ബെൽജിയവുമായി നിർണായക മാച്ചിൽ സമനില; ഉക്രൈൻ പ്രീക്വാർട്ടർ കാണാതെ പുറത്ത്

പ്രീക്വാർട്ടറിൽ ഫ്രാൻസാണ് ബെൽജിയത്തിന്റെ എതിരാളികൾ

Update: 2024-06-26 18:40 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മ്യൂണിക്: ഗ്രൂപ്പ് ഇയിലെ ആവേശ പോരാട്ടത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ഉക്രൈന് ബെൽജിയത്തിനെതിരെ സമനില. ഇതോടെ ഗ്രൂപ്പ് ഇയിൽ നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം പ്രീക്വാർട്ടർ കാണാതെ പുറത്തായി. ഗ്രൂപ്പിലെ എല്ലാ ടീമുകൾക്കും നാല് പോയന്റായാണ് സമ്പാദ്യം. ഇതോടെ ഗോൾ വ്യത്യാസത്തിൽ മുന്നിലുള്ള റൊമാനിയ നാല് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യനായി പ്രീക്വാർട്ടറിലെത്തി. ബെൽജിയം രണ്ടാമതും സ്ലൊവാക്യ മൂന്നാമതുമെത്തി. നാലുപോയന്റുണ്ടായിട്ടും ഉക്രൈൻ ഗോൾ വ്യത്യാസത്തിൽ അവസാനസ്ഥാനക്കാരായി. ആദ്യ മത്സരത്തിൽ റൊമാനിയക്കെതിരെ വൻതോൽവി വഴങ്ങിയതാണ് ഉക്രൈന് തിരിച്ചടിയായത്. ഇന്നലെ നടന്ന ഗ്രൂപ്പിലെ സ്ലൊവാക്യ-റൊമാനിയ മത്സരവും സമനിലയിൽ കലാശിച്ചു. ജൂൺ 29ന് നടക്കുന്ന പ്രീക്വാർട്ടറിൽ ഫ്രാൻസാണ് ബെൽജിയത്തിന്റെ എതിരാളികൾ.

കളിയിലുടനീളം മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മകൾ ഉക്രൈൻ താരങ്ങൾക്ക് തിരിച്ചടിയായി. ഏഴാം മിനിറ്റിൽ കെവിൻ ഡിബ്രുയിനെയുടെ പാസിൽ ലഭിച്ച സുവർണാവസരം റൊമേലു ലുക്കാക്കു നഷ്ടപ്പെടുത്തി. 42ാം മിനിറ്റിൽ ഷപരെങ്കോ നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ യാരെംചുക് നൽകിയ ക്രോസ് വലയിലെത്തിക്കാൻ ആർട്ടെം ഡോവ്ബിക്കിന് സാധിച്ചില്ല. 73ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കരാസ്‌കെ ഉതിർത്ത ഷോട്ട് ഉക്രൈൻ ഗോൾകീപ്പർ ട്രൂബിൻ അവിശ്വസനീയ സേവിലൂടെ രക്ഷപ്പെടുത്തി. 83ാം മിനിറ്റിൽ കോർണറിൽ നിന്ന് ഗോൾനേടാനുള്ള ഉക്രൈൻ ശ്രമവും പാളി. അവസാന മിനിറ്റിൽ ബെൽജിയം പ്രതിരോധത്തിലൂന്നി കളിച്ചെങ്കിലും ഉക്രൈന് പൂട്ടുപൊട്ടിക്കാനായില്ല. ഇതോടെ ഗ്രൂപ്പിൽ ഒരു ജയവും സമനിലയും തോൽവിയുമായി ടീം പ്രീക്വാർട്ടറിലെത്താതെ പുറത്തായി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News