ടെൻഹാഗിന്റെ അയാക്സ് പ്രേമം യുനൈറ്റഡിന് പാരയാകുമോ?
മാഞ്ചസ്റ്റർ: ഡച്ച് ഫുട്ബോൾ കാൽപന്തിന്റെ പൈതൃകവും ഫിലോസഫിയും പേറുന്നവരാണ്. ടോട്ടൽ ഫുട്ബോളും യൊഹാൻ ക്രൈഫും അയാക്സുമെല്ലാം ഫുട്ബോളിന് അവർ നൽകിയ സംഭാവനകളാണ്. പക്ഷേ എറിക് ടെൻഹാഗിന്റെ ഡച്ച് പ്രേമം കുറച്ചുകൂടുതലാണെന്നാണ് പൊതുവേയുള്ള സംസാരം.
ഇൗ വർഷം യുനൈറ്റഡിൽ എത്തിയ താരങ്ങളുടെ മുൻകാല ചരിത്രവും അത് തെളിയിക്കുന്നു. ഈ വർഷം എത്തിയവരിൽ പ്രധാനിയായ ജോഷ്വ സിർക്സി ഡച്ച് സ്ട്രൈക്കറാണ്. ഇന്നലെ ബയേൺ മ്യൂണിക്കിൽ നിന്നെത്തിച്ച മത്യാസ് ഡിലിറ്റും നുസൈർ മസ്റവിയും ടെൻഹാഗിന്റെ ശിക്ഷണത്തിൽ അയാക്സിൽ പന്തുതട്ടിയവർ തന്നെ. ഇരുവരുടെയും ട്രാൻസ്ഫർ ഉറപ്പായതിന് പിന്നാലെ മാഞ്ചസ്റ്റർ ഈസ് റെഡ് എന്ന് അയാക്സ് xൽ ട്വീറ്റ് പോലും ചെയ്തിരിക്കുന്നു. ഈ വേനൽക്കാലത്ത് ചെങ്കുപ്പായക്കാരുടെ അണിയറ സംഘത്തിൽ ചേർന്ന റൂഡ് വാൻ നിസ്റ്റൽ റൂയിയും റെനെ ഹെയ്ക്കും വരുന്നത് ഓറഞ്ച് ഭൂമികയിൽ നിന്നുംതന്നെയാണ്.
കോച്ചുമാർ ഇഷ്ടപ്പെട്ട താരങ്ങളെ കൊണ്ടുവരുന്നത് ഫുട്ബോളിലും യുനൈറ്റഡിലും പുതിയ സംഭവമൊന്നുമല്ല. ഡേവിഡ് മോയസ് എവർട്ടണിൽ നിന്നും മറൗൻ ഫെല്ലെയ്നിയുടെ കൈപിടിച്ചാണ് വന്നത്. ലൂയിസ് വാൻഗാൽ യുനൈറ്റഡ് കോച്ചായതിന് പിന്നാലെ ഡോലേ ൈബ്ലൻഡും മെംഫിസ് ഡിപ്പായിയും മാഞ്ചസ്റ്ററിൽ വന്നിറങ്ങിയിരുന്നു.
പക്ഷേ എറിക് ടെൻഹാഗ് അയാക്സിനൊപ്പമുള്ള തന്റെ വിജയസമവാക്യം പ്രീമിയർ ലീഗിലും ആവർത്തിക്കാനാണ് ശ്രമിച്ചത്. എറിക് ടെൻഹാഗ് ഓൾഡ് ട്രാഫോഡിലെത്തിയ ആദ്യ സീസണിൽ തന്നെ അയാക്സിൽ നിന്നും ലിസാൻഡ്രോ മാർട്ടിനസും ആന്റണിയും യുനൈറ്റഡ് കുപ്പായമണിഞ്ഞിരുന്നു. അയാക്സിന്റെ സൂപ്പർ താരമായിരുന്ന ഫ്രാങ്കി ഡിജോങ്ങിനായി ഒരുപാട് വലയെറിഞ്ഞ് നോക്കിയെങ്കിലും നടക്കാതെ പോയി.ടിറൽ മലാസ്യ, ക്രിസ്ത്യൻ എറിക്സ്ൺ എന്നിവർ ടെൻഹാഗിന്റെ കുട്ടികൾ അല്ലായിരുന്നുവെങ്കിലും ഡച്ച് ലീഗിൽ പന്തുതട്ടിയവരാണ്. ഇതിൽ എറിക്സൺ അയാക്സ് അക്കാഡമികളിലൂടെ വളർന്നവനുമാണ്.
ഡച്ച് പ്രേമത്തെക്കുറിച്ച് ടെൻഹാഗിനോട് പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹമത് പാടെ തള്ളിക്കളഞ്ഞു. ‘‘കാസിമിറോ ഡച്ച് ലീഗിൽ കളിച്ചിട്ടുണ്ടോ? എറിക്സൺ പത്തുവർഷം മുമ്പാണ് ഡച്ച് ലീഗിൽ കളിച്ചത്. പിന്നീട് ടോട്ടൻഹാമിലേക്കും ഇന്ററിലേക്കും പോയി. മേസൺ മൗണ്ട് ഡച്ച് ലീഗിൽ കളിച്ചിട്ടുണ്ടാകാം. പക്ഷേ യുനൈറ്റഡിലേക്ക് വന്നതിന് അതുമായി ബന്ധമില്ല. അയാക്സിൽ നിന്നും താരങ്ങളെ കൊണ്ടുവരുന്നു എന്ന് പറയുന്നവരോട് എനിക്ക് പറയാനുള്ളത് അയാക്സ് എന്നുപറയുന്നത് ലോകത്തെ എല്ലാ പ്രമുഖ ക്ലബുകളിലേക്കും താരങ്ങളെ നൽകിയവരാണെന്നാണ്. ആ ലിസ്റ്റ് നോക്കിയാൽ നിങ്ങൾക്കത് മനസ്സിലാകും’’ - ടെൻഹാഗ് പോയ വർഷം ഡിസംബറിൽ പറഞ്ഞതിങ്ങനെയായിരുന്നു.
എറിക് ടെൻഹാഗ് കാര്യങ്ങളെ നിഷേധിക്കുന്നുണ്ടെങ്കിലും കണക്കുകൾ കള്ളം പറയില്ല. ടെൻഹാഗിന്റെ കാലത്ത് ലോണിലടക്കം 20 താരങ്ങളുമായാണ് യുനൈറ്റഡ് കരാർ ഒപ്പിട്ടത്. ഇതിൽ അഞ്ചുപേരും ടെൻഹാഗിന്റെ ശിക്ഷണത്തിൽ അയാക്സിനായി പന്തുതട്ടിയവർ. സോഫിയൻ അംറബാത്താകട്ടെ, ഡച്ച് ക്ലബായ യുട്രാക്റ്റിൽ ടെൻഹാഗിനൊപ്പമുണ്ടായിരുന്നവൻ തന്നെയാണ്. ഇവരെക്കൂടാതെ ഡച്ച് ലീഗിൽ കളിച്ചിരുന്ന വേറെ നാലുപേരുമുണ്ട്.
കാൽപന്ത് ചന്തയിൽ ടെൻഹാഗിന്റെ ഇഷ്ടങ്ങൾക്കായി മാത്രം യുനൈറ്റഡ് പണമെറിഞ്ഞിട്ടുണ്ട്. 319 മില്യൺ ഡോളർ തുകയാണ് അയാക്സിന് മാത്രമായി യുനൈറ്റഡ് നൽകിയിട്ടുളളത്. ടെൻഹാഗിനൊപ്പം കളിച്ചവർക്ക് വേണ്ടി മാത്രമായി 728 മില്യൺ ഡോളറെന്ന ഭീമൻ തുകയും യുനൈറ്റഡ് എറിഞ്ഞു. അയാക്സിൽ നിന്നുമെത്തിയവരിൽ ആരാധകർക്ക് പൂർണ തൃപ്തിയുള്ളത് ലിസാൻഡ്രോ മാർട്ടിനസിന്റെ കാര്യത്തിൽ മാത്രമാണ്. പീറ്റർ ഷിമൈക്കലും എഡ്വിൻ വാൻഡൻ സാറും ഡേവിഡ് ഡിഗിയയും അടക്കമുള്ള അതികായർ വലകാത്തിരുന്ന യുനൈറ്റഡിന്റെ കാവൽക്കാരനാകാൻ പോന്നവനായി ഒനാനയെ കാണുന്നവർ ചുരുക്കമാണ്. ഒനാനയുടെ കാര്യം പോട്ടെയെന്ന് വെച്ചാലും 110 മില്യൺ ഡോളറെന്ന വമ്പൻ തുകക്ക് വാങ്ങിയ ആന്റണിയുടെ കാര്യത്തിൽ ആരാധകർ ക്ഷമിക്കില്ല. പോയ സീസണിൽ ആന്റണി നേടിയത് ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ്. ടെൻഹാഗിന്റെ പ്രത്യേക താൽപര്യത്തിൽ എത്തിയ ആന്റണിയെ പ്രീമിയർ ലീഗിലെ എക്കാലത്തെയും ദുരന്ത സൈനിങ്ങുകളിലൊന്നായി കാണുന്നവരുമുണ്ട്.
ഒരുകാലത്ത് ആരവങ്ങൾ നുരഞ്ഞുപൊന്തിയിരുന്ന ഓർഡ് ട്രാഫോഡിൽ യുനൈറ്റഡുകാർ എല്ലാം മറന്നൊന്ന് ചിരിച്ചിട്ട് കാലം കുറച്ചായി. അലക്സ് ഫെർഗൂസന്റെ പടിയിറക്കത്തിന് ശേഷം പ്രീമിയർലീഗ് കിരീടത്തിൽ ചുംബിക്കാനാകാത്ത യുനൈറ്റഡ് പലരെയും പരീക്ഷിച്ച് മടുത്ത ശേഷമാണ് ടെൻഹാഗിലേക്കെത്തിയത്. പോയ സീസണിൽ എട്ടാംസ്ഥാനത്തേക്ക് പോയി നാണംകെട്ടതിന് പിന്നാലെ ടെൻഹാഗിന്റെ തൊപ്പി തെറിച്ചെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാൽ എഫ്.എകപ്പിൽ ബദ്ധവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ മറിച്ചിട്ടത് ടെൻഹാഗിന് ആയുസ്സ് നീട്ടിനൽകി.
ഓൾഡ് ട്രാഫോഡിൽ ടെൻഹാഗിനിത് ജീവൻമരണ പോരാട്ടമാണ്. ഇക്കുറി വിജയിച്ചാൽ ആളുകൾ എല്ലാം മറക്കും. മറിച്ചാണെങ്കിൽ ട്രാൻസ്ഫറുകൾ മുതൽ ഇങ്ങോട്ടുള്ള ഓരോന്നിനും ടെൻഹാഗ് കണക്കുപറയേണ്ടി വരും.