നൃത്തം ചെയ്ത് ബ്രസീൽ കൊറിയയെ അപമാനിച്ചെന്ന് കീൻ;ചെകുത്താന്റെ മനസ്സുള്ളവരേ അങ്ങനെ പറയൂവെന്ന് ടിറ്റെ

ഗോൾ ആഘോഷിക്കുന്നതിനെ എതിരാളികളോടുള്ള അനാദരവായി കണ്ട് ആഘോഷങ്ങൾക്ക് ദുർവ്യാഖ്യാനം നൽകരുത്

Update: 2022-12-06 14:14 GMT
Editor : Dibin Gopan | By : Web Desk
Advertising

ദോഹ: ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ കൊറിയക്കെതിരായ എല്ലാ ഗോൾനേട്ടങ്ങളും ബ്രസീൽ ടീം ആഘോഷിച്ചത് നൃത്തം ചെയ്തായിരുന്നു. കളിയാരാധകർക്കിടയിൽ ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. മൂന്നാം ഗോൾ നേടിയ റിച്ചാർലിസൻ സഹതാരങ്ങൾക്കൊപ്പം നൃത്തം ചെയ്തതിനൊപ്പം ഡഗ് ഔട്ടിലിരുന്ന കോച്ച് ടിറ്റെയെ കൂടി അതിൽ പങ്കാളിയാക്കി.



എന്നാൽ, ഇത് എതിരാളികളായ കൊറിയൻ ടീമിനോടുള്ള അനാദരവാണെന്നും അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നുമുള്ള ആക്ഷേപവുമായി മുൻ ഐറിഷ് മിഡ്ഫീൽഡർ റോയ് കീൻ രംഗത്തുവന്നു. ''ഞാൻ കാണുന്നതിനെ എനിക്ക് വിശ്വസിക്കാനായില്ല. ഞാൻ ഒരിക്കലും ഇത്രയധികം ഡാൻസ് കണ്ടിട്ടില്ല. ഇത് എതിരാളികളോടുള്ള അനാദരവാണ്. നാല് ഗോളടിച്ചപ്പോഴും അവർ അങ്ങനെ ചെയ്തു. അതിന് പുറമെ പരിശീലകനും പങ്കാളിയായി. ഈ രീതി ഞാൻ ഇഷ്ടപ്പെടുന്നില്ല, ഇത് നല്ല രീതിയാണെന്ന് തോന്നുന്നില്ല'' കീൻ പറഞ്ഞു.

'ഗോളടിച്ച ശേഷം നൃത്തം ചെയ്ത് ആഘോഷിച്ചത് ആരെയും അപമാനിക്കാനല്ലെന്നും ടീമിന്റെയും യുവതാരങ്ങളുടെയും സന്തോഷത്തിൽ പങ്കാളികളാകുകയായിരുന്നെന്നും ടിറ്റെ മത്സരശേഷം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ടീം അംഗങ്ങളുമായുള്ള ആത്മബന്ധം തെളിയിക്കുന്നതാണ് ആ ആഘോഷപ്രകടനങ്ങൾ. എന്റെ കുട്ടികൾ യുവാക്കളാണ്. അവരുടെ ആഘോഷത്തിൽ പങ്കുചേരാനാണ് ഞാൻ ശ്രമിച്ചതെന്നും ടിറ്റെ പറഞ്ഞു.

ഗോൾ ആഘോഷിക്കുന്നതിനെ എതിരാളികളോടുള്ള അനാദരവായി കണ്ട് ആഘോഷങ്ങൾക്ക് ദുർവ്യാഖ്യാനം നൽകരുത്. ചെകുത്താന്റെ മനസ്സുള്ളവർക്കേ അങ്ങനെയൊക്കെ പറയാനാവൂ. കൊറിയൻ പരിശീലകനായ പൗളോ ബെൻറോയോട് തനിക്ക് ഏറെ ബഹുമാനമുണ്ടെന്നും ടിറ്റെ വ്യക്തമാക്കി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News