'ഫിഫ ദ ബെസ്റ്റ്' അവാര്‍ഡ്; മുഹമ്മദ് സലാഹിന് ഒന്നാംസ്ഥാനം നഷ്ടപ്പെടുത്തിയത് ചില അറബ് മാധ്യമങ്ങളെന്ന് ഫിഫ

Update: 2022-01-18 17:25 GMT
Advertising

ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ട മുഹമ്മദ് സലാഹിനേയും ബാലണ്‍ഡിയോര്‍ ജേതാവ് മെസിയേയും പിന്തള്ളി, ലോകത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള 2021ലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി കരസ്ഥമാക്കിയപ്പോള്‍, മുഹമ്മദ് സലയ്ക്ക് പുരസ്‌കാരം നഷ്ടപ്പെട്ടതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഫിഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ്.

അറബ് മാധ്യമ പ്രതിനിധികള്‍ താരങ്ങള്‍ക്കു നല്‍കിയ വോട്ടുകളാണ് ഫിഫ വെളിപ്പെടുത്തിയിരിക്കുന്നത്. മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിന്റെ ടോപ് സ്‌കോറര്‍ ലെവന്‍ഡോവ്സ്‌കി ഒന്നാമത്തെിയപ്പോള്‍ പിഎസ്ജി താരം ലയണല്‍ മെസ്സി രണ്ടാം സ്ഥാനവും മുഹമ്മദ് സലാ മൂന്നാം സ്ഥാനവുമാണ് നേടിയത്.

ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ട താരങ്ങളിലൊരാളായ മുഹമ്മദ് സലായെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയതില്‍ പ്രധാനപ്പെട്ട അഞ്ച് അറബ് മാധ്യമ പ്രതിനിധികളുടെ വോട്ട് വിനിയോഗമാണ് നിര്‍ണായകമായിരിക്കുന്നത്.

അതില്‍, അള്‍ജീരിയന്‍ മാധ്യമങ്ങളുടെ പ്രതിനിധി ലെവന്‍ഡോവ്സ്‌കിക്കാണ് ആദ്യവോട്ട് നല്‍കിയത്. ജോര്‍ജിഞ്ഞോ, കരീം ബെന്‍സെമ എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നല്‍കിയത്. ആഫ്രിക്കന്‍ അറബ് രാജ്യമായ കൊമോറോസും ഇതേ രീതിയിലാണ് തങ്ങളുടെ അവസരം വിനിയോഗിച്ചത്. അതേസമയം ലെബനീസ് മാധ്യമ പ്രതിനിധി ലയണല്‍ മെസ്സിയെയും ഇറ്റലി താരം ജോര്‍ജിഞ്ഞോയെയും കാന്റെയെയുമാണ് തിരഞ്ഞെടുത്തത്.

ഒമാന്‍ മാധ്യമ പ്രതിനിധി ലെവന്‍ഡോസ്‌കിക്ക് ഒന്നാം സ്ഥാനം നല്‍കിയപ്പോള്‍ പിഎസ്ജി താരം കെലിയന്‍ എംബാപ്പയ്ക്കും കെവിന്‍ ഡി ബ്രൂയിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നല്‍കിയത്. സോമാലിയന്‍ മാധ്യമങ്ങള്‍ മെസ്സി, കാന്റെ, കെവിന്‍ ഡി ബ്രൂയ്ന്‍ എന്നിവര്‍ക്കനുകൂലമായാണ് തങ്ങളുടെ അവസരം വിനിയോഗിച്ചത്.

തിരഞ്ഞെടുപ്പില്‍ ഓരോ പ്രതിനിധിയുടേയും ആദ്യ ചോയ്സില്‍ വരുന്ന കളിക്കാരന് അഞ്ച് പോയിന്റുകളും രണ്ടാമത്തെയാള്‍ക്ക് മൂന്ന് പോയിന്റുകളും മൂന്നാമതെത്തുന്നവര്‍ക്ക് ഒരു പോയിന്റ് വീതവുമാണ് ലഭിക്കുക.

മുഹമ്മദ് സലാ ആകെ 39 സ്റ്റാന്‍ഡേര്‍ഡ് പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഒന്നാം സ്ഥാനം നേടിയ ലെവന്‍ഡോവ്‌സ്‌കി 48 പോയിന്റും, മെസ്സി 44 പോയിന്റും മാത്രം നേടിയാണ് സലായേക്കാള്‍ മുന്നിലെത്തിയിട്ടുള്ളത്.

സൗദി, യുഎഇ, ജോര്‍ദാന്‍, കുവൈത്ത്, ലിബിയ, ഫലസ്തീന്‍ തുടങ്ങിയ അറബ് മാധ്യമ പ്രതിനിധികള്‍ സലാഹിനാണ് ആദ്യ സ്ഥാനം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News