മരണഗ്രൂപ്പിൽ ജർമനിയെയും വിറപ്പിച്ച് ഹങ്കറിക്ക് വീരമൃത്യു
രണ്ട് തവണ മുന്നിൽ നിന്ന ശേഷം സമനില വഴങ്ങിയ ഹങ്കറി നോക്കൗട്ട് കാണാതെ പുറത്ത്, ക്രിസ്റ്റ്യാനോ ലോക റെക്കോർഡിനൊപ്പം
യൂറോകപ്പിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ വമ്പന്മാരെ വിറപ്പിച്ച ഹങ്കറിക്ക് വീരചരമം. വിധിനിർണായകമായ മൂന്നാം മത്സരത്തിൽ ജർമനിക്കെതിരെ രണ്ടുതവണ മുന്നിൽ നിന്ന ശേഷം സമനില വഴങ്ങിയതാണ് മഗ്യാറുകൾക്ക് തിരിച്ചടിയായത്. കരുത്തരായ ഫ്രാൻസും പോർച്ചുഗലും തമ്മിലുള്ള മത്സരവും 2-2 സമനിലയിൽ കലാശിച്ചു. ഇതോടെ ഒന്നാം സ്ഥാനക്കാരായി ഫ്രാൻസും രണ്ട്, മൂന്ന് സ്ഥാനങ്ങളിലായി യഥാക്രമം ജർമനി, പോർച്ചുഗൽ ടീമുകളും നോക്കൗട്ടിലെത്തി. ഫ്രാൻസിനെതിരായ രണ്ട് ഗോളുകളുമായി ക്രിസ്റ്റിയാനോ റൊണാൾഡോ, ഏറ്റവുമധികം അന്താരാഷ്ട്ര ഗോളുകളെന്ന റെക്കോർഡിൽ (109) ഇറാൻ ഇതിഹാസം അലിദേയിക്കൊപ്പമെത്തി.
ബുഡാപെസ്റ്റിലും മ്യൂണിച്ചിലുമായി നടന്ന മരണഗ്രൂപ്പ് മത്സരങ്ങൾ അവസാന നിമിഷങ്ങൾ വരെ ഉദ്വേഗഭരിതമായിരുന്നു. ജർമനിക്കെതിരെ അവരുടെ കളിമുറ്റത്ത് 11-ാം മിനുട്ടിൽ ഹങ്കറി ഗോൾ നേടിയതോടെ ഗ്രൂപ്പിലെ സമവാക്യങ്ങൾ മാറിമറിഞ്ഞു. റോളണ്ട് സലായ് ബോക്‌സിലേക്കു നൽകിയ ഹൈബോൾ പാസിൽ, ജർമൻ പ്രതിരോധ നിരക്കാരെ കാഴ്ചക്കാരാക്കി ഹെഡ്ഡറുതിർത്ത് ക്യാപ്ടൻ ആദം സലായ് ആണ് ഹങ്കറിയെ മുന്നിലെത്തിച്ചത്. ഗോൾ തിരിച്ചടിക്കാൻ ജർമനി ആവതു ശ്രമിച്ചെങ്കിലും ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.
അതിനിടെ, ഫ്രാൻസും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതിയിലെ പ്രധാന സംഭവങ്ങൾ രണ്ട് പെനാൽട്ടി ഗോളുകളായിരുന്നു. 31-ാം മിനുട്ടിൽ വില്യം കാർവാലോയെ ഫ്രഞ്ച് കീപ്പർ ഹ്യുഗോ യോറിസ് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ പോർച്ചുഗലിന് ലീഡ് നൽകി. എന്നാൽ, ഇഞ്ച്വറി ടൈമിൽ ബോക്‌സിൽ എംബാപ്പെയെ സെമഡോ വീഴ്ത്തിയതിനു കിട്ടിയ പെനാൽട്ടിയിലൂടെ കരീം ബെൻസേമ ലോക ചാമ്പ്യന്മാരെ ഒപ്പമെത്തിച്ചു.
ഇടവേള കഴിഞ്ഞെത്തിയ ഉടനെ ബെൻസേമ ക്ലിനിക്കൽ ഫിനിഷിലൂടെ ഫ്രാൻസിന് ലീഡ് നൽകി. ഇതോടെ, ഈ സ്‌കോർ നില തുടർന്നാൽ പോർച്ചുഗൽ പുറത്താകുമെന്ന സ്ഥിതിയായി. എന്നാൽ, 60-ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോ പറങ്കികൾക്ക് ജീവൻ തിരിച്ചുനൽകി. ഇതോടെ, ഹങ്കറിക്കെതിരെ പിന്നിലായിരുന്ന ജർമനിയുടെ നില വീണ്ടും പരുങ്ങലിലായി.
66-ാം മിനുട്ടിൽ കായ് ഹാവറ്റ്‌സ് സമനില ഗോൾ നേടിയതോടെയാണ് ജർമനിക്ക് ആശ്വാസമായത്. എന്നാൽ, അതിന് നിമിഷങ്ങളുടെ ആയുസ്സേ ഉണ്ടായുള്ളൂ. ആദം സലായുടെ അസിസ്റ്റിൽ ജർമൻ പ്രതിരോധപ്പിഴവ് മുതലെടുത്ത് ആന്ദ്രെ ഷാഫർ ഹങ്കറിക്ക് വീണ്ടും ലീഡ് നൽകി. 2014-ലെ ലോകചാമ്പ്യന്മാരെ വിറപ്പിച്ചു നിർത്തിയ ഹങ്കറി അട്ടിമറിജയം നേടുമെന്ന് തോന്നിച്ച ഘട്ടത്തിൽ വീണ്ടും ട്വിസ്റ്റുണ്ടായി. പകരക്കാരനായി കളത്തിലിറങ്ങിയ ലിയോൺ ഗോരറ്റ്‌സ്‌ക ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഹങ്കേറിയൻ വലയിൽ പന്തെത്തിച്ചതോടെ കളിയും വിധിയും വീണ്ടും തിരിഞ്ഞു. തുടർന്ന് ഗോളടിക്കാൻ ഹങ്കറിയെ അനുവദിക്കാതെ അവർ മത്സരം പൂർത്തിയാക്കുകയും ചെയ്തു.