ഹംഗറിയിൽ സ്വിസ് നിക്ഷേപം; യൂറോയിൽ ജയത്തോടെ തുടങ്ങി സ്വിറ്റ്‌സർലാൻഡ്
ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന് ചെമ്പട മുന്നിലെത്തി
മ്യൂണിക്: യൂറോകപ്പിൽ ഹംഗറിയുടെ പോസ്റ്റിൽ സ്വിസ് നിക്ഷേപം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വിറ്റ്‌സർലാൻഡ് വൻകരപോരിലെ ആദ്യജയം സ്വന്തമാക്കിയത്. കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത സ്വിസ് സംഘം ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിന് മുന്നിലെത്തി. 12ാം മിനിറ്റിൽ ക്വാഡോ ദുവ ലക്ഷ്യംകണ്ടു. ഐബിഷറിന്റെ അസിസ്റ്റിലായിരുന്നു ഗോൾ. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ(45) മികച്ചൊരു ഷോട്ടിലൂടെ മൈക്കിൽ ഐബിഷർ രണ്ടാമതും ചെമ്പടക്കായി നിറയൊഴിച്ചു.
ആദ്യ പകുതിയിൽ തീർത്തും നിറം മങ്ങിയ ഹംഗറി അവസാന 45 മിനിറ്റിൽ തിരിച്ചുവരവിനുള്ള സൂചനകൾ നൽകി. എന്നാൽ കൃത്യമായ പ്രതിരോധം തീർത്ത് സ്വിസ് സംഘം അക്രമണത്തിന്റെ മുനയൊടിച്ചു. എന്നാൽ തുടരെ എതിർ ബോക്‌സിലേക്ക് ഇരമ്പിയെത്തിയ ഹംഗേറിയൻ താരങ്ങൾ ഒടുവിൽ ലക്ഷ്യത്തിലെത്തി. ലിവർപൂൾ താരം സ്വബസ്ലയി ബോക്‌സിലേക്ക് നൽകിയ സുന്ദരമായൊരു ക്രോസ് നിലത്തുവീണ് ഹെഡ്ഡർ ചെയ്ത് ബർണാബസ് വാർഗ വലകുലുക്കി. ഒരു ഗോൾ മടക്കിയതോടെ അവസാന 20 മിനിറ്റ് മത്സരം ആവേശകൊടുമുടി കയറി. തുടരെ ഹംഗറി അക്രമിച്ചെത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ മാനുവൽ അക്കാൻജിയും ന്യൂകാസിൽ യുണൈറ്റഡിന്റെ ഫാബിയാൻ ഷാറും നയിച്ച പ്രതിരോധ കോട്ട ഭേദിക്കാനായില്ല. ഒടുവിൽ ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റിൽ ബ്രീൽ എംബോളയിലൂടെ മൂന്നാം ഗോളും നേടി പട്ടിക പൂർത്തിയാക്കി. ജയത്തോടെ ഗ്രൂപ്പ് എയിൽ സ്വിറ്റ്‌സർലാൻഡ് ജർമനിക്ക് താഴെ രണ്ടാമതെത്തി.