ഹീറോയായി ഗബ്രിയേൽ; ടോട്ടനത്തെ കീഴടക്കി നോർത്ത് ലണ്ടൻ പിടിച്ച് ആർസനൽ

മധ്യനിരയിലെ പ്രധാന താരങ്ങളായ മാർട്ടിൻ ഒഡേഗാർഡ്, ഡക്ലാൻ റൈസ് എന്നിവരില്ലാതെയാണ് ആഴ്‌സനൽ ഇറങ്ങിയത്.

Update: 2024-09-15 15:33 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ലണ്ടൻ: പ്രീമിയർലീഗ് നോർത്ത് ലണ്ടൻ ഡർബിയിൽ ആർസനലിന് ജയം. ടോട്ടൻഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. 64ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ ഗബ്രിയേലാണ് വിജയ ഗോൾ നേടിയത്. പരിക്കും സസ്‌പെൻഷനും കാരണം പ്രധാന താരങ്ങളില്ലാതെയാണ് ഗണ്ണേഴ്‌സ് ടോട്ടനം തട്ടകത്തിൽ ഇറങ്ങിയത്.

ആക്രമണ-പ്രത്യാക്രമണവുമായി ഇരുടീമുകളും മുന്നേറിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിലും ടോട്ടനമായിരുന്നു മുന്നിൽ. എന്നാൽ പഴുതടച്ച പ്രതിരോധത്തിലൂടെ ആർസനൽ ജയം പിടിക്കുകയായിരുന്നു. മത്സരം പലപ്പോഴും പരുക്കനായതോടെ എട്ട് മഞ്ഞക്കാർഡാണ് റഫറി പുറത്തെടുത്തത്. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡ്, പ്രതിരോധ താരം കലഫിയോരി എന്നിവർ പരിക്ക് കാരണവും കഴിഞ്ഞ മത്സരത്തിൽ റെഡ് കാർഡ് ഏറ്റുവാങ്ങിയ ഡക്ലാൻ റൈസ് എന്നിവരില്ലാതെയാണ് ഗണ്ണേഴ്‌സ് ഇറങ്ങിയത്.

രണ്ടാം പകുതിയിൽ ഗോൾ ലക്ഷ്യമാക്കി ഇരുടീമുകളും ആക്രമണത്തിന് മൂർച്ചകൂട്ടിയതോടെ കളി ആവേശമായി. ഒടുവിൽ 64ാം മിനിറ്റിൽ സന്ദർശകർ വലകുലുക്കി. ബുക്കായോ സാക്കയെടുത്ത കോർണർ കിക്കിൽ ഉയർന്ന് ചാടി ഹെഡ്ഡർ ചെയ്താണ് ഗബ്രിയേൽ ഗോൾനേടിയത്. ബ്രസീലിയനെ മാർക്ക് ചെയ്യുന്നതിൽ ടോട്ടനം പരാജയപ്പെട്ടു. അവസാന മിനിറ്റുകളിൽ സമനിലക്കായുള്ള ശ്രമങ്ങളെല്ലാം പരാജയമായതോടെ ലണ്ടൻ ഡർബി ചുവപ്പടിച്ചു. ജയത്തോടെ ആർസനൽ 10 പോയന്റുമായി പോയന്റ് ടേബിളിൽ രണ്ടാംസ്ഥാനത്തേക്കുയർന്നു. മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News