യൂറോകപ്പിൽ വംശീയതക്കെതിരെ മുട്ടുകുത്താൻ ഇംഗ്ലണ്ട്
ഈ മാസം 13ന് ക്രൊയേഷ്യക്കെതിരെ വിംബ്ലിയിലാണ് ഇംഗ്ലണ്ടിന്റെ ആദ്യ യൂറോ കപ്പ് മത്സരം
യൂറോകപ്പിലെ എല്ലാ മത്സരങ്ങൾക്ക് മുൻപും വംശീയതക്കെതിരെ മുട്ടുകുത്തുമെന്ന് ഇംഗ്ലണ്ട് ഫുട്ബോൾ ടീം. കാണികളിൽ നിന്നുമുള്ള എതിർപ്പുകൾ തങ്ങൾക്ക് വിഷയമല്ലെന്നും തങ്ങൾ തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത് സൗത്ത്ഗേറ്റ് പറഞ്ഞു.
ഈ മാസം 13ന് ക്രൊയേഷ്യക്കെതിരെ വിംബ്ലിയിലാണ് ഇംഗ്ലണ്ടിന്റെ ആദ്യ യൂറോ കപ്പ് മത്സരം. വംശീയതക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് കായിക രംഗത്തെ വിവിധ ടീമുകളും അത്‌ലറ്റുകളും മുട്ടുകുത്തി പ്രതിഷേധിക്കാന്‍ തുടങ്ങിയത്.യുഎസിലെ ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടര്‍ന്നാണ് ഈ പതിവ് ആരംഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഫ്ലോയിഡ് മരിച്ചത്.
ഇംഗ്ലണ്ട് ടീമിന്റെ നടപടിയോട് സമ്മിശ്രമായ പ്രതികരണമാണ് രാജ്യത്തുള്ളത്. മുട്ടുകുത്തുന്ന രീതിയുമായി മുന്നോട്ടുപോയാൽ ദേശീയ ടീമിന്റെ കളികൾ താൻ ബഹിഷ്കരിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി എം.പി ലീ ആൻഡേഴ്‌സൺ പറഞ്ഞു. കളിയിൽ രാഷ്ട്രീയം ചേർക്കുന്നുവെന്ന ആക്ഷേപവും ഇംഗ്ലണ്ട് ടീമിനെതിരെ ഉണ്ട്. സ്വന്തം രാജ്യത്തിനെ പ്രതിനിധീകരിക്കുന്ന ടീമംഗങ്ങൾക്കെതിരെ കാണികൾ നടത്തിയ പരിഹാസത്തിനെ അപലപിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതുവരെ തയ്യാറിയിട്ടില്ല.
യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങളില്‍ മുട്ടുകുത്തി പ്രതിഷേധിച്ച ഇംഗ്ലണ്ടിന് സ്വന്തം ആരാധകരില്‍ നിന്നു പോലും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മിഡിൽസ്ബ്രോയിൽ ഓസ്ട്രിയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിന് മുൻപായി മുട്ടുകുത്തിയ ഇംഗ്ലണ്ട് കളിക്കാർക്കെതിരെ കാണികൾ പരിഹസിച്ചിരുന്നു. ഇതേ തുടർന്ന് യോഗം ചേർന്ന ടീം വംശീയതക്കെതിരെയുള്ള നീക്കവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ് ഡി യിൽ ഇംഗ്ലണ്ടിന് പുറമെ സ്കോട്ലൻഡും ക്രൊയേഷ്യയും ചെക് റിപ്പബ്ലിക്കുമാണുള്ളത്.