വൻഹിറ്റ്‌; പുള്ളാവൂരിലെ കട്ടൗട്ടുകൾ ഏറ്റെടുത്ത് ഫിഫയും

അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടം നേടിയ മെസി, നെയ്മർ, ക്രിസ്റ്റ്യാനൊ റൊണാൾഡോ സഖ്യത്തിന്റെ കട്ടൗട്ടുകളാണ് ഫിഫയും തങ്ങളുടെ ട്വിറ്റർ പേജിൽ ഔദ്യോഗികമായി പങ്കുവെച്ചത്

Update: 2022-11-08 13:33 GMT
Editor : rishad | By : Web Desk
Advertising

സൂറിച്ച്: പുള്ളാവൂരിൽ ആ കൂറ്റൻ കട്ടൗട്ടുകൾ ഫിഫയും ഏറ്റെടുത്തു. ഇതിനകം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടം നേടിയ മെസി, നെയ്മർ, ക്രിസ്റ്റ്യാനൊ റൊണാൾഡോ സഖ്യത്തിന്റെ കട്ടൗട്ടുകളാണ് ഫിഫയും തങ്ങളുടെ ട്വിറ്റർ പേജിൽ ഔദ്യോഗികമായി പങ്കുവെച്ചത്. കട്ടൗട്ടുകൾ വെച്ചതിന് പിന്നാലെ പുള്ളാവൂർ പുഴയിലൂടെ വിവാദങ്ങൾ ഒത്തിരി ഒഴുകിയെങ്കിലും തലയെടുപ്പോടെ ഇപ്പോഴും നിൽപ്പുണ്ട്.  

നിരവധി ആരാധകരാണ്  പോസ്റ്റിനടിയില്‍ അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്. ഇതിനകം തന്നെ പതിനായിരത്തിനൊടുത്ത് ലൈക്കുകളും രണ്ടായിരത്തിലധികം റീട്വീറ്റുകളും ലഭിച്ചുകഴിഞ്ഞു. 'ഫിഫ ലോകകപ്പ് ചൂട് കേരളത്തിലും' എന്ന തലക്കെട്ടോടെയാണ് ഫിഫ ചിത്രം പങ്കുവെച്ചത്. നിരവധി മലയാളികളും പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.  പുള്ളാവൂരില്‍ ആദ്യം സ്ഥാപിച്ചത് മെസിയുടെ കട്ടൗട്ടാണ്. പിന്നാലെ നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ ആരാധകര്‍ സ്ഥാപിച്ചു.

കൂട്ടത്തില്‍ ഏറ്റവും വലുത് റൊണാള്‍ഡോയുടേതാണ്. 50 അടിയാണ് താരത്തിന്റെ കട്ടൗട്ടിന്റെ വലുപ്പം. ഇതിനിടെയാണ് മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ നീക്കണമെന്ന ആവശ്യമുയർന്നത്. കട്ടൗട്ടുകള്‍ നീക്കാനുള്ള നടപടിക്കെതിരെ കനത്ത വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നത്. ട്രോളുകളും വിഷയത്തില്‍ സജീവമായി. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നീക്കാനാവശ്യപ്പെട്ടിരുന്നത്. എന്നാല്‍  സംഭവം വിവാദമായതോടെ കട്ടൗട്ടുകള്‍ നീക്കം ചെയ്യില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ തന്നെ വിശദീകരിക്കുകയായിരുന്നു. സ്ഥലം എം.എല്‍.എയും പിന്തുണയുമായി എത്തി. അതേസമയം കൂറ്റൻ കട്ടൗട്ടുകൾ കാണാന്‍ നിരവധി  പേരാണ് പുള്ളാവൂരിലേക്ക് എത്തുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News