ഏഴു ഗോളിന് തോറ്റ മാഞ്ചസ്റ്റർ താരങ്ങൾക്ക് കോച്ച് കൊടുത്തത് എട്ടിന്റെ പണി
ഞായറാഴ്ച രാത്രി വൈകി മാഞ്ചസ്റ്ററിൽ തിരിച്ചെത്തിയ കളിക്കാരോട് തിങ്കളാഴ്ച രാവിലെ ആറ് ഡിഗ്രി തണുപ്പിൽ ഗ്രൌണ്ടിലെത്താൻ കോച്ച് നിർദേശിച്ചിരുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനോട് എതിരില്ലാത്ത ഏഴു ഗോളിന് തോറ്റ മാഞ്ചസ്റ്റർ യുനൈറ്റഡ് കളിക്കാർക്ക് കോച്ച് എറിക് ടെൻ ഹാഗ് കൊടുത്തത് വിചിത്രമായ ശിക്ഷ. മത്സരത്തിൽ ലിവർപൂൾ താരങ്ങളും ആരാധകരും ഗോൾ ആഘോഷിക്കുന്നതിന്റെ വീഡിയോകൾ ഇരുന്നു കാണാൻ തന്റെ കളിക്കാർക്ക് നിർദേശം നൽകിയ ടെൻ ഹാഗ്, രാവിലെ കൊടുംതണുപ്പത്ത് പരിശീലനത്തിനെത്താനും കളിക്കാരോട് നിർദേശിച്ചു. ഇതിനെല്ലാം പുറമെ കളിക്കാർക്ക് മനഃശാസ്ത്രജ്ഞന്റെ സേവനം ലഭ്യമാക്കാനും കോച്ച് തീരുമാനിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് ആൻഫീൽഡിൽ വെച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിലൊന്ന് ഏറ്റുവാങ്ങിയത്. എറിക് ടെൻ ഹാഗ് പരിശീലകനായി ചുമതലയേറ്റ ശേഷം മികച്ച പ്രകടനം പുറത്തെടുത്ത് ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തുകയും കറബാവോ കപ്പ് സ്വന്തമാക്കുകയും ചെയ്ത യുനൈറ്റഡിനെ ലിവർപൂൾ അക്ഷരാർത്ഥത്തിൽ വലിച്ചു കീറുകയായിരുന്നു. കോഡി ഗാക്‌പോ, ഡാർവിൻ നൂനസ്, മുഹമ്മദ് സലാഹ് എന്നിവരുടെ ഇരട്ട ഗോളുകളുടെ കരുത്തിലുള്ള ലിവർപൂളിന്റെ ജയം ഫുട്‌ബോൾ ലോകത്ത് വലിയ വാർത്തയായി.
മത്സരശേഷം ക്ഷോഭത്തോടെയാണ് ടെൻ ഹാഗ് തന്റെ കളിക്കാരുമായി സംസാരിച്ചത് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'ഓൾഡ് ട്രാഫോഡിലേക്ക് തിരികെ പോകാൻ നിങ്ങൾക്ക് ടീം ബസ്സിൽ കയറാൻ പറ്റി എന്നത് ഭാഗ്യമായി കരുതിയാൽ മതി. ശരിക്കും ആരാധകർക്കൊപ്പമാണ് നിങ്ങളെ അയക്കേണ്ടത്.' - ടെൻ ഹാഗ് പറഞ്ഞതായി ദി മിറർ റിപ്പോർട്ട് ചെയ്യുന്നു. ഇതുപോലുള്ള പ്രകടനങ്ങൾ ഇനി ആവർത്തിച്ചാൽ കളിക്കാരെ 21 വയസ്സിൽ താഴെയുള്ളവരുടെ ടീമിലേക്കയക്കുമെന്ന മുന്നറിയിപ്പും കോച്ച് നൽകി.
ഞായറാഴ്ച രാത്രി വൈകി മാഞ്ചസ്റ്ററിൽ തിരിച്ചെത്തിയ കളിക്കാരോട് തിങ്കളാഴ്ച രാവിലെ ഒൻപതു മണിക്കു തന്നെ പരിശീലന ഗ്രൗണ്ടിലെത്താൻ കോച്ച് നിർദേശിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. രാവിലെ ഒൻപത് മണിക്ക് ആറ് ഡിഗ്രി തണുപ്പാണ് മാഞ്ചസ്റ്ററിൽ. കളിക്കാർ എത്തുന്നതിനും രണ്ടു മണിക്കൂർ മുമ്പേ കൊടുംതണുപ്പ് സഹിച്ച് കോച്ച് ഗ്രൗണ്ടിലെത്തിയിരുന്നു.
ടീമംഗങ്ങളെ ഒരുമിച്ചിരുത്തിയ ശേഷം ലിവർപൂളിനെതിരായ മത്സരത്തിലെ ഗോളാഘോഷ ദൃശ്യങ്ങൾ കോച്ച് സ്‌ക്രീനിൽ പ്രദർശിപ്പിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഗ്രൗണ്ടിലെയും സ്‌റ്റേഡിയത്തിലെയും ഗോളാഘോഷങ്ങളുടെയും ഡ്രസ്സിങ് റൂമിലെ ആഘോഷങ്ങളുടെയും ദൃശ്യങ്ങളാണ് കാണിച്ചത്. ഭാവിയിൽ ഇതുപോലുള്ള മോശം പ്രകടനം ആവർത്തിക്കാതിരിക്കാനാണ് ഇതെന്നും കോച്ച് വിശദീകരിച്ചു.
ലിവർപൂളിനെതിരെ ടീമിലുണ്ടായിരുന്ന ഓരോ കളിക്കാരനും ടീമിന്റെ സ്‌പോർട്‌സ് സൈക്കോളജിസ്റ്റ് റൈനിയർ കൊയേഴ്‌സിനെ കാണണമെന്നും കോച്ച് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ സീസണിലേതു പോലുള്ള മോശം മാനസികാവസ്ഥയിലേക്ക് ടീം പോകരുതെന്ന് കോച്ചിനു നിർബന്ധമുണ്ടെന്നും അതിനാലാണ് ഡച്ചുകാരനായ കൊയേഴ്‌സിനെ ആശ്രയിക്കുന്നതെന്നും ക്ലബ്ബ് വൃത്തങ്ങൾ പറയുന്നു.