വിജയത്തിലേക്കുള്ള കില്ലർ പാസുകൾ; സ്‌പെയിൻ വിജയത്തിലെ 'റോഡ്രി' സ്പർശം

സ്പാനിഷ് നിരയിൽ റോഡ്രി ഇറങ്ങിയ അവസാന 16 മത്സരങ്ങളിലും ടീം തോറ്റിട്ടില്ല

Update: 2024-07-14 12:28 GMT
Advertising

മാഡ്രിഡിലാണ് ജനിച്ചതെങ്കിലും അയാൾ കളിക്കുന്നത് റയൽ മാഡ്രിഡിനു വേണ്ടിയല്ല. ബാഴ്സലോണയ്ക്ക് വേണ്ടിയും കരിയറിൽ ഇതുവരെ ബൂട്ടുകെട്ടിയിട്ടില്ല. എന്നാൽ സ്പെയിൻ ചെങ്കുപ്പായത്തിൽ ഈ ഡിഫൻസീവ് മിഡ്ഫീൽഡർ പന്തുതട്ടുമ്പോൾ ആരാധകരിൽ ആവേശം പാരമ്യത്തിലെത്തും. റയലിനും ബാഴ്സക്കും പുറത്ത് ഗ്യാലറിയിൽ നിന്ന് ഇത്രയധികം സ്വീകാര്യത ലഭിച്ച മറ്റൊരു സ്പാനിഷ് താരമുണ്ടായേക്കില്ല...

റോഡ്രി എന്ന റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കാന്റെ. സ്പെയിൻ നിരയിലെ നിശബ്ദ പോരാളി. ലമീൻ യമാലും നിക്കോ വില്യംസും ആഘോഷിക്കപ്പെടുമ്പോൾ പലപ്പോഴും ശ്രദ്ധകിട്ടാതെപോയ താരം. എന്നാൽ സ്റ്റാർട്ടിങ് വിസിൽ മുതൽ അവസാന ഷോട്ടുവരെയും പിഴക്കാത്ത ചുവടുകളുമായി അയാൾ കളത്തിലുണ്ടാകും. കരിയറിൽ മിന്നും ഫോമിൽ കളിക്കുന്ന ഈ 28 കാരനാണ് സ്പെയിൻ സുന്ദര ഫുട്ബോളിന്റെ ചാലകശക്തി. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരേസമയം റോഡ്രിയെ കാണാം. ഒരുപക്ഷെ അയാളുടെ കളി മാത്രം വീക്ഷിച്ചാൽ നിങ്ങൾക്ക് ആ മത്സരം പൂർണമായി കാണാനാകും. സ്പെയിൻ അറ്റാക്കിങ് ഫുട്ബോളിന്റെ ബാലൻസിങും ഈ താരത്തിന്റെ പ്രകടനത്തെ ചുറ്റിപ്പറ്റിയാണ്.

ബെർലിൻ ഒളിംപിയ സ്റ്റേഡിയത്തിൽ യൂറോ കലാശപോരാട്ടത്തിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുമ്പോൾ സ്പെയിൻ തന്ത്രങ്ങളുടെ കുന്തമുനയും ഇതേ താരം. സ്പെയിനായി റോഡ്രി കളത്തിലിറങ്ങിയ അവസാന 16 മത്സരങ്ങളിലും ടീം തോറ്റിട്ടില്ല. അതിൽ 12 മാച്ചിൽ 90 മിനിറ്റും ഈ ഡിഫൻസീവ് മിഡ്ഫീൽഡർ ഗ്രൗണ്ടിലുണ്ടായിരുന്നു. ഈ യൂറോയിലും സമാനമാണ് കാര്യങ്ങൾ. ഇറങ്ങിയത് അഞ്ച് മത്സരങ്ങളിൽ. ഗോൾ കീപ്പർ ഉനൈ സിമോണിന് പിന്നിൽ സ്പാനിഷ് നിരയിൽ ഏറ്റവും കൂടുതൽ മിനിറ്റ് കളിച്ചതും റോഡ്രിതന്നെ. ജർമനിയിലെ സ്റ്റേഡിയങ്ങളിലായി ഓടിതീർത്തത് 62.7 കിലോമീറ്റർ. ജോർജിയക്കെതിരെ നിർണായക ഗോളും സ്‌കോർ ചെയ്തു.

ക്ലബ് ഫുട്ബോളിലും രാജ്യത്തിനുവേണ്ടിയും ഒരേസമയം മിന്നും ഫോമിൽ കളിക്കാനാകുക. അപൂർവ്വം താരങ്ങൾ മാത്രമാണ് ഈ ഗണത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഈ കൂട്ടത്തിൽ പ്രധാനിയാണ് റോഡ്രി. മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളക്ക് കീഴിൽ കളിക്കുമ്പോഴും സ്പെയിനിൽ ലൂയിസ് ഡെല ഫ്യുവന്റെ ടാക്റ്റിക്സിനൊപ്പം ഇറങ്ങുമ്പോഴും നൂറിൽ നൂറു മാർക്ക്. വർത്തമാനകാല ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറാണ് റോഡ്രി. കളിയും കണക്കുകളും ഈ പ്രകടനം അടിവരയിടുന്നു. സ്പെയിൻ സീനിയർ ടീമിൽ ഇതുവരെ 55 മത്സരങ്ങളിൽ നിന്നായി നാല് ഗോളുകളാണ് സ്‌കോർ ചെയ്തത്.

