എജ്ജാതി കംബാക്ക്! വെയില്‍സിന് ഇറാന്‍റെ 'ഇഞ്ചുറി'; രണ്ടു ഗോള്‍ ജയം
ഇഞ്ചുറി ടൈമിലായിരുന്നു ഇറാന്റെ രണ്ടു ഗോളും പിറന്നത്
ദോഹ: ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഗോളിൽ മുക്കിയ ഇറാന് അഹ്മദ് ബിൻ അലി സ്‌റ്റേഡിയത്തിൽ ഉയിർത്തെിഴുന്നേൽപ്പ്. ജീവന്മരണ പോരാട്ടം പോലെ മരിച്ചുകളിച്ച ഇറാൻ പട യൂറോപ്യൻ കരുത്തരായ വെയിൽസിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനു തകർത്തു. ഇഞ്ചുറി ടൈമിലായിരുന്നു ഇറാന്റെ രണ്ടു ഗോളും പിറന്നത്. ലോകകപ്പില്‍ ഒരു യൂറോപ്യന്‍ ടീമിനെതിരെ ഇറാന്‍റെ ആദ്യത്തെ ജയം കൂടിയാണിത്. മത്സരത്തില്‍ 86-ാം മിനിറ്റിൽ വെയിൽസ് ഗോൾകീപ്പർ ഹെന്നിസ്സി ചുവപ്പു കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു. പത്തുപേരായ് ചുരുങ്ങിയ വെയില്‍സിന് പിന്നീട് ഇറാന്‍റെ പടയോട്ടത്തില്‍ പകച്ചുനില്‍ക്കാനേ ആയുള്ളൂ.
ഇടതുവിങ്ങിൽനിന്നെത്തിയ ലോക്രോസ് വെയിൽസ് മധ്യനിരയിലെ ജോ അലന്റെ കാലും കടന്നാണ് ആദ്യ ഗോള്‍ പിറന്നത്. പകരക്കാരനായെത്തിയ ചെഷ്മി പന്ത് സ്വീകരിച്ച് 25 വാരയകലെനിന്ന് നേരെ ഗോൾപോസ്റ്റിലേക്ക് അളന്നുമുറിച്ചൊരു ഷൂട്ട് കൊടുത്തു. സബ്സ്റ്റിറ്റ്യൂട്ട് ഗോള്‍കീപ്പര്‍ ഡാനി വാര്‍ഡിന് അതിനുമുന്നില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതിമനോഹരമായ ഗോളിൽ വെയിൽസ് നിരയും ഗാലറിയും ഒന്നാകെ ഞെട്ടിത്തരിച്ചു. എന്നാൽ, ഇറാന്‍ അവിടെയും നിര്‍ത്തിയില്ല. ആദ്യ ഗോൾ പിറന്നു നിമിഷങ്ങൾക്കകം രണ്ടാം ഗോളും വന്നു. വലതുവിങ്ങിൽനിന്ന് റാമിൻ റെസായിന്റെ വകയായിരുന്നു ഇത്തവണ ഗോൾ. വാർഡിനെയും കടന്ന് പന്ത് ഗോൾപോസ്റ്റിൽ.
നിർണായക മത്സരത്തിൽ ആദ്യ പകുതിയിൽ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു ഇറാനും വെയിൽസും. ഖത്തർ ലോകകപ്പിലെ ആദ്യജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇരുടീമും ഇഞ്ചോടിച്ചു പോരാടിയ പോരാട്ടത്തില്‍ ആര്‍ക്കും ലക്ഷ്യംകാണാനായിരുന്നില്ല. മത്സരത്തിന്റെ 15-ാം മിനിറ്റിൽ ഇറാൻ നേടിയ ഗോൾ 'വാറി'ൽ ഓഫാണെന്ന് വ്യക്തമാകുകയും ചെയ്തു.
ആറാം മിനിറ്റിൽ ഇറാനാണ് ആദ്യമായി ഗോൾവല ലക്ഷ്യമാക്കി ഷോട്ടുതിർത്തത്. അസ്‌മോൻ തൊടുത്ത ഷോട്ട് പക്ഷെ വെയിൽസ് ഗോൾകീപ്പർ വെയിൻസ് ഹെന്നെസ്സി അനായാസം കൈയിലൊതുക്കി. 12-ാം മിനിറ്റിൽ കീഫർ മൂറിന്റെ ഷോട്ട് ഇറാൻ കീപ്പർ ഹുസൈൻ ്ഹുസൈനി കിടിലൻ സേവിലൂടെ തടയുകയും ചെയ്തു.
15-ാം മിനിറ്റിലാണ് ഗോലിസാദയിലൂടെ ഇറാന്റെ ഗോളെന്നുറപ്പിച്ച ഷൂട്ട്. എന്നാൽ, വാർ പരിശോധനയിൽ ഇറാൻ പ്രതിരോധ താരം ഓഫ്‌സൈഡാണെന്നു പിന്നീട് വ്യക്തമായി. എന്നാൽ, ഇതിനുശേഷവും ഇറാൻ മികച്ച മുന്നേറ്റങ്ങളുമായി വെയ്ൽസ് ബോക്‌സിൽ പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാൽ ഗോൾ മാത്രം അകന്നുനിന്നു. ഒന്നാം പകുതിയുടെ അവസാനം വെയിൽസിന്റെ പ്രതിരോധ താരം ജോ റോഡോണിന് മഞ്ഞകാർഡ് ലഭിക്കുകയും ചെയ്തു.
ഹാഫ് ടൈമിനുശേഷവും ഇറാന്‍ പോരാട്ടം നിര്‍ത്തിയില്ല. ആദ്യ പകുതിയില്‍ നിര്‍ത്തിയേടത്തുനിന്ന് തുടങ്ങുകയായിരുന്നു ഏഷ്യന്‍ സംഘം. വെയില്‍സിന്‍റെ ഗോള്‍ബാറ് ഒഴിഞ്ഞ സമയമുണ്ടായിരുന്നില്ല പിന്നീട്. ഇതിനിടെ, അലി ഗോലിസാദയുടെ റീബൗണ്ട് കിക്ക് വെയിൽസ് ബാറിൽ തട്ടിത്തെറിച്ചു. വലതുപോസ്റ്റിൽ തട്ടി തിരിച്ചെത്തിയ പന്ത് സർദാർ അസ്‌മോൻ വീണ്ടും വെയിൽസ് വലയിലേക്ക് തൊടുത്തെങ്കിലും ഇത്തവണ ഇടതു പോസ്റ്റിൽ തട്ടിത്തെറിച്ചു. വീണ്ടും നിരാശ!
71-ാം മിനിറ്റിൽ അഹ്മദ് നൂറുല്ലാഹിയുടെ കിടിലൻ പാസ് വെയിൽസ് പ്രതിരോധത്തിൽ തട്ടിത്തകർന്നു. 86-ാം മിനിറ്റിൽ വെയിൽസ് ഗോൾകീപ്പർ ഹെന്നിസ്സി ചുവപ്പുകണ്ട് പുറത്ത്! ലോങ്‌ബോൾ ഗോളാക്കാനുള്ള ഇറാന്റെ തരീമിയുടെ ശ്രമത്തിനിടെ ഗോൾപോസ്റ്റിനു 30 വാരയകലെ ഹെന്നിസി ഫൗൾ ചെയ്യുകയായിരുന്നു. ഇതോടെ പത്തായി ചുരുങ്ങി വെയിൽസ് പട. ആരോൺ റംസിക്കു പകരക്കാരനായാണ് പിന്നീടയ് ഗോൾകീപ്പർ സബ്സ്റ്റിറ്റിയൂട്ട് കീപ്പർ ഡാനി വാർഡ് എത്തിയത്.
Summary: FIFA World Cup 2022: Wales vs Iran match updates