മെസി പോയതോടെ 'ബാഴ്‌സയെ കയ്യൊഴിഞ്ഞ് ആരാധകർ'; കാമ്പ്‌നൗവിൽ ആളൊഴിഞ്ഞു
ക്ലബിന്റെ എല്ലാം ആയിരുന്ന ലയണൽ മെസിയുടെ പടിയിറക്കവും തുടർതോൽവികളും ബാഴ്‌സയുടെ ജനപ്രീതി ഇടിച്ചുവെന്നാണ് വിലയിരുത്തൽ
ഒരു കാലത്ത് ലോകത്തെ ഏറ്റവും ആരാധകരുള്ള ഫുട്‌ബോൾ ക്ലബായിരുന്ന ബാഴ്‌സയെ ആരാധകർ കൈവിടുകയാണോ. ഹോംഗ്രൗണ്ടായ കാമ്പ്‌നൗവിൽ ഗാലറികൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് സ്പാനിഷ് മാധ്യമമായ മാർക റിപ്പോർട്ട് ചെയ്യുന്നു. ക്ലബിന്റെ എല്ലാം ആയിരുന്ന ലയണൽ മെസിയുടെ പടിയിറക്കവും തുടർതോൽവികളും ബാഴ്‌സയുടെ ജനപ്രീതി ഇടിച്ചുവെന്നാണ് വിലയിരുത്തൽ.
ഡിപോർടിവോ അലാവസിനെതിരായ മത്സരത്തിൽ വെറും 37,278 കാണികൾ മാത്രമാണ് ഗാലറിയിലെത്തിയത്. റയൽമാഡ്രിഡുമായുള്ള എൽക്ലാസികോ മത്സരത്തിന് 86,000 പേരെത്തിയിരുന്നു. എങ്കിലും 14,000 ത്തോളം ടിക്കറ്റുകൾ അന്നും വിറ്റുപോയിരുന്നില്ല. ടിക്കറ്റുകൾക്ക് 50 ശതമാനം കിഴിവ് നൽകിയിട്ടും വലൻസിയക്കും ഡൈനാമോ കീവിനുമെതിരായ മത്സരത്തിൽ 5000ത്തിൽ താഴെ മാത്രമാണ് ആളുകളെത്തിയത്.
എന്നാൽ കോവിഡ് മഹാമാരിയും അതുമൂലം ടൂറിസ്റ്റുകളുടെ വരവ് നിലച്ചതും കാണികളുടെ എണ്ണം കുറച്ചതായാണ് ബാഴ്‌സ വിലയിരുത്തുന്നത്. മോശം പ്രകടനത്തെ തുടർന്ന് കോച്ച് റൊണാൾഡ് കൂമാനെ ബാഴ്‌സ പുറത്താക്കിയിരുന്നു. സഹ പരിശീലകനായി ടീമിലുണ്ടായിരുന്ന സെർജി ബാർയുവാനാണ് ടീമിന്റെ താൽക്കാലിക ചുമതല. 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ നാലു ജയങ്ങൾ മാത്രമുള്ള ബാഴ്‌സ 16 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ്. ആദ്യ സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായി എട്ട് പോയന്റ് കുറവുണ്ട്.
ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനമല്ല ബാഴ്‌സ പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരങ്ങളിൽ ബയേണിനോടും ബെൻഫിക്കയോടും ദയനീയ പരാജയമായിരുന്നു ബാഴ്‌സ നേരിട്ടത്. ഡൈനാമോ ക്വീവിനോട് മാത്രമാണ് ഇരു പാദങ്ങളിലും ബാർസയ്ക്ക് ജയിക്കാൻ സാധിച്ചത്. നാലു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ബാർസ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്.