അത്ലറ്റികോ മാഡ്രിഡിൽ നിന്ന് 2019ൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയ 28 കാരൻ ഇതിനകം 172 മത്സരങ്ങളിലാണ് ബൂട്ടുകെട്ടിയത്. സിറ്റിക്കായി സ്‌കോർ ചെയ്തത് 22 ഗോളുകൾ. ഇതിൽ പല ഗോളുകളും വന്നത് നിർണായക മാച്ചുകളിൽ. ക്ലബിനൊപ്പം തുടർച്ചയായി 50 മത്സരങ്ങൾ തോൽവിയില്ലാതെ മുന്നേറി അപൂർവ്വനേട്ടവും എഴുതിചേർത്തു. റോഡ്രിയുണ്ടെങ്കിൽ തോൽവിയെ കുറിച്ചുള്ള പേടിയില്ലെന്ന് ഗ്വാർഡിയോള പലവട്ടം പറയുകയും ചെയ്തു. ചാമ്പ്യൻസ് ലീഗ് കിരീടമടക്കം സിറ്റിയിലെത്തിക്കുന്നതിൽ റോഡ്രിയുടെ പ്രകടനം നിർണായകമായി.

2022 ഖത്തർ ലോകകപ്പിന് ശേഷം വിശ്വസ്ത താരം സെർജിയോ ബുസ്‌കെറ്റ്സ് കളി മതിയാക്കുമ്പോൾ സ്പാനിഷ് മിഡ്ഫീൽഡിൽ ശൂന്യത പരന്നിരുന്നു. സുവർണ തലമുറയിലെ അവസാനതാരത്തിന്റേയും വിടവാങ്ങൽ. സാവി ഹെർണാണ്ടസും ഇനിയസ്റ്റയും മടങ്ങിയ ഇടത്ത് ബാഴ്സലോണ താരം ബുസ്‌കെറ്റ്സായിരുന്നു സ്പെയിൻ മധ്യനിരയെ നയിച്ചിരുന്നത്. ആരാകും ബുസ്‌കെറ്റ്സിന്റെ പിൻഗാമി. ആ ചോദ്യത്തിന് ഒരുത്തരമേയുയുണ്ടായിരുന്നുള്ളൂ. റോഡ്രി. അതൊരു പെർഫെക്ട് റീപ്ലേയ്സ്മെന്റായിരുന്നുവെന്ന് ചുരുങ്ങിയകാലംകൊണ്ട് യുവതാരം അടിവരയിടുകയും ചെയ്തു. മധ്യനിരയിൽ കളിമെനയുക മാത്രമല്ല, നിർണായക മത്സരങ്ങളിൽ ഗോളടിച്ചും യുവതാരം പലകുറി മികവ് തെളിയിച്ചു. ഫൈനലിൽ ഇംഗ്ലണ്ട് ഭയപ്പെടുന്നതും റോഡ്രിയുടെ ഈ ആംഗർ റോൾ തന്നെയാകും.

'എല്ലാവരേയും കളിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സൂപ്പർ കമ്പ്യൂട്ടർ ഞങ്ങൾക്കുണ്ട്'. ഞങ്ങളുടെ ധൈര്യവും വിശ്വാസവും അവനിലാണ്. യൂറോയിലെ റോഡ്രിയുടെ പ്രകടനത്തെ കുറിച്ച് സ്പെയിൻ പരിശീലകൻ ലൂയിസ് ഡെല ഫ്യുവന്റെ പറഞ്ഞത് ഇങ്ങനെയായിരുന്നു. രാജ്യത്തെയും ക്ലബിനേയും നേട്ടങ്ങളിലേക്ക് നയിക്കുമ്പോഴും അർഹിക്കുന്ന പുരസ്‌കാരങ്ങൾ പലപ്പോഴും താരത്തെ തേടിയെത്തിയില്ല. 2023 ബാലൻ ഡിയോറിന് ഏറ്റവും അർഹനായിരുന്നിട്ടും അവസാന നിമിഷം തഴയപ്പെട്ടു. പേരും പ്രശസ്തിയും മാർക്കറ്റിങും നോക്കി അവാർഡുകൾ നൽകുമ്പോഴും റോഡ്രി സൈലന്റ് കില്ലറായി അന്നും ഇന്നും കളത്തിൽ തിളക്കം നഷ്ടമാകാതെ നിലനിൽക്കുന്നു. ഇനി മുന്നിൽ ലക്ഷ്യം ഒന്നുമാത്രം. രാജ്യത്തെ നാലാംതവണയും വൻകരാ ചാമ്പ്യൻമാരാക്കുക.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - ടി.കെ ഷറഫുദ്ദീന്‍

Senior Web Journalist

Similar News