ഹീറോയായി യമാലും ഒൽമോയും; ഫ്രാൻസിനെ തകർത്ത് സ്‌പെയിൻ യൂറോ ഫൈനലിൽ
യൂറോ കപ്പ് ചരിത്രത്തിൽ തുടർച്ചയായി ആറു കളികൾ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടവും സ്പാനിഷ് പട സ്വന്തമാക്കി.
മ്യൂണിക്: 16 കാരൻ ലമീൻ യമാലിന്റെ ചിറകിലേറി സ്‌പെയിൻ യൂറോ ഫൈനനിൽ. അത്യന്തം ആവേശകരമായ മത്സരത്തിൽ ഫ്രാൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് മുൻ ചാമ്പ്യൻമാർ കലാശകളിക്ക് ടിക്കറ്റെടുത്തത്. ലമീൻ യമാൽ(21, ഡാനി ഒൽമോ ( 25) എന്നിവർ സ്‌പെയിനായി ഗോൾനേടി. യൂറോയിൽ ഗോൾനേടുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോർഡും യമാൽ സ്വന്തം പേരിൽ എഴുതിചേർത്തു. ഫ്രാൻസിനായി കൊലു മുവാനി (9) ലക്ഷ്യംകണ്ടു. ആദ്യ പകുതിയിൽ ലീഡ് നേടുകയും രണ്ടാം ഫ്രാൻസിന് ആധിപത്യം നൽകാതെ കളി കൈവശംവെച്ചുമാണ് സ്‌പെയിൻ വിജയം പിടിച്ചത്. യൂറോ കപ്പ് ചരിത്രത്തിൽ തുടർച്ചയായി ആറു കളികൾ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടവും സ്പാനിഷ് പട സ്വന്തമാക്കി.
കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയെ സ്‌പെയിനെ ഞെട്ടിച്ച് ഫ്രാൻസ് ആദ്യം വലകുലുക്കി. 9ാം മിനിറ്റിൽ ബോക്‌സിന്റെ ഇടതുഭാഗത്തുനിന്ന് കിലിയൻ എംബാപെ അളന്ന് മുറിച്ച് നൽകിയ ക്രോസ് കൃത്യമായി സ്‌പെയിൻ പോസ്റ്റിലേക്ക് കോലോ മുവാനി ഹെഡ്ഡ് ചെയ്തുകയറ്റി. ഇത്തവണ യൂറോയിൽ ഓപ്പൺ പ്ലെയിൽ ഫ്രാൻസ് നേടുന്ന ആദ്യ ഗോളായിത്. ഗോൾവീണതോടെ ആക്രമണമൂർച്ച കൂട്ടിയ സ്‌പെയിൻ ഫ്രഞ്ച് ബോക്‌സിലേക്ക് നിരന്തം ഇരമ്പിയെത്തി. 21ാം മിനിറ്റിൽ മികച്ചൊരു ലോങ്‌റേഞ്ചർ ഗോളിലൂടെ ലമീൻ യമാൽ കാളകൂറ്റൻമാർക്കായി സമനില പിടിച്ചു. പ്രതിരോധ താരങ്ങളെ ഡ്രിബിൾ ചെയ്ത് മുന്നേറി ബോക്‌സിന് പുറത്തുനിന്ന് യമാൽ തൊടുത്ത ഇടംകാലനടി ഫ്രഞ്ച് പോസ്റ്റിലിടച്ച ശേഷം വലയിൽകയറി. ഇതോടെ യൂറോയിലെ പ്രായംകുറഞ്ഞ ഗോൾ സ്‌കോററുമായി കൗമാരതാരം.
ഗോളടിച്ചിട്ടും ആക്രമണ മൂർച്ചകൂട്ടിയ സ്‌പെയിൻ എതിർബോക്‌സിലേക്ക് നിരന്തരം എതിർബോക്‌സിലേക്ക് ഇരമ്പിയെത്തി. 25ാം മിനിറ്റിൽ ഫ്രാൻസ് പ്രതിരോധ പിഴവിൽ രണ്ടാം ഗോളും നേടി. വില്യം സലിബ ക്ലിയർ ചെയ്യാൻ ശ്രമിച്ച് പന്ത് നേരെ ചെന്നത് ഡാനി ഒൽമോയുടെ കാലിലേക്കായിരുന്നു. ബോക്‌സിനുള്ളിൽ നിന്നുള്ള ഒൽമോയുടെ ബുള്ളറ്റ് ഷോട്ട് ജൂൾഡ് കൂൺഡേയുടെ കാലിലുരസി ഫ്രഞ്ച് വലയിൽ കയറി. രണ്ടാം പകുതിയിൽ കൂടുതൽ അക്രമിച്ച് കളിച്ചത് ഫ്രാൻസായിരുന്നു. കിലിയൻ എംബാപെയുടെയും സംഘത്തിന്റേയും നീക്കങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയായിരുന്നു സ്‌പെയിൻ പടയാളികളുടെ ദൗത്യം. എഡ്വാർഡ് കമവിംഗ, അന്റോണിയോ ഗ്രീൻമാൻ, ബ്രാഡ്‌ലി ബാർക്കോള എന്നിവരെ ഇറക്കി അവസാന നിമിഷം ഗോളിനായി ഫ്രാൻസ് ശ്രമം നടത്തിയെങ്കിലും വിജയംകണ്ടില്ല. 86ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം എംബാപെ നഷ്ടപ്പെടുത്തി.
ജർമനിക്കെതിരെ ക്വാർട്ടർ മത്സരത്തിൽ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് സ്‌പെയിൻ ഇറങ്ങിയത്. സസ്‌പെൻഷൻ കാരണം പുറത്തിരിക്കുന്ന റൈറ്റ്ബാക്ക് ഡാനി കാർവഹാലിന് പകരം ജീസസ് നവാസ് ആദ്യ ഇലവനിലേക്കെത്തി. ലെ നോർമൻഡിന് പകരം നാച്ചോ ഫെർണാണ്ടസും ഇറങ്ങി. പരിക്കേറ്റ പെഡ്രിക്ക് പകരം ഡാനി ഒൽമോക്കാണ് കോച്ച് അവസരം നൽകിയത്. ഫ്രഞ്ച് നിരയിൽ അഡ്രിയാൻ റാബിയോട്ട് മടങ്ങിയെത്തി. ഗ്രീൻമാന് പകരം ഉസ്മാൻ ഡെംബലെയും ഇടംപിടിച്ചു.