അഞ്ചിന്റെ പഞ്ചിൽ ആഴ്‌സനൽ; ടോട്ടനത്തെ അട്ടിമറിച്ച് വോൾവ്‌സ്
ന്യൂകാസിൽ യുണൈറ്റഡ്-ബോൺമൗത്ത് മത്സരം(2-2) സമനിലയിൽ കലാശിച്ചു.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബുക്കായോ സാക്കയുടെ ഇരട്ട ഗോൾ മികവിൽ ആഴ്‌സനലിന് വമ്പൻ ജയം. ബേൺലിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കീഴടക്കിയത്. 41,47 മിനിറ്റുകളിലാണ് ഇംഗ്ലീഷ് യുവതാരം ഗണ്ണേഴ്‌സിനായി വലകുലുക്കിയത്. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാഡ്(4), ലിയാൻഡ്രോ ട്രൊസാർഡ്( 66), ഹാവെർട്‌സ്(78) എന്നിവരും ഗോൾനേടി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ മുൻ ചാമ്പ്യൻമാർ ഏഴ് തവണ ലക്ഷ്യത്തിലേക്ക് നിറയുതിർത്തതിൽ അഞ്ചും ഗോളാക്കി മാറ്റി. ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ആഴ്‌സനൽ രണ്ടാംസ്ഥാനത്തേക്ക് മുന്നേറി. 25 കളിയിൽ 55 പോയന്റാണ് സമ്പാദ്യം. 23 മത്സരം കളിച്ച സിറ്റിക്ക് 52 പോയന്റാണുള്ളത്.
മറ്റൊരു മത്സരത്തിൽ കരുത്തരായ ടോട്ടൻഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബേൺലി തകർത്തു. ജോ ഗോമസാണ്(42,63) ഗോൾ നേടിയത്. കുൾസോവ്‌സ്‌കിയിലൂടെയാണ് ആതിഥേയർ ആശ്വാസ ഗോൾ നേടിയത്. സ്വന്തം തട്ടകത്തിലെ തോൽവി ടോട്ടനത്തിന് വലിയ തിരിച്ചടിയായി. കളിയിൽ ആധിപത്യം പുലർത്തിയത് ടോട്ടനമാണെങ്കിലും അവസരങ്ങൾ മുതലെടുത്ത് വോൾവ്‌സ് മത്സരം കൈപിടിയിലൊതുക്കുകയായിരുന്നു.
ന്യൂകാസിൽ യുണൈറ്റഡ്-ബോൺമൗത്ത് മത്സരം(2-2) സമനിലയിൽ കലാശിച്ചു. ഫുൾഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ച് ആസ്റ്റൺവില്ല വിജയവഴിയിൽ തിരിച്ചെത്തി. വെസ്റ്റ്ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് നോട്ടിങ്ഹാം ഫോറസ്റ്റും അട്ടിമറി ജയം സ്വന്തമാക്കി.