരത്തിൽ ജേതാവിനെ നിർണയിക്കാൻ 54 കിക്കുകളാണ് എടുക്കേണ്ടിവന്നത്. 25-24 മാർജിനിൽ അന്ന് വാഷിങ്ടൺ എഫ്.സിയാണ് വിജയിച്ചത്. 2005ൽ നമീബിയൻ കപ്പിൽ കെ.കെ പാലസ്-സിവിക് മത്സരത്തിൽ 48 കിക്കുകളാണ് എടുത്തത്.