ഹാളണ്ടിനും ഫിൽ ഫോഡനും ഹാട്രിക്ക്; യുനൈറ്റഡിനെ നാണംകെടുത്തി മാഞ്ചസ്റ്റർ സിറ്റി
എർലിങ് ഹാളണ്ടിനും ഫിൽ ഫോഡനും ഹാട്രിക്ക്; ഇരട്ട അസിസ്റ്റുമായി ഹാളണ്ടും ഡിബ്രുയ്നും
മാഞ്ചസ്റ്റർ: തുടർച്ചയായ മൂന്നാം ഹോം മാച്ചിലും ഹാട്രിക്ക് നേടി എർലിങ് ഹാളണ്ട് പ്രീമിയർ ലീഗിൽ ചരിത്രമെഴുതിയപ്പോൾ നഗരവൈരികളായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മൂന്നു ഗോളിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി. ഹാളണ്ടിനു പുറമെ ഫിൽ ഫോഡനും ഹാട്രിക്കുമായി കത്തിക്കയറിയപ്പോൾ സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡർബിയിൽ 6-3 നായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളത്തിലിറങ്ങാൻ അവസരം ലഭിക്കാതിരുന്ന മത്സരത്തിൽ, യുനൈറ്റഡിനു വേണ്ടി പകരക്കാരനായിറങ്ങി ആന്റണി മാർഷ്യൽ ഇരട്ട ഗോൾ നേടി.
സ്വന്തം കാണികൾക്കു മുന്നിൽ നേടിയ അസാമാന്യ ജയത്തോടെ സിറ്റി സ്ഥാനക്കാരായ ആഴ്‌സനലുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറച്ചു. സീസണിലെ മൂന്നാം തോൽവിയറിഞ്ഞ യുനൈറ്റഡ് ടേബിളിൽ ആറാം സ്ഥാനത്താണ്.
സീസണിൽ തോൽവിയറിഞ്ഞിട്ടില്ലാത്ത സിറ്റിയും തുടരെ നാലു മത്സരം ജയിച്ച യുനൈറ്റഡും തമ്മിലുള്ള മത്സരം കടുപ്പമേറുമെന്നായിരുന്നു കരുതിയതെങ്കിലും പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ടീം തുടക്കം മുതലേ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എട്ടാം മിനുട്ടിൽ ബെർണാർഡോ സിൽവയുടെ പാസിൽ നിന്ന് ഇടങ്കാൽ കൊണ്ട് ഫിനിഷ് ചെയ്ത് ഫോഡൻ ആണ് ആദ്യവെടി പൊട്ടിച്ചത് (1-0).
18-ാം മിനുട്ടിൽ ബോക്‌സിനു തൊട്ടുപുറത്തു നിന്ന് ഇൽകേ ഗുണ്ടോഹൻ എടുത്ത ഫ്രീകിക്ക് യുനൈറ്റഡ് കീപ്പർ ഡേവിഡ് ഡിഹയയെ കീഴടക്കിയെങ്കിലും ബാറിൽ തട്ടി മടങ്ങി.
34-ാം മിനുട്ടിലാണ് ഹാളണ്ട് ഗോൾവേട്ടയ്ക്കു തുടക്കമിട്ടത്. കെവിൻ ഡിബ്രുയ്‌നെ എടുത്ത കോർണർ കിക്കിൽ സമർത്ഥമായി ഹെഡ്ഡറുതിർത്തായിരുന്നു നൊർവീജിയൻ താരത്തിന്റെ ഗോൾ. മാഞ്ചസ്റ്റർ താരം മലാഷ്യ ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും അതിനു മുമ്പേ പന്ത് ഗോൾവര കടന്നിരുന്നു (2-0).
മൂന്നു മിനുട്ടിനുള്ളിൽ ഹാളണ്ട് രണ്ടാം ഗോളും നേടി. ഇത്തവണ ഡിബ്രുയ്‌നെയുടെ ബുദ്ധിപൂർവമുള്ള പാസിൽ, ഡിഫന്റർക്ക് അവസരം നൽകാതെ ചാടിവീണ് കാൽവെച്ചാണ് ഒമ്പതാം നമ്പർ താരം ഗോളടിച്ചത് (3-0). ഇടവേളയ്ക്കു പിരിയുംമുമ്പ് ഹാളണ്ടിന്റെ രണ്ടാം ഗോളിനും ഹാളണ്ട് വഴിയൊരുക്കി (4-0).
ഇടവേള കഴിഞ്ഞെത്തിയ മാഞ്ചസ്റ്ററിന് ആശ്വാസം പകർന്ന് 56-ാം മിനുട്ടിൽ ബ്രസീലിയൻ താരം ആന്റണി ഒരു ഗോൾ മടക്കി. ബോക്‌സിനു പുറത്തുനിന്ന് നിരവധി സിറ്റി കളിക്കാർ മുന്നിൽ നിൽക്കെ ആന്റണി വളച്ചു തൊടുത്ത പന്ത് തടുക്കാൻ മുഴുനീള ഡൈവ് ചെയ്ത എഡേഴ്‌സണ് കഴിഞ്ഞില്ല. (4-1).
യുനൈറ്റഡിന് പക്ഷേ, ആശ്വസിക്കാൻ അധികം വകയുണ്ടായിരുന്നില്ല. 64-ാം മിനുട്ടിൽ ഹാളണ്ട് ഹാട്രിക് തികച്ചു. പകരക്കാരനായി ഇറങ്ങിയ ഗോമസിന്റെ പാസിൽ നിന്നായിരുന്നു ഹാളണ്ടിന്റെ മൂന്നാം ഗോൾ. (5-1). ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ തുടർച്ചയായ മൂന്നാം മത്സരത്തിലായിരുന്നു താരത്തിന്റെ ഹാട്രിക്.
72-ാം മിനുട്ടിൽ ഫോഡന്റെ കരിയറിലെ ആദ്യ ഹാട്രിക്കും വന്നു. 50 പ്രീമിയർ ലീഗ് ഗോൾ നേടുന്ന പ്രായം കുറഞ്ഞ കളിക്കാരനായി മാറിയ ഫോഡന്റെ ഹാട്രിക്കിന് വഴിയൊരുക്കിയതും ഹാളണ്ടായിരുന്നു.
6-1 ന് പിറകിലായ ശേഷം തിരിച്ചുവരവിന് ശ്രമം നടത്തിയ യുനൈറ്റഡ് ആന്റണി മാർഷ്യലിലൂടെ രണ്ടു ഗോൾ മടക്കിയെങ്കിലും ഏറെ വൈകിപ്പോയിരുന്നു.
ഇന്നത്തെ ഹാട്രിക്കടക്കം പ്രീമിയർ ലീഗിൽ എട്ട് മത്സരങ്ങളിൽ നിന്ന് ഹാളണ്ടിന്റെ ഗോൾ സമ്പാദ്യം 14 ആയി. ലീഗിലെ ടോപ് സ്കോററും ഹാളണ്ട് തന്നെയാണ്.