ക്ലൈമാക്‌സിൽ യുണൈറ്റഡ് വീണു; ഇഞ്ചുറി ടൈം ഗോളിൽ ഫുൾഹാം ഹീറോയായി ഇവോബി
കളിയിലുടനീളം നിരവധി അവസരങ്ങളാണ് യുണൈറ്റഡ് തുലച്ചത്.
ലണ്ടൻ: അവസാന മിനിറ്റ് വരെ നീണ്ടുനിന്ന പ്രീമിയർലീഗ് സസ്‌പെൻസ് ത്രില്ലറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണു. സ്വന്തം തട്ടകമായ ഓൾഡ് ട്രഫോർഡിലെ ഫുൾഹാമിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുൻ ചാമ്പ്യൻമാർ കീഴടങ്ങിയത്. 90+7ാം മിനിറ്റിൽ അലക്‌സ് ഇവോബിയാണ് സന്ദർശകരുടെ വിജയഗോൾ നേടിയത്. ഇതോടെ 26 കളിയിൽ 44 പോയന്റുമായി യുണൈറ്റഡ് ആറാം സ്ഥാനത്ത് തുടരും.
ആദ്യാവസാനം നിരവധി അവസരങ്ങൾ തുലച്ച ചെകുത്താൻമാർക്ക് തോൽവിയിൽ സ്വയം പഴിക്കാം. കാൽവിൻ ബസെയ്(65)യിലൂടെ ഫുൾഹാമാണ് മത്സരത്തിൽ ആദ്യഗോൾ നേടിയത്. ഇതിന് മറുപടിയായി 89ാം മിനിറ്റിൽ പ്രതിരോധ താരം ഹാരി മഗ്വയറിലൂടെ സമനില പിടിച്ചു. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച സമയത്താണ് നൈജീരിയൻ താരം ഇവോബി ഫുൾഹാം രക്ഷകനായി അവതരിച്ചത്. മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു വല കുലുക്കിയത്. പന്തുമായി കുതിച്ച പകരക്കാരൻ അഡാമ ട്രയോറി കൃത്യമായി ഇവോബിയെ ലക്ഷ്യമാക്കി നൽകി. പന്ത് സ്വീകരിച്ച ശേഷം വലത്തേക്ക് മാറി രണ്ട് യുണൈറ്റഡ് താരങ്ങൾക്കിടയിലൂടെ കൃത്യമായി വലയിലേക്ക് അടിച്ചുകയറ്റി. കളിയിലുടനീളം ചെകുത്താൻമാരെ ഇടംവലം വിടാൻ അനുവദിക്കാതെ പിടിച്ചുകെട്ടിയ ഫുൾഹാം മികച്ച പാസിങ് ഗെയിമിലൂടെ നിരന്തരം യുണൈറ്റഡ് ബോക്‌സിലേക്ക് ഇരമ്പിയെത്തി. മറുവശത്ത് ആദ്യപകുതിയിലടക്കം ലഭിച്ച നിരവധി അവസരങ്ങൾ ആതിഥേയർ നഷ്ടപ്പെടുത്തി.
65ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നാണ് ഫുൾഹാം യുണൈറ്റഡ് വലകുലുക്കിയത്. കസ്റ്റാഗ്നെയുടെ കോർണർ പിടിച്ചെടുത്ത് യുണൈറ്റഡ് പ്രതിരോധതാരങ്ങൾക്കിടയിലൂടെ പോസ്റ്റിലേക്ക് നിറയുതിർത്തു. ആദ്യ ശ്രമം പാളിയെങ്കിലും രണ്ടാമത്തെ അത്യുഗ്രൻ ഷോട്ട് ഗോൾകീപ്പർ ഒനാനെയെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ റൂഫിൽ അടിച്ചുകയറി. ഗോൾവഴങ്ങിയതോടെ ആക്രമണം ശക്തമാക്കി മുൻ ചാമ്പ്യൻമാർ സമനില ഗോളിനായി എതിർബോക്‌സിലേക്ക് ഇരമ്പിയെത്തിയെങ്കിലും ഫൈനൽ തേർഡിലെ പിഴവുകൾ തിരിച്ചടിയായി. 53ാം മിനിറ്റിൽ പരിക്കേറ്റ് കസമിറോയെ സബ്സ്റ്റിറ്യൂട്ട് ചെയ്യേണ്ടിവന്നതും തിരിച്ചടിയായി. 88ാം മിനിറ്റിൽ ഗോൾകീപ്പറുടെ പിഴവിൽ ലഭിച്ച പന്ത് അനായാസം മഗ്വയർ വലയിലാക്കുകയായിരുന്നു. തുടർന്ന് അവസാന മിനിറ്റുകളിലും അവസരങ്ങൾ ലഭിച്ചെങ്കിലും യുണൈറ്റഡ് നഷ്ടപ്പെടുത്തി. പരിക്കേറ്റ് സ്‌ട്രൈക്കർ റാഷ്മസ് ഹോയ്‌ലണ്ടില്ലാതെയാണ് ടീം ഇറങ്ങിയത്.