മുസ്‌ലിം കളിക്കാർക്കു മുമ്പിൽ ഇനി മദ്യക്കുപ്പിയില്ല; തീരുമാനവുമായി യുവേഫ
ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബ ഈയിടെ വാർത്താ സമ്മേളനത്തിന് മുമ്പ് ഹൈനെകന്റെ ബിയർ കുപ്പി എടുത്തു മാറ്റിയിരുന്നു
യൂറോ കപ്പിലെ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന മുസ്‌ലിം കളിക്കാർക്കു മുമ്പിൽ ഇനി ബിയർകുപ്പി വയ്ക്കില്ലെന്ന് ഹൈനെകൻ. ഫ്രഞ്ച് സൂപ്പർതാരം പോൾ പോഗ്ബ ഈയിടെ വാർത്താ സമ്മേളനത്തിന് മുമ്പ് ഹൈനെകന്റെ ബിയർ കുപ്പി എടുത്തു മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബിയർ കമ്പനിയുടെയും യുവേഫയുടെയും തീരുമാനം. ബുധനാഴ്ച രാത്രി പോർച്ചുഗലിനെതിരെ നടന്ന മത്സരത്തിന് ശേഷം ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസേമ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിയർ കുപ്പിയുണ്ടായിരുന്നില്ല.
മുമ്പിലെ മേശയിൽ ബിയർ കുപ്പി വയ്ക്കണോ വേണ്ടയോ എന്നതിൽ ഇനി മുതൽ കളിക്കാർക്കും മാനേജർമാർക്കും തീരുമാനമെടുക്കാമെന്ന് യുവേഫ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. യൂറോകപ്പിന്റെ പ്രധാന സ്‌പോൺസർമാരിലൊന്നാണ് ഹൈനെകൻ.
Paul Pogba follows Cristiano Ronaldo's Coca Cola Euro 2020 stunt by removing a Heineken beer bottle pic.twitter.com/qyzTr80oS9
— The Sun (@TheSun) June 16, 2021
നേരത്തെ, ബുഡാപെസ്റ്റിലെ വാർത്താ സമ്മേളനത്തിൽ കൊക്ക കോളയുടെ കുപ്പിയെടുത്തു മാറ്റിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ നടപടിയും വാർത്താ പ്രാധാന്യം നേടിരുന്നു. ഇതിന് പിന്നാലെ വിപണിയിൽ നാലു ബില്യൺ ഡോളറിന്റെ (ഏകദേശം 29,000 കോടി രൂപ) നഷ്ടമാണ് കമ്പനിക്കുണ്ടായിരുന്നത്. 242 ബില്യൺ ഡോളർ ഉണ്ടായിരുന്ന വിപണി മൂല്യം 238 ബില്യണിലേക്ക് താഴുകയായിരുന്നു.
കോളയുടെ കുപ്പികൾ നീക്കിവച്ച് വെള്ളം കുടിക്കാനാണ് താരം നിർദേശിച്ചിരുന്നത്. ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ ഇറ്റലിയുടെ മാന്വൽ ലോകാടെലിയും കോളക്കുപ്പി നീക്കിവെച്ചിരുന്നു. താരങ്ങളുടെ നടപടിയിൽ യുവേഫ നീരസം പ്രകടിപ്പിച്ചിരുന്നു. സ്‌പോൺസർമാരില്ലെങ്കിൽ ടൂർണമെന്റ് നടക്കില്ലെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ പിഴയൊടുക്കേണ്ടി വരുമെന്നും യുവേഫ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രീ ക്വാർട്ടർ ലൈനപ്പായി
അതിനിടെ, യൂറോകപ്പിലെ പ്രാഥമികഘട്ടം അവസാനിച്ചു. ആറു ഗ്രൂപ്പുകളിൽനിന്നായി 16 ടീമുകളാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 9.30ന് വെയ്ൽസ്-ഡെന്മാർക്ക് മത്സരത്തോടെ നോക്കൗട്ട് പോരാട്ടങ്ങൾക്ക് തുടക്കമാകും.
സെവില്ലെയിൽ നടക്കുന്ന പോർച്ചുഗൽ-ബെൽജിയം മത്സരമായിരിക്കും പ്രീ ക്വാർട്ടറിലെ ഏറ്റവും വാശിയേറിയ പോരാട്ടം. ഗ്രൂപ്പ് എഫിൽ ഫ്രാൻസിനും ജർമനിക്കും പിറകെ മൂന്നാം സ്ഥാനക്കാരായതോടെയാണ് പോർച്ചുഗലിന് പ്രീ ക്വാർട്ടറിൽ കരുത്തരായ ബെൽജിയത്തെ നേരിടേണ്ടിവന്നത്. ഇതോടൊപ്പം ക്രൊയേഷ്യ-സ്പെയിൻ, ഇംഗ്ലണ്ട്-ജർമനി മത്സരങ്ങളിലും തീപ്പാറും. നെതർലൻഡ്സ് ചെക്ക് റിപബ്ലിക്കിനെയും ഇറ്റലി ഓസ്ട്രിയയെയും സ്വീഡൻ യുക്രൈനെയും നേരിടും.