ആദ്യ റൗണ്ടിൽ പുറത്തായാല്‍ പോലും കിട്ടും 74 കോടി! ; ലോകകപ്പിൽ ടീമുകളെ കാത്തിരിക്കുന്നത് വൻ സമ്മാനത്തുക

ക്രിക്കറ്റ് ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍, ഫുട്ബോള്‍ ലോകകപ്പില്‍ അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്യുന്ന‌ ടീമിന് പോലും ഏകദിന, ടി20 ലോകകപ്പ് വിജയികളേക്കാൾ സമ്മാനത്തുക ലഭിക്കും!

Update: 2022-11-20 04:51 GMT
Advertising

ദോഹ: കാൽപ്പന്തുകളിയുടെ വിശ്വമാമാങ്കത്തിന് പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രമമാണ് ബാക്കിയുള്ളത്. ലോകകപ്പിനെത്തുന്ന 32 ടീമുകളും അവസാന വട്ട പരിശീലനങ്ങളിലാണ്. ലോകം കാത്തിരുന്ന ഫുട്ബോള്‍ മാമാങ്കത്തിന് ഇന്ന് ദോഹയിലെ അൽബെയ്ത്ത് സ്‌റ്റേഡിയത്തിൽ വർണോജ്വലമായ വിസ്മയക്കാഴ്ചകളോടെ തുടക്കമാകും. ഇതാദ്യമായാണ് ഒരു അറേബ്യൻ രാജ്യം ലോകകപ്പിന് വേദിയാകുന്നത്.  ഉദ്ഘാടന പരിപാടികൾ ഇന്ത്യൻ സമയം രാത്രി 7.30ന് ആരംഭിക്കും. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. 32 ടീമുകളുടെ ഫോർമാറ്റിൽ നടക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണ് ഖത്തറിലേത്. 

ഇക്കുറി ലോകകപ്പ് ജേതാക്കളേയും റണ്ണറപ്പുകളേയും പങ്കെടുക്കുന്ന ടീമുകളേയുമൊക്കെ കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുകയാണ്. 2500 കോടിയിലേറെ രൂപയാണ് ഖത്തർ ലോകകപ്പിൽ വിവിധ ടീമുകൾക്കും മികച്ച കളിക്കാർക്കുമായി ലഭിക്കുക. ലോകകപ്പില്‍  നിന്ന് ആദ്യ റൗണ്ടിൽ തന്നെ പുറത്താവുന്ന ടീമുകൾക്ക്‌ വരെ 70 കോടിയിലധികം രൂപ സമ്മാനത്തുകയായി ലഭിക്കുമെന്നതാണ് ഈ ലോകകപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത. 

ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ കാല്‍പ്പന്തു കളിയുടെ വിശ്വകിരീടത്തില്‍ മുത്തമിടുന്ന  ടീമിന് 344 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 245 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. സമ്മാനങ്ങള്‍ അവിടം കൊണ്ടൊന്നും അവസാനിക്കില്ല. 

 മൂന്നാം സ്ഥാനക്കാർക്ക് 220 കോടി രൂപയും നാലാമതെത്തുന്ന ടീമിന് 204 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും. ക്വർട്ടർ ഫൈനലിൽ പരാജയപ്പെട്ട് പുറത്താവുന്ന നാല്  ടീമുകൾക്ക് 138 കോടി രൂപ വീതമാണ് ലഭിക്കുക. 

പ്രീ ക്വാർട്ടറിൽ പുറത്താവുന്ന ടീമുകൾക്ക്  106 കോടി രൂപ വീതം  ലഭിക്കും. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്ന ടീമുകളുടേയും കീശ നിറയും.  74 കോടി രൂപയാണ് ഈ ടീമുകൾക്ക് ലഭിക്കുക. ക്രിക്കറ്റ് ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍,  ഫുട്ബോള്‍ ലോകകപ്പില്‍ അവസാന സ്ഥാനക്കാരായി  ഫിനിഷ് ചെയ്യുന്ന‌ ടീമിന് പോലും ഏകദിന, ടി20 ലോകകപ്പ് വിജയികളേക്കാൾ സമ്മാനത്തുക ലഭിക്കുമെന്ന് സാരം. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News