മരണ ഗ്രൂപ്പായി ഗ്രൂപ്പ് ഇ; ജര്‍മനിയുടെ സാധ്യതകള്‍ ഇങ്ങനെ
രണ്ട് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുള്ള സ്പെയിനാണ് കാര്യങ്ങൾ ഏറ്റവും എളുപ്പം
ദോഹ: സ്പെയിൻ ജർമനി പോര് സമനിലയിലായതോടെ ഗ്രൂപ്പ് ഇ മരണഗ്രൂപ്പായിരിക്കുകയാണ്. ഗ്രൂപ്പില്‍ നിന്നും ഇനി ആർക്കും പ്രീക്വാർട്ടിലെത്താം. സ്പെയിനാണ് നിലവിൽ ഗ്രൂപ്പ് ചാമ്പ്യന്മാർ. ജർമനിക്ക് അടുത്ത മത്സരത്തിൽ വിജയം അനിവാര്യമാണ്.
രണ്ട് മത്സരങ്ങളിൽ നിന്നും നാല് പോയിന്റുള്ള സ്പെയിനാണ് കാര്യങ്ങൾ ഏറ്റവും എളുപ്പം. അടുത്ത മത്സരം ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലെത്താം. സമനിലയാണ് ഫലമെങ്കിലും പ്രീക്വാർട്ടർ ഉറപ്പ്. കോസ്റ്റാറിക്ക ജർമനിയോട് ജയിച്ചില്ലെങ്കിൽ ഗ്രൂപ്പ് ചാമ്പ്യൻ പട്ടവും ലഭിക്കും. തോറ്റാൽ ജർമനിയുടെ ജയത്തിനായി പ്രാർഥിക്കണം.
രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ജർമനിക്ക് ജയത്തിൽ കുറഞ്ഞൊന്നും പ്രീക്വാർട്ടർ ടിക്കറ്റ് സമ്മാനിക്കില്ല. സ്പെയിൻ ജപ്പാൻ മത്സരത്തിൽ ജപ്പാൻ ജയിച്ചാലും ജർമനിയുടെ വഴിമുടങ്ങും. ഫലം സമനിലയെങ്കിൽ ഗോൾ ശരാശരി ഉയർത്തണം.
സ്പെയിനെ തോൽപ്പിച്ചാൽ ജപ്പാന് പ്രീക്വാർട്ടറിലെത്താം. സമനിലയെങ്കിൽ കോസ്റ്റാറിക്കയുടെ തോൽവിക്കും ജർമനിയുടെ ഒരു ഗോൾ ജയത്തിനുമായി കാത്തിരിക്കണം. അവസാന മത്സരത്തിൽ ജർമനിയോട് ഏറ്റുമുട്ടുന്ന കോസ്റ്റാറിക്ക ജയിച്ചാൽ പ്രീക്വാർട്ടറിലെത്തും. സമനില ആണെങ്കിൽ കോസ്റ്റാറിക്കയ്ക്ക് അവസാന പതിനാറിലെത്താൻ ജപ്പാൻ സ്പെയിനോട് തോൽക്കേണ്ടിവരും.