നിക്കോ വില്യംസും ലമീൻ യമാലും; സ്പാനിഷ് കളിമുറ്റത്തെ പുതിയ താരോദയങ്ങൾ

അതിവേഗ കുതിപ്പിനൊപ്പം ഡ്രിബ്ലിങ് മികവും കൃത്യതയാർന്ന ക്രോസുകളുമാണ് ഇരു വിങർമാരുടേയും പ്രത്യേകത.

Update: 2024-07-06 11:57 GMT
Advertising

 വലതുവിങിലൂടെ ചാട്ടുളി പോലെ കുതിച്ചു കയറുന്ന ലമീൻ യമാൽ. ഇടതുവിങിൽ അതിവേഗ മുന്നേറ്റത്തിൽ എതിർ ബോക്സിലേക്ക് ഇരമ്പിയെത്തുന്ന നിക്കോ വില്യംസ്. പരിശീലകൻ ലൂയിസ് ദെ ല ഫുവന്തെയുടെ കീഴിൽ സ്പെയിൻ പയറ്റുന്ന  ഡയറക്ട് ഫുട്ബോളിന്റെ ചാലകശക്തികൾ ഈ രണ്ട് യങ് ബ്ലഡുകളാണ്. അതിവേഗ കുതിപ്പിനൊപ്പം ഡ്രിബ്ലിങ് മികവും കൃത്യതയാർന്ന ക്രോസുകളുമാണ് ഇരു വിങർമാരുടേയും പ്രത്യേകത. മധ്യനിരിയിൽ നിന്ന് റോഡ്രിയും പെഡ്രിയും നൽകുന്ന പന്തുകളുമായി കുതിച്ച് എതിർ ഗോൾമുഖത്ത് ദുരന്തംവിതക്കാൻ കെൽപുള്ള സ്പാനിഷ് ഇരട്ടകുഴൽ തോക്കുകൾ.

16 കാരൻ ലാമിൻ യമാലിന്റേയും 21 കാരൻ നിക്കോ വില്യംസിന്റേയും വിസ്മയകുതിപ്പ് അടയാളപ്പെടുത്താതെ യൂറോ അവസാന നാലിലെത്തിയ സ്പെയിൻ യാത്ര പൂർണമാകില്ല. ഇതിനകം മൂന്ന് അസിസ്റ്റുമായി യമാൽ കൂടുതൽ അസിസ്റ്റ് നൽകിയ  താരങ്ങളിലും മുന്നിലാണ്. ക്വാർട്ടർ ഫൈനലിൽ ജർമൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കി ഡാനി ഓൽമോക്ക് അളന്നുമുറിച്ച് നൽകിയ ആ പന്ത് മാത്രം മതി യമാലിന്റെ പ്രതിഭയെന്തെന്ന് തെളിയിക്കാൻ. ഒരു ഗോളും അസിസ്റ്റുമായി നിക്കോയും മിന്നുംഫോമിൽ. 329 മിനിറ്റാണ് യമാൽ ഈ യൂറോയിൽ കളത്തിൽ നിറഞ്ഞത്. പിന്നിട്ടത് 36 കിലോമീറ്റർ. 315 മിനിറ്റാണ് വില്യംസ് പന്തുതട്ടിയത്. പിന്നിട്ടത് 34 കിലോമീറ്റർ.



   ബാഴ്സലോണയിലാണ് ജനനമെങ്കിലും മൊറോക്കോ സ്വദേശിയാണ് യമാലിന്റെ പിതാവ്. മാതാവ് ഇക്വറ്റോഗിനിയൻ സ്വദേശിനി. തന്റെ പൈതൃകം ഓർമിപ്പിക്കാൻ ഇരു രാജ്യങ്ങളുടേയും പതാക ബൂട്ടിൽ രേഖപ്പെടുത്തിയാണ് താരം കളിക്കുന്നത്. യൂറോക്കിടെ സ്‌കൂൾ പരീക്ഷക്കായി പഠിക്കുന്ന ലമീൻ യമാലിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ബാഴ്സലോണ യൂത്ത് അക്കാദമിയിലൂടെ കളിതുടങ്ങിയ താരം ആറുമാസം പ്രായമുള്ളപ്പോൾ യുണിസെഫ് ചാരിറ്റി കലണ്ടറിൽ ലയണൽ മെസിക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കുഞ്ഞു യമാലിന്റെ ഫോട്ടോ കഴിഞ്ഞദിവസം പിതാവ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ലാ മാസിയ പ്രോഡക്ടായ യമാൽ കളിക്കളത്തിൽ അത്ഭുതപ്രകടനവുമായി അതിവേഗം ബാഴ്സലോണ സീനിയർ ടീമിലേക്കുമെത്തി. 2023 ഏപ്രിലിലായിരുന്നു ബാഴ്സക്കൊപ്പമുള്ള അരങ്ങേറ്റം. അന്ന് പ്രായം വെറും 15 വയസും ഒൻപത് മാസവും. ലാലീഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ. സ്പാനിഷ് അണ്ടർ 15,17 ടീമുകൾക്കായും കളിച്ച വണ്ടർകിഡ് 2023 സെപ്തംബറിലാണ് സീനിയർ ടീമിനായി അരങ്ങേറിയത്. ജോർജിയക്കെതിരെ യൂറോ യോഗ്യതാ മത്സരത്തിൽ ഇറങ്ങുമ്പോൾ 16 വയസും അൻപത് വയസുമായിരുന്നു അന്ന് പ്രായം. സ്പെയിനായി ഗോൾ സ്‌കോർ ചെയ്യുന്ന പ്രായംകുറഞ്ഞ താരവുമായി മാറി. പാബ്ലോ ഗവിയുടെ പേരിലുള്ള റെക്കോർഡാണ് തിരുത്തിയത്. യൂറോ യോഗ്യതാ റൗണ്ടിൽ വലകുലുക്കുന്ന പ്രായംകുറഞ്ഞ താരമെന്ന വെയിൽസ് താരം ഗാരെത് ബെയലിന്റെ റെക്കോർഡും മറികടന്നു. യൂറോ കപ്പിനായി ജർമനിയിലേക്കെത്തിയപ്പോഴും നേട്ടങ്ങൾ പിറകേയെത്തി. ക്രൊയേഷ്യക്കെതിരെ അരങ്ങേറിയതോടെ യൂറോയിൽ പന്തുതട്ടുന്ന പ്രായംകുറഞ്ഞ താരം. അതേ മാച്ചിൽ അസിസ്റ്റ് നൽകിയും റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചു. ഇതിനകം വൻകരാ പോരിൽ മൂന്ന് അസിസ്റ്റ് നൽകി കഴിഞ്ഞ യമാലിന് മുന്നിൽ ഫ്രാൻസിനെ സെമിയിൽ നേരിടുമ്പോൾ ഒരേയൊരു ലക്ഷ്യംമാത്രം. യൂറോയിലെ സ്വപ്ന ഗോൾ.


 



 ദേശീയ ടീമിൽ യമാലിന്റെ അടുത്ത സുഹൃത്താണ് നീക്കോ വില്യംസ്. കളിക്കളത്തിലും പുറത്തും ഒരെ വൈബിലുള്ളവർ. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്ന് സ്പെയിനിലേക്ക് കുടിയേറിയവരാണ് നീക്കോയുടെ മാതാപിതാക്കൾ. മുതിർന്ന സഹോദരൻ ഇനാകി വില്യംസ് ഘാന ദേശീയ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. ക്ലബ് തലത്തിൽ ഇരുവരും അത്ലറ്റികോ ബിൽബാവോക്ക് വേണ്ടിയാണ് ബൂട്ടുകെട്ടിയത്. ഇതുവരെ 18 കളിയിലാണ് സ്പാനിഷ് ജഴ്സിയണിഞ്ഞ നീക്കോ മൂന്ന് ഗോളുകളും സ്‌കോർ ചെയ്തു. 2020ൽ സ്പെയിൻ അണ്ടർ 18 തലത്തിൽ കളത്തിലിറങ്ങി. തൊട്ടടുത്ത വർഷം അണ്ടർ 19 ടീമിലും ഇടം പിടിച്ചു. 2022 സെപ്തംബറിൽ അന്നത്തെ പരിശീലകൻ ലൂയിസ് എൻറികെയുടെ സീനിയർ ടീമിലേക്ക് വിളിയെത്തിയതോടെ പിന്നീട് തിരിഞ്ഞ് നോക്കേണ്ടിവന്നില്ല.

തിരിച്ചുവരവിന്റെ സ്പാനിഷ് പാഠം

  കഴിഞ്ഞ 136 മത്സരങ്ങൾക്കിടെ സ്പെയിൻ ആദ്യമായി എതിരാളികളേക്കാൾ പന്തടക്കം കുറഞ്ഞത് ക്രൊയേഷ്യക്കെതിരെയായിരുന്നു. യൂറോയിലും ലോക കിരീടത്തിലേക്കും സ്പാനിഷ് സംഘത്തെയെത്തിച്ച വിൻസെന്റ് ഡെൽബോസ്‌കിൽ നിന്നും പാസിംഗ് ഗെയിമിൽ കവിത വിരിയിച്ച  എൻറിക്വെയ്ക്കും ശേഷം ലൂയിസ് ദെ ല ഫുവന്തെയിലേക്കുള്ള അടിമുടി മാറ്റം. ടിക്കി ടാക്കയിൽ നിന്ന് ഡയറ്ക്ട് ഫുട്ബോളിലേക്കുള്ള മാറ്റത്തിനുള്ള പ്രധാന കാരണം കഴിഞ്ഞ ഖത്തർ ലോകകപ്പ് പകർന്നു നൽകിയ പാഠമാണ്. പ്രീക്വാർട്ടറിൽ ആഫ്രിക്കൻ ടീം മൊറോക്കോയ്ക്കെതിരെയായിരുന്നു ടീം തോറ്റ് പുറത്തായത്. 1019 പാസുകൾ പിറന്ന മത്സരത്തിൽ ഒരുതവണപോലും വലകുലുക്കാൻ സെർജിയോ ബുസ്‌കെറ്റ്സിനും സംഘത്തിനുമായില്ല. പ്രതിരോധത്തിലൂന്നി കളിച്ചാണ് അന്ന് മൊറോക്കോ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനെ മറികടന്നത്. അതേ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാനും സ്പെയിനെ തകർത്തുവിട്ടിരുന്നു. വെറും 17 ശതമാനം ബോൾ പൊസഷൻ വെച്ചുകൊണ്ടാണ് ഗ്രൂപ്പ് ഘട്ടത്തിൽ 2-1 വിജയം പിടിച്ചത്. 83 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും 1058 പാസുകൾ നൽകിയിട്ടും മുൻ ചാമ്പ്യൻമാർക്ക് തോൽവി.

ഇതോടെ ടിക്കി ടാക്ക പാസ് കളി ശൈലി ഇനി വിലപ്പോവില്ലെന്ന് ആരാധകരും വിദഗ്ധരും ഒരേസ്വരത്തിൽ പറഞ്ഞു. പരിശീലക സ്ഥാനം യൂയിസ് എൻറിക്വയിൽ നിന്ന് ഏറ്റെടുത്ത ലൂയിസ് ദെ ല ഫുവന്തെ ആദ്യം പുറത്തുകളഞ്ഞതും ഈ പാസിംഗ് ശൈലിയാണ്. ക്രൊയേഷ്യക്കെതിരെ യൂറോ പുതിയ കളിരീതിയുടെ പരിശീലന കളയിയുമായി. 46 ശതമാനം പന്തു കൈവശം വെച്ച, 457 പാസുകൾ നൽകിയ ടീം എതിർ വലയിലെത്തിച്ചത് മൂന്ന് ഗോളുകൾ. ആദ്യ ഗോളിലേക്ക് സ്പെയിൻ നൽകിയത് മൂന്നേ മൂന്ന് പാസുകൾ. കളത്തിലെ ഓരോ താരങ്ങളും ഈ ശൈലിയിലേക്ക് ഇഴകിചേർന്നതോടെ റിസൾട്ടുകൾ പിന്നാലെയെത്തി.  2012ലെ സുവർണതലമുറ നേട്ടത്തിന് ശേഷം മറ്റൊരു യൂറോ കിരീടത്തിലേക്കുള്ള യാത്രയിലാണ് സ്പാനിഷ് സംഘം.ഇനി മുന്നിൽ രണ്ട് ബിഗ് മാച്ചുകൾ. ഈ യുദ്ധത്തിലേക്കുള്ള പടകോപ്പുകളാണ് യമാലും നീക്കോയും. പന്തുകിട്ടിയാൽ പാസ് ചെയ്യുന്ന മുൻരീതിയെ പൊളിച്ചെഴുതി മൂന്ന് പാസിൽ ഗോളടിക്കാമെന്ന പുതിയ തിയറിയിലേക്ക് മാറിയ സ്പാനിഷ് സംഘത്തിന്റെ പോരാട്ട രാവുകൾക്കായി കാത്തിരിക്കാം.....

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - ടി.കെ ഷറഫുദ്ദീന്‍

Senior Web Journalist

Similar News