പത്ത് പേരുമായി പൊരുതി വീണു; ഖത്തറിനെതിരെ ഇന്ത്യക്ക് ഒരു ഗോള്‍ തോല്‍വി
ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യക്ക് തോല്‍വി.
ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരത്തില്‍ ഖത്തറിനെതിരെ ഇന്ത്യക്ക് തോല്‍വി. ഖത്തറിൽ വെച്ച് നടന്ന മത്സരത്തിൽ പത്തു പേരുമായി പൊരുതി നിന്ന ഇന്ത്യയെ ഒരു ഗോളിനാണ് ഖത്തർ പരാജയപ്പെടുത്തിയത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ പത്ത് പേരായി ചുരുങ്ങിയ ഇന്ത്യക്ക് കൂടുതല്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നെന്ന് ആശ്വസിക്കാം. 17ആം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡിനൊപ്പം റെഡ് കാര്‍ഡും വഴങ്ങി രാഹുൽ ഭെകെ കളം വിടുകയായിരുന്നു. ഇത് ഇന്ത്യയുടെ ഒഴുക്കിനെ കാര്യമായി തന്നെ ബാധിച്ചു. ഇതിനിടയിലും ഇന്ത്യക്ക് ആഷിഖ് കുരുണിയൻ നല്ല അവസരം ഒരുക്കിയെങ്കിലും മുതലാക്കാനായില്ല. ഇടതു വിങ്ങിൽ നിന്ന് ആശിഖ് നൽകിയ ക്രോസ് മൻവീറിന് കണക്ട് ചെയ്യാനായില്ല. ഖത്തർ കീപ്പർ പന്ത് കൈവിട്ടപ്പോഴും അവസരം മുതലാക്കാൻ ഈ യുവ സ്ട്രൈക്കറിനായില്ല.
34ആം മിനുട്ടിലാണ് ഖത്തറിന്‍റെ ഗോള്‍ വരുന്നത്. ക്ലോസ് റേഞ്ചിൽ നിന്ന് അബ്ദുൽ അസീസ് ഹാതെം ആണ് ഖത്തറിന് ലീഡ് നൽകിയത്. ഇതിന് തിരിച്ചടി നൽകാൻ 44ആം മിനുട്ടിൽ ഇന്ത്യക്ക് അവസരം ലഭിച്ചെങ്കിലും ഛേത്രി നൽകിയ പാസ് സ്വീകരിച്ച മൻവീറിന്‍റെ ഷോട്ട് ഖത്തർ ഗോൾ കീപ്പര്‍ തടഞ്ഞു. രണ്ടാം പകുതിയിലും ഖത്തറിന്‍റെ ആധിപത്യമാണ് കണ്ടത്. എന്നാൽ കാര്യക്ഷമമായി കളിച്ച ഇന്ത്യന്‍ പ്രതിരോധനിര പരാജയം ഒരു ഗോളിൽ തന്നെ ഒതുക്കി. ഗോൾ കീപ്പർ ഗുർപ്രീതും ഇന്ത്യയുടെ ഡിഫൻസീവ് ലൈനും മികച്ചു നിന്നു. ആറ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 3 പോയിന്‍റ് മാത്രം നേടിയ ഇന്ത്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. 19 പോയിന്റുമായി ഖത്തർ ഒന്നാമതും. ഏഴാം തീയതി അടുത്ത മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.