യുണൈയ്റ്റഡിനെ ഗോള്‍ മഴയില്‍ മുക്കി ലെസ്റ്റര്‍ സിറ്റി

ലെസ്റ്റര്‍ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് യുണൈറ്റഡിനെ കീഴടക്കിയത്

Update: 2021-10-16 16:27 GMT
Editor : Dibin Gopan | By : Web Desk
Advertising

കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി.  ലെസ്റ്റര്‍ സിറ്റിയാണ് ചുവന്ന ചെകുത്താന്മാരെ കീഴടക്കിയത്. ലെസ്റ്റര്‍ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് യുണൈറ്റഡിനെ കീഴടക്കിയത്. യുണൈറ്റഡാണ് മത്സരത്തില്‍ ആദ്യം ലീഡെടുത്തത്. 19-ാം മിനിട്ടില്‍ യുവതാരം മേസണ്‍ ഗ്രീന്‍വുഡ് യുണൈറ്റഡിനുവേണ്ടി സ്‌കോര്‍ ചെയ്തു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസ് സ്വീകരിച്ച ഗ്രീന്‍വുഡ് ബോക്സിന് പുറത്തുനിന്നും ഇടങ്കാലുകൊണ്ട് തൊടുത്തുവിട്ട വെടിയുണ്ട കണക്കെയുള്ള ഷോട്ട് പോസ്റ്റിലിടിച്ച് വലയിലേക്ക് തുളഞ്ഞുകയറി. യുണൈറ്റഡ് ഈ സീസണില്‍ നേടിയ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. എന്നാല്‍ 31-ാം മിനിട്ടില്‍ ലെസ്റ്റര്‍ സമനില ഗോള്‍ നേടി. യൂറി ടിയെലെമാന്‍സാണ് നീലപ്പടയ്ക്ക് വേണ്ടി വലകുലുക്കിയത്.രണ്ടാം പകുതിയില്‍ ലെസ്റ്ററാണ് കൂടുതല്‍ ആക്രമിച്ചുകളിച്ചത്.78-ാം മിനിട്ടില്‍ ലെസ്റ്റര്‍ സമനിലപ്പൂട്ട് പൊളിച്ചു.

മികച്ച പാസിങ് ഗെയിമിലൂടെ മുന്നേറിയ ലെസ്റ്റര്‍ സാഗ്ലര്‍ സോയുനുസുവിലൂടെ ലീഡെടുത്തു. യുണൈറ്റഡ് പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്താണ് താരം സ്‌കോര്‍ ചെയ്തത്. എന്നാല്‍ പരിക്കില്‍ നിന്നും മോചിതനായി പകരക്കാരനായി എത്തിയ മാര്‍ക്കസ് റാഷ്ഫോര്‍ഡ് യുണൈറ്റഡിനുവേണ്ടി 82-ാം മിനിട്ടില്‍ സമനില ഗോള്‍ നേടി. വിക്ടര്‍ ലിന്‍ഡലോള്‍ഫിന്റെ ലോങ് പാസ് സ്വീകരിച്ച റാഷ്ഫോര്‍ഡ് പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 2-2 ആയി.

പക്ഷേ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്ത മിനിട്ടില്‍ ജെയ്മി വാര്‍ഡി ലെസ്റ്ററിന് ലീഡ് സമ്മാനിച്ചു. ഇതോടെ ലെസ്റ്റര്‍ വിജയമുറപ്പിച്ചു. പിന്നാലെ ഇന്‍ജുറി ടൈമില്‍ പകരക്കാരനായി വന്ന പാറ്റ്സണ്‍ ഡാക്കയും സ്‌കോര്‍ ചെയ്തതോടെ യുണൈറ്റഡ് തകര്‍ന്നു.റൊണാള്‍ഡോയും സാഞ്ചോയും റാഷ്ഫോര്‍ഡും ഫെര്‍ണാണ്ടസും പോഗ്ബയുമെല്ലാം കളിച്ചിട്ടും യുണൈറ്റഡിന് വിജയം നേടാനായില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സിറ്റി ബേണ്‍ലിയെ കീഴടക്കി. 

സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബേണ്‍ലിയെ ആതിഥേയര്‍ പരാജയപ്പെടുത്തിയത്. 12-ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വയും 70-ാം മിനിട്ടില്‍ കെവിന്‍ ഡിബ്രുയിനെയുമാണ് സിറ്റിയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News