താരങ്ങള്‍ക്ക് പിന്നാലെ ഫെവികോളും..! കോളയെ അപമാനിച്ച് മതിയായില്ലേയെന്ന് ട്രോളന്മാര്‍
കൊക്ക കോളക്കുണ്ടായ 'അപമാനത്തെ' പരസ്യത്തിന്‍റെ രൂപത്തില്‍ വിറ്റഴിക്കുകയാണ് ഫെവികോള്‍
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ ഒന്നാണ് കൊക്ക കോളയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ സംഭവിച്ച ഇടിവ്. യൂറോ കപ്പിന്‍റെ ഔദ്യോഗിക സ്പോണ്‍സര്‍മാരില്‍ ഒരാളായ കോളക്ക് സൂപ്പര്‍ താരങ്ങളുടെ ഇടയില്‍ നിന്ന് നേരിടേണ്ടി തുടര്‍ച്ചയായ തിരിച്ചടിയാണ് ഇതിന് കാരണം. ഈ സംഭവത്തെ പരസ്യത്തിന്‍റെ രൂപത്തില്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണ് ഫെവികോള്‍. ഫുട്ബോള്‍ താരങ്ങള്‍ വാര്‍ത്താ സമ്മേളനത്തിന് പങ്കെടുക്കാനെത്തുമ്പോള്‍ കൊക്ക കോള മാറ്റിവെക്കുന്ന പശ്ചാത്തലത്തില്‍ അതേ ഫ്രെയിമില്‍ ഫെവികോളിന്‍റെ ചിത്രം ഉറപ്പിച്ചു വെച്ചുകൊണ്ടാണ് ഫെവികോള്‍ പരസ്യചിത്രം പങ്കുവെച്ചിരിക്കുന്നത്. എടുത്ത് മാറ്റാന്‍ പറ്റാത്ത ഉറപ്പെന്ന രീതിയിലാണ് ഫെവികോള്‍ കൊക്ക കോളക്കുണ്ടായ ദൌര്‍ഭാഗ്യത്തെ പരസ്യത്തിന്‍റെ രൂപത്തില്‍ വിറ്റഴിക്കുന്നത്. സംഭവം ട്രോളന്മാരും ഏറ്റെടുത്തതോടെ ഫെവികോളിന്‍റെ പരസ്യം വന്‍ ഹിറ്റായിരിക്കുകയാണ്.
Haye ni mera Coka Coka Coka Coka Coka#Euro2020 #Ronaldo #MazbootJod #FevicolKaJod pic.twitter.com/lv6YWrgfxB
— Fevicol (@StuckByFevicol) June 17, 2021
നേരത്തെ പോർച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോയുടെ വാർത്ത സമ്മേളനത്തിനിടെയേറ്റ അടിയുടെ ക്ഷീണം മാറുന്നതിന് മുമ്പേയാണ് കൊക്ക കോളക്ക് അടുത്ത 'അപമാനം' നേരിടേണ്ടി വന്നത്. ഇറ്റലിയുടെ സൂപ്പർതാരം മാന്വൽ ലൊകാടെല്ലിയാണ് ഇത്തവണ കൊക്ക കോളക്കുള്ള കുഴി കുത്തിയത്. സ്വിറ്റ്സർലൻഡുമായുള്ള മത്സരത്തിൽ ഇരട്ടഗോള്‍ നേടി മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴായിരുന്നു ലൊകാടെല്ലി കോള ബോട്ടിലുകൾ ഫ്രെയിമില്‍ നിന്ന് ഒഴിവാക്കി വെച്ചത്. പിന്നാലെ സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.