'ഞങ്ങൾ പുലിമടയിൽ പോയി തന്നെ കപ്പടിച്ചു'; ആരാധകർക്കിത് ആവേശക്കോപ്പ
സമൂഹ മാധ്യമങ്ങളിൽ നിറയെ അർജന്റീനൻ വാഴ്ത്തുപാട്ടുകളാണ്
കാത്തിരിപ്പിനൊടുവിൽ വന്ന അർജന്റീനയുടെ കിരീടനേട്ടത്തിൽ മതിമറന്ന് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ നിറയെ അർജന്റീനൻ വാഴ്ത്തുപാട്ടുകളാണ്. മെസ്സിയുടെ കിരീടധാരണമാണ് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നത്. കളിക്ക് മുമ്പ് അർജന്റീനയെ തന്നെ ഫൈനലിൽ കിട്ടണമെന്ന നെയ്മറിന്റെ വാക്കുകൾ എടുത്തുദ്ധരിക്കുന്നവരും ഏറെ.
നെയ്മർ മെസ്സിയോട് മാറക്കാനയിൽ വരാൻ വെല്ലുവിളിച്ചത് ഗപ്പ് നൽകാനായിരുന്നല്ലേ എന്നാണ് മീഡിയ വൺ ഫേസ്ബുക്ക് പേജിൽ ഒരാൾ കമന്റായി ചോദിച്ചത്. 'കാലവും ചരിത്രവും നീതി പാലിക്കാതെ പോയിട്ടുണ്ടോ...പെലെയുടെ മുറ്റത്ത് തന്നെ ചെക്കൻ കപ്പ് ഉയർത്തി ഞങ്ങൾ പുലിമടയിൽ പോയി കപ്പടിക്കും.. മാറക്കാന ഞങ്ങളും ഇങ്ങു എടുക്കുവാ' - എന്നാണ് ഒരാൾ കുറിച്ചത്.
'ഫുട്ബാൾ കാണാൻ തുടങ്ങിയ കാലം മുതൽ കാത്തിരിക്കുന്നത് ഈ ഒരു മുഹൂർത്തതിന് വേണ്ടിയാണ്...കാത്തിരുന്നു കാത്തിരുന്നു കിട്ടുമ്പോൾ ഉള്ള ഒരു സുഖം ഉണ്ടല്ലോ.. ഹാ' എന്ന് ഒരാൾ കുറിച്ചപ്പോൾ 'അപ്പൊ ഇനി എങ്ങനാ ഉറപ്പിക്കുവല്ലേ. രണ്ടല്ല മൂന്നല്ല ഫുട്ബോൾ ലോകത്തെ ഒരേ ഒരു രാജാവ് സാക്ഷാൽ ലയണൽ മെസ്സി തന്നെ' എന്നാണ് മറ്റൊരാൾ കുറിച്ചത്.
അർജന്റീനൻ ആരാധകരെ പരിഹസിക്കുന്നവരും കുറവല്ല. 'അർജന്റീനക്കാർക്ക് ആശംസകൾ കളർ ടിവി വന്ന ശേഷം ഒരു കപ്പ് അടിക്കുന്നത് കണ്ടതിന്' എന്നാണ് ഒരു ബ്രസീൽ ആരാധകന്റെ കുറിപ്പ്. കാഞ്ചന മൊയ്തീനു വേണ്ടി ഇങ്ങനെ കാത്തിരുന്നിട്ടില്ല എന്നാണ് ഒരാൾ എഴുതിയത്. മറ്റൊരാൾ കമന്റിട്ടതിങ്ങനെ; 'സമാധനണ്ട്... 28 വർഷായി ഗപ്പെടുക്കാൻ തുടങ്ങീട്ട്... ഇപ്പഴാണ് കയ്യിൽ കിട്ടീത്... ഇനിയെങ്കിലും കരച്ചിൽ നിർത്തുമല്ലോ....'
കളിയെ നന്നായി വിലയിരുത്തിയ ബ്രസീൽ ആരാധകരും ഏറെ 'തോൽവി അംഗീകരിക്കുന്നു. അടിത്തറ തകർന്നിട്ടില്ല. വീഴ്ച്ചകൾ പരിശോധിക്കും. തെറ്റ് തിരുത്തും. ശക്തമായി തിരിച്ചുവരും. ഹൃദയത്തിലാണ് ബ്രസീൽ' എന്ന് ഒരാൾ എഴുതി.
22ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജന്റീന ജയം സ്വന്തമാക്കിയത്. 1993-നുശേഷമുള്ള അർജന്റീനയുടെ കിരീട നേട്ടമാണിത്. ടീമിന്റെ 15-ാം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന യുറഗ്വായുടെ നേട്ടത്തിനൊപ്പമെത്താനും അർജന്റീനയ്ക്കായി.