ജയം കൈവിട്ട് സ്വിറ്റ്‌സര്‍ലന്‍ഡ്; ആശ്വാസ സമനിലയില്‍ വെയ്ല്‍സ്
കളിയില്‍ ആധിപത്യം പുലര്‍ത്തിയത് സ്വിറ്റ്സര്‍ലന്‍ഡായിരുന്നെങ്കിലും വിജയത്തിലെത്താന്‍ കഴിഞ്ഞില്ല.
യൂറോ കപ്പിലെ വെയ്‍ല്‍സ്, സ്വിറ്റ്സർലൻഡ് മത്സരം സമനിലയില്‍. ഓരോ ഗോളുകളിച്ചാണ് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞത്. കളിയില്‍ ആധിപത്യം പുലര്‍ത്തിയത് സ്വിറ്റ്സര്‍ലന്‍ഡായിരുന്നെങ്കിലും വിജയത്തിലെത്താന്‍ കഴിഞ്ഞില്ല.
19ആം മിനുറ്റിൽ സ്വിറ്റ്സർലൻഡിന്റെ ആദ്യ അവസരം വന്നു. ഷഖീരി എടുത്ത കോർണറിൽ നിന്ന് മനോഹരമായ ബാക്ക് ഫ്ലിക്കിലൂടെ സ്വിസ്സ് ഡിഫൻഡർ ഷാറിന്റെ ഗോൾ ശ്രമം വെയിൽസ് കീപ്പർ ഡാനി വാർഡിന്റെ ഇടപെടൽ കൊണ്ട് ഗോളായില്ല. പതിയെ സ്വിറ്റ്സർലൻഡ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ആദ്യ പകുതിയിലുടനീളം മികച്ച ഒത്തിണക്കം കാണിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് വെയ്ല്‍സ് പ്രതിരോധത്തെ സ്ഥിരമായി പരീക്ഷിച്ചുകൊണ്ടിരുന്നു. ആദ്യ പകുതിയില്‍ പത്തിലേറെ മികച്ച മുന്നേറ്റങ്ങളാണ് ടീം നടത്തിയത്. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം നേടാന്‍ സ്വിസ്സ് ടീമിനായില്ല.
രണ്ടാം പകുതി നാല് മിനിറ്റ് പിന്നിടുമ്പോള്‍ തന്നെ സ്വിറ്റ്സർലൻഡ് മുന്നിലെത്തി. ഷഖീരി എടുത്ത ഒരു കോർണറിൽ നിന്നുള്ള ബ്രീൽ എംബോളോയുടെ ഹെഡർ വെയ്ൽസ് വലയിലെത്തുകയായിരുന്നു.
GOAL! Wales 0-1 Switzerland (Embolo 50'). #EURO2020 pic.twitter.com/CZTM8sUuOn
— UEFA EURO 2020 (@EURO2020) June 12, 2021
74ാം മിനിറ്റില്‍ കിഫെർ മൂറിന്‍റെ ഹെഡറിലൂടെ വെയ്ൽസ് സമനില പിടിച്ചു. ജോ മോറൽ ബോക്സിലേക്ക് നീട്ടി നൽകിയ പന്ത് ഹെഡറിലൂടെ മൂർ വലയിലെത്തിക്കുകയായിരുന്നു. 85ാം മിനിറ്റില്‍ മിനിറ്റില്‍ ഗാവ്രനോവിച്ചിന്റെ ഗോൾ വാർ പരിശോധനയിൽ ഓഫ്സൈഡാണെന്ന് തെളിഞ്ഞതിനെ തുടർന്ന് നിഷേധിക്കപ്പെട്ടു. വെയിൽസ് നിരയിൽ ക്യാപ്റ്റൻ ബെയ്ല് നല്ല കാലത്തിന്റെ നിഴല്‍ മാത്രമായപ്പോള്‍ സ്റ്റാറായത് ഗോള്‍ കീപ്പര്‍ ഡാനി വാർഡായിരുന്നു